Sections

വെറും 250 രൂപയ്ക്ക് തുടങ്ങാം; നിക്ഷേപിച്ചാല്‍ ലക്ഷങ്ങള്‍ നേടാം

Thursday, Oct 20, 2022
Reported By admin
business

250 രൂപയ്ക്ക് അക്കൗണ്ട് ആരംഭിച്ചൊരാൾ മാസത്തിൽ 500 രൂപ നിക്ഷേപിച്ചാൽ വർഷത്തിൽ നിക്ഷേപിക്കേണ്ടത് 6000 രൂപ മാത്രമാണ്

 

ചെലവുകളിൽ ചെറുതായൊരു നിയന്ത്രണം വരുത്തിയാൽ മാസത്തിൽ മാന്യമായി നിക്ഷേപത്തിനുള്ള പണമായി. 500 രൂപ കയ്യിലുള്ളൊരാൾക്ക് ലക്ഷാധിപതിയാകാൻ സാധിക്കും.ജീവിതത്തിൽ മക്കളുടെ വിദ്യാഭ്യാസം, പഠന ചെലവുകൾ തന്നെ വലിയൊരു തുക വരുന്ന കാലത്ത് ഇതിന് സാധിക്കുന്ന നിക്ഷേപത്തിലേക്ക് ഈ 500 രൂപ മാസത്തിൽ മാറ്റുമ്പോൾ 2.50 ലക്ഷമാണ് കയ്യിലെത്തുന്നത്. കേന്ദ്രസർക്കാറിന്റെ പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന പ്രകാരമാണ് ഈ നേട്ടം സാധ്യമാകുന്നത്. 

2015 ലാണ് കേന്ദ്രസർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജനയിൽ ചേരാൻ സാധിക്കും. ഒരു കുട്ടിയുടെ പേരിൽ ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികൾ ഉള്ള രക്ഷിതാക്കൾക്ക് ഇതിൽ ഇളവുണ്ട്. 

സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് ആരംഭിക്കാൻ 250 രൂപയാണ് ആവശ്യം. ഇതിന് ശേഷം വർഷത്തിൽ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. 50 രൂപയുടെ ഗുണിതങ്ങളായി സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒറ്റത്തവണയായോ മാസ തവണകളായോ നിക്ഷേപം നടത്താം. അക്കൗണ്ടിൽ നിക്ഷേപം നടത്താതിരുന്നാൽ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. എന്നാൽ അക്കൗണ്ട് തിരിച്ചെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് 15 വർഷത്തിനുള്ളിൽ അവസരമുണ്ട്. 50 രൂപ പിഴയടച്ച് 250 രൂപ നിക്ഷേപിച്ചാൽ അക്കൗണ്ട് തിരികെയെടുക്കാം.

ഒക്ടോബർ- ഡിസംബർ പാദത്തിലേക്കുള്ള സുകന്യ സമൃദ്ധി യോജന നിക്ഷേപങ്ങളുടെ പലിശ മാറ്റം വരുത്തിയിട്ടില്ല. ഇതിനാൽ സുകന്യ സമൃദ്ധി യോജന നിക്ഷേപകർക്ക് 7.6 ശതമാനം പലിശ ലഭിക്കും. വർഷത്തിൽ നിക്ഷേപത്തിന്റെ പലിശ കണക്കാക്കി അക്കൗണ്ടിൽ കൂട്ടിചേർക്കും. ഈ പലിശയ്ക്ക് ആദായ നികുതി ഇളവുണ്ട്. ഇതോടൊപ്പം സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്കും ആദായ നികുതി ഇളവ് ലഭിക്കും. 

സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് കാലാവധിയാകാൻ പെൺകുട്ടിക്ക് 21 ആകണം. അല്ലെങ്കിൽ പ്രായപൂർത്തിയായ ശേഷം പെൺകുട്ടിയുടെ വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും. 10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. പിൻവലിച്ച തുക മാസ തവണകളായോ ഒറ്റത്തവണയായോ പിൻവലിക്കാം. 

250 രൂപയ്ക്ക് അക്കൗണ്ട് ആരംഭിച്ചൊരാൾ മാസത്തിൽ 500 രൂപ നിക്ഷേപിച്ചാൽ വർഷത്തിൽ നിക്ഷേപിക്കേണ്ടത് 6000 രൂപ മാത്രമാണ്. മകളുടെ പേരിൽ ഒന്നാം വയസിൽ ആരംഭിച്ച അക്കൗണ്ടിൽ അക്കൗണ്ടിൽ 22 വയസ് വരെ നിക്ഷേപിക്കാൻ സമയമുണ്ട്. ഇക്കാലത്തിനിടെ 90,000 രൂപ നിക്ഷേപിച്ച് പലിശയായി 1,64,606 രൂപയും ലഭിക്കും. ഇതു രണ്ടും ചേർത്ത് കാലാവധിയിൽ 2,54,606 രൂപ പിൻവലക്കാൻ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.