Sections

പാചകത്തില്‍ നിന്ന് തുടക്കം പിന്നെ കോമഡി ട്രാക്കിലേക്ക്...കഥാപാത്രങ്ങളില്‍ പകര്‍ന്നാട്ടം നടത്തുന്ന ആര്യയുടെ സിംപ്ലി സില്ലി തിങ്ക്‌സ്‌

Thursday, Jun 02, 2022
Reported By Jeena S Jayan
interview ,simply silly things

ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന കോമഡി വൈന്‍സ് ക്രിയേറ്റര്‍ ആണ് ആര്യ അനൂപ്.സിംപ്ലി സില്ലി തിങ്ക്‌സ് എന്ന ചാനല്‍ പേരുപോലെ സിംപിളല്ല...ആര്യയുടെ മാറി മാറി വരുന്ന ഗെറ്റപ്പുകളും, കോമഡിയും ഒക്കെക്കൂടി ഒരു സിനിമ കണ്ട ഫീലാണ് വീഡിയോകള്‍ സമ്മാനിക്കുന്നത്

 

ഭര്‍ത്താവും ഭാര്യയും അമ്മായിയും ആന്റിയും അയല്‍പക്കത്തെ പരദൂഷണക്കാരിയും ഒക്കെയായി നിമിഷ നേരം കൊണ്ട് പകര്‍ന്നാട്ടം നടത്തുന്ന പെണ്‍കുട്ടി.കേരളത്തിലെ തന്നെ പതിനായിരക്കണക്കിന് വീഡിയോ ക്രിയേറ്റര്‍മാരില്‍ ഒറ്റയ്ക്ക് കോമഡി വൈന്‍സിലൂടെ ആരാധകരെ നേരിടയെത്ത ചുരുക്കം ചില പെണ്‍കുട്ടികളിലൊരാള്‍

മലയാളത്തില്‍ അറിയപ്പെടുന്ന കോമഡി വൈന്‍സ് ക്രിയേറ്റര്‍ ആണ് ആര്യ അനൂപ്.സിംപ്ലി സില്ലി തിങ്ക്‌സ് എന്ന ചാനല്‍ പേരുപോലെ സിംപിളല്ല...ആര്യയുടെ മാറി മാറി വരുന്ന ഗെറ്റപ്പുകളും, കോമഡിയും ഒക്കെക്കൂടി ഒരു സിനിമ കണ്ട ഫീലാണ് വീഡിയോകള്‍ സമ്മാനിക്കുന്നത്..പ്രൊഫഷണല്‍ ലൈഫില്‍ എഞ്ചിനീയര്‍ ആയ ആര്യ തന്റെ വഴി തിരിച്ചറിഞ്ഞപ്പോള്‍ ആ ട്രാക്കില്‍ അങ്ങ് മിന്നിക്കുകയായിരുന്നു....കൂടുതല്‍ വിശേഷങ്ങള്‍ സിംപിളായി ആര്യ തന്നെ പറയട്ടെ....

കൊച്ചി തോപ്പുംപടി സ്വദേശിയാണ്.ചാനലിന്റെ പേര് സിംപ്ലി സില്ലി തിങ്ക്‌സ്,ഞാന്‍ പഠിച്ചത് ബിടെക് സിവില്‍ ആയിരുന്നു, അത്യാവശ്യം നല്ല മാർക്കൊടെ ആണു പാസ്സായത് . മൂന്ന് കൊല്ലത്തോളം ജോലി ചെയ്തു.പിന്നെ അത് തുടരാന്‍ സാധിച്ചില്ല.അങ്ങനെയിരിക്കെ ലോക്ക് ഡൗണ്‍ സമയത്താണ് ഈ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നത് തന്നെ.എഞ്ചിനീയറിംഗ് മേഖലയില്‍ ജോലിയൊക്കെ ചെയ്ത് മുന്നോട്ടു പോകുമെന്ന എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടാണ് ഞാന്‍ ഒരു വീഡിയോ ക്രിയേറ്റര്‍ ആയി മാറിയത്.ഒരിക്കലും സ്വപ്‌നങ്ങളിലൊന്നും ഉണ്ടായിരുന്ന വഴിയേ അല്ലിത്....


 'സിംപ്ലി സില്ലി തിങ്‌സ്'പേരും ആളും സോഷ്യല്‍മീഡിയയിലെ അറിയപ്പെടുന്നവരാണ്.ഇത്തരത്തിലുള്ള കണ്ടന്റുകള്‍ ചെയ്യാന്‍ വലിയ പ്രയാസമാണ് പ്രത്യേകിച്ചും ഒറ്റയ്ക്കും ഗെറ്റപ്പ് മാറിയും ഒക്കെ എങ്ങെനെയാണ് ഇതു തന്നെ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത് ?

ആദ്യം ഇങ്ങനെ കാണുന്ന പോലൊന്നുമല്ല ചാനല്‍ തുടങ്ങിയത്.കുക്കിംഗ് ചാനല്‍ ആയിട്ടായിരുന്നു തുടക്കം.ആര്യാസ് ടേസ്റ്റി ടേബിള്‍ എന്നായിരുന്നു ചാനലിന്റെ പേര് പോലും.തുടക്കത്തില്‍ നാല് അഞ്ച് മാസത്തോളം ഞങ്ങള്‍ കുക്കിംഗ് വീഡിയോസ് തന്നെ അപ്ലോഡ് ചെയ്ത് പോയെങ്കിലും വലിയ റീച്ചൊന്നു ഉണ്ടായിരുന്നില്ല.നിരന്തരം വീഡിയോകള്‍ക്ക് സമാനമായ സ്ഥിതി കണ്ടുവന്നതോടെയാണ് എന്തെങ്കിലും മാറി ചിന്തിക്കാം എന്നാലോചിക്കുന്നത്.പിന്നീടാണ് കണ്ടന്റ് ടൈപ്പ് വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങുന്നത്.അപ്പോഴേക്കും ചാനലിന്റെ പേര് കണ്ടന്റിന് മാച്ചാകാതെ വന്നു അങ്ങനെ പേര് മാറ്റി സിംപ്ലി സില്ലി തിങ്ക്‌സ് എന്നാക്കി.കുക്കിംഗ് വീഡിയോസുമായി താരതമ്യപ്പെടുത്തിയാല്‍ കുറച്ചുകൂടി വീഡിയോസിന് റീച്ച് കിട്ടാന്‍ തുടങ്ങി.അങ്ങനെയാണ് ഇത് തന്നെ തുടരാം എന്ന് തീരുമാനിക്കുന്നത്.

ആദ്യം കണ്ടന്റ് വീഡിയോ ചെയ്ത് തുടങ്ങുന്ന സമയത്ത് ആളുകള്‍ ഇത് സ്വീകരിക്കുമോ റീച്ചുണ്ടാകുമോ തുടങ്ങിയ സംശയങ്ങളും ചെറിയ ഭീതിയുമൊക്കെ ഉണ്ടായിരുന്നു.പ്രത്യേകിച്ച് ആണ്‍വേഷമൊക്കെ കെട്ടേണ്ടി വരുമ്പോള്‍ വലിയ മടിയുണ്ടായിരുന്നു.പിന്നെ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണ കൂടി കിട്ടിയ ബലത്തിലാണ് വീഡിയോ ചെയ്തത്.കണ്ടവരൊക്കെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു,മോശം കമന്റുകളൊന്നും വന്നുമില്ല അതെനിക്ക് ആത്മവിശ്വാസം നല്‍കി പിന്നെ അത് തന്നെ തുടരുന്നു...

വലിയ പരിശ്രമം വേണ്ടി വരുമെന്ന് ഓരോ വീഡിയോകളും കണ്ടാന്‍ നമുക്ക് മനസിലാക്കാവുന്നതെയുള്ളു.ഒരു വീഡിയോ ചിത്രീകരണത്തിനു മുന്‍പും അതിനുശേഷവുമുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്ന് പറയാമോ ?

വീഡിയോയ്ക്ക് വേണ്ടി ഒരു ദിവസം മുഴുവന്‍ നല്‍കേണ്ടി വരാറുണ്ട്.രാവിലെ മുതല്‍ വൈകിട്ട് ആറര വരെ സമയമെടുക്കാറുണ്ട് ഷൂട്ട് ചെയ്യാന്‍.തലേദിവസം ചിത്രീകരിക്കേണ്ട പശ്ചാത്തലവും കാര്യങ്ങളും ഒക്കെ സെറ്റ് ചെയ്ത് വെക്കാറുണ്ട്.പൊതുവെ ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമാകുന്നതരം വിഷയങ്ങളെടുക്കാനാണ് ശ്രദ്ധിക്കുന്നത്.കിട്ടുന്ന ആശയം ഒരു സ്‌ക്രിപ്റ്റ് പോലെ ബുക്കില്‍ എഴുതി സൂക്ഷിക്കാറുണ്ട്.അതൊറ്റ ദിവസം കൊണ്ട് ഷൂട്ട് ചെയ്‌തെടുക്കും.ഭര്‍ത്താവ് എബിയാണ് ക്യാമറ ഒക്കെ കൈകാര്യം ചെയ്യുന്നത്.പിന്നെ എഡിറ്റിഗിനും ഒരു ദിവസം വേണ്ടിവരാറുണ്ട്.പുള്ളി തന്നെയാണ് എഡിറ്ററും.ആഴ്ചയിലൊരു വീഡിയോ മാത്രമെ ചാനലിലൂടെ അപ്ലോഡ് ചെയ്യാറുണ്ട്.ആളുകള്‍ക്ക് ഇഷ്ടമാകുന്ന ക്വാളിറ്റിയുള്ള എന്‍ഗേജ്ഡ് ആക്കുന്ന തരം വീഡിയോകള്‍ മതിയെന്ന തീരുമാനത്തിലാണ് വീഡിയോ ആഴ്ചയിലൊന്നായി ചുരുക്കിയത്.

 


കോമഡി വൈന്‍സ് എന്ന് നമുക്ക് പറയാമെങ്കിലും സോഷ്യല്‍ ഇഷ്യൂസിനെയും ,നിലപാടുകളെയും വ്യക്തമായി പറഞ്ഞു വെയ്ക്കുന്ന വീഡിയോകളാണ് നിങ്ങളുടേത്.ഓരോ വീഡിയോ കണ്ടന്റുകള്‍ക്കുമുള്ള ആശയം ?

കൂടുതലും കോമഡി വൈന്‍സ് ചെയ്യാനാണ് ഇഷ്ടം,ചെയ്തിട്ടുള്ളതും അത്തരം വീഡിയോകളാണ്.ഇടയ്ക്ക് അപൂര്‍വ്വമായാണ് മറ്റുള്ള ടൈപ്പ്  വീഡിയോകളൊക്കെ ചെയ്യുന്നത്. എപ്പോഴും ചെയ്യുന്ന കോമഡി ട്രാക്കിൽ തന്നെ തുടരനാണ് താല്പര്യം പിന്നെ ഇടക്ക് റലവന്റായ കോൺടെന്റ് കിട്ടുമ്പോ സീരിയസ് മൂഡിൽ വീഡിയോ ചെയ്യാറുണ്ടെന്നേ ഉള്ളു.


വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ആരെയെങ്കിലും കാണിച്ച് അഭിപ്രായം തേടാറുണ്ടോ ? വീട്ടുകാരുടെ സഹായവും സഹകരണവും എങ്ങനെയാണ് ?

വീഡിയോ ഞങ്ങള്‍ രണ്ടാളും തന്നെയാണ് അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് കാണുന്നത്. ചെറിയ തിരുത്തലുകൾ ഒക്കെ വരുത്തും. പോസ്റ്റ്‌ ചെയ്താൽ ഉടനെ കൂട്ടുകാരും വീട്ടുകാരും ഒക്കെ കണ്ടു അഭിപ്രായം അറിയിക്കും. വീട്ടില്‍ അതിപ്പോ എന്റെ ഫാമിലിയാണെങ്കിലും ഭര്‍ത്താവിന്റെ കുടുംബമാണെങ്കിലും ഒരുപാട് പ്രോത്സാഹിപ്പിക്കാറുണ്ട്.വീഡിയോ കാണാനും അവര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്.അപ്ലോഡ് ചെയ്യാന്‍ ലേറ്റായാല്‍ എന്താ പ്രശ്‌നം ? എപ്പോൾ പോസ്റ്റ് ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്.


എപ്പോഴാണ് സ്വയം ഇത്തരത്തിലുള്ള വീഡിയോകള്‍ പബ്ലിക്കിനു മുന്നില്‍ പോസ്റ്റ് ചെയ്യാം എന്ന ആത്മവിശ്വാസം ലഭിച്ചു തുടങ്ങിയത് ? തനിക്കുള്ളില്‍ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നൊരു കോമഡി ട്രാക്കുണ്ടെന്ന് തിരിച്ചറിയാന്‍ ഇടയാക്കിയ സംഭവം ?

കോതമംഗലത്ത് മാര്‍ ബസേലിയസ് എന്ന കോളേജിലാണ് ഞാന്‍ പഠിച്ചത്.ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനമൊക്കെ ആ സമയത്ത് ഹോസ്റ്റലില്‍ നേരം പോക്കിന് ആളുകളെ ഇമിറ്റേറ്റ് ചെയ്യാറുണ്ടായിരുന്നു.പ്രധാനമായും സ്‌കൂളിലും കോളേജിലും ഒക്കെ പഠിപ്പിക്കുന്ന ടീച്ചര്‍മാരെ അനുകരിക്കലായിരുന്നു വിനോദം.റൂം മേറ്റ്‌സിന് മുന്നിലായിരുന്നു ഈ അഭിനയം ഒക്കെ.അഞ്ച് പേരായിരുന്നു റൂമില്‍ ഇവര്‍ക്ക് മാത്രമെ എന്റെ ഈ ഇമിറ്റേറ്റിംഗ് കഴിവിനെ കുറിച്ച് എന്തെങ്കിലും സൂചനയുള്ളു എന്ന് പറയുന്നതാകും ശരി.അവരൊക്കെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്തൊക്കെ ആര്യ എന്തെങ്കിലും കോമഡി കാണിക്ക് എന്നൊക്കെ ആവശ്യപ്പെടാറുണ്ടായിരുന്നു.എല്ലാവരും പൊട്ടിച്ചിരിക്കേം വലിയ കോമഡി ആണെന്നൊക്കെ പറയുകയും ചെയ്യും ഈ കംഫര്‍ട്ട് സോണിന് അപ്പുറത്ത് ഇതല്ലാതെ ഞാന്‍ സ്‌കൂളിലോ കോളേജിലോ ഒരു നാടകമോ,മോണോ ആക്ടോ ഒന്നും ചെയ്തിട്ടേയില്ല.ഗ്രൂപ്പ് ഡാന്‍സ് പോലെ ഒന്ന് രണ്ട് പരിപാടികളൊക്കെ ചെയ്തിട്ടുണ്ടെന്നല്ലാതെ ഞാന്‍ അത്ര ആക്ടീവൊന്നു ആയിട്ടുള്ള ആളായിരുന്നില്ല ആവറേജായിട്ടുള്ള കുട്ടി തന്നെയായിരുന്നു.എന്റെ ഓര്‍മ്മയില്‍ ഹോസ്റ്റല്‍ മുറിയിലല്ലാതെ ഞാന്‍ ഇത്തരത്തിലുള്ള ഒരു അഭ്യാസവും കാണിച്ചിട്ടില്ല.


ഒരുപാട് സമയം വീഡിയോ ക്രിയേഷനു വേണ്ടി മാറ്റിവെയ്‌ക്കേണ്ടി വരാറുണ്ടല്ലോ? എങ്ങനെയാണ് ജീവിതത്തിലെ മറ്റുകാര്യങ്ങളൊക്കെ ബുദ്ധിമുട്ടില്ലാതെ മാനേജ് ചെയ്യുന്നത് ?

എനിക്കൊരു കുഞ്ഞുണ്ട് മോളാണ്,വീഡിയോ എടുക്കുന്ന സമയത്ത് അവളെ എന്റെ വീട്ടിലോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടിലോ ആക്കിയിട്ടാണ് ഷൂട്ടിംഗ് ഒക്കെ.പുള്ളിക്കാരി ഒപ്പം നിന്നാല്‍ പണി നടക്കില്ല.ഷൂട്ടിംഗ് പിന്നെയും നീളും.ശരിക്കും ഫാമിലിയുടെ വലിയ സപ്പോര്‍ട്ടുള്ളതു കൊണ്ടാണ് കൃത്യമായി വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതൊക്കെ.


സോഷ്യല്‍മീഡിയ എത്രത്തോളം വീഡിയോ ക്രിയേഷനില്‍ സഹായിക്കുന്നുണ്ട് ?

നിലവില്‍ ജീവിതത്തിലെ വലിയ ഭാഗവും സോഷ്യല്‍മീഡിയയുടെ കൈകളിലാണല്ലോ.നമ്മുടെ ജീവിതത്തിലും അങ്ങനെ തന്നെ കണ്ടന്റ് ക്രിയേഷന്റെ കാര്യത്തില്‍ വലിയ സ്വാധീനം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ട്. ഒഫിഷ്യല്‍ പേജുകളില്‍ ക്ലിക്കാകാത്ത വീഡിയോകള്‍ പോലും മറ്റു പേജുകളിലൂടെ വലിയ റീച്ചായി മാറുന്നത് നിമിഷ നേരം കൊണ്ടാണ്.ചില അവസരങ്ങളില്‍ അന്തംവിട്ടു പോകും.ഞാന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ വീഡിയോസ് ഒക്കെ മിസ്സാക്കാതെ കാണാറുണ്ട്.പരമാവധി ആവര്‍ത്തിക്കാത്ത വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും എന്റേതായ വ്യത്യസ്തതകള്‍ വീഡിയോകള്‍ക്കുള്ളില്‍ ചേര്‍ക്കാനും ഒക്കെ കഴിയുന്നതും മറ്റുള്ളവരുടെ വീഡിയോസ് വീക്ഷിക്കുന്നത് കൊണ്ടാണ്.


ഒരുപാട് നാളത്തെ പരിശ്രമം കൊണ്ട് പോപ്പുലറായ ഒരു വീഡിയോ ക്രിയേറ്റര്‍ ആണ് ആര്യ.പിന്നിട്ട വഴികള്‍ ? കേട്ട ഏറ്റവും വലിയ വിമര്‍ശനം ? അത് നേരിട്ടത് എങ്ങനെ ?

ആദ്യമൊന്നും വീഡിയോ അപ്ലോഡ് ചെയ്യാന്‍ ഒരു ആത്മവിശ്വാസവുമുണ്ടായിരുന്നില്ല.ആളുകള്‍ എന്ത് പറയും എന്ന പേടിയുണ്ടായിരുന്നു ഭര്‍ത്താവിന്റെ പിന്തുണയുടെ ബലത്തിലാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.ആരുടെ ഭാഗത്ത് നിന്നും എനിക്ക് നെഗറ്റീവ് കമന്റ്‌സ് ഒന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല.പിന്നെ ചെറിയ ചെറിയ വിമര്‍ശനങ്ങളൊക്കെ അതിന്റേതായി കാര്യഗൗരവത്തോടെ കേള്‍ക്കാറുണ്ട്.വീഡിയോ ഇടാന്‍ കോണ്‍ഫിഡന്‍സ് ആദ്യ വീഡിയോയില്‍ നിന്നുകിട്ട റെസ്‌പോണ്‍സ് മാത്രം മതിയായിരുന്നു.

എനിക്ക് ഒരുപാട്സു സുഹൃത്തുക്കൾ ഉണ്ട്. ക്ലോസ് ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ അൽപ്പം ചൂസി ആണു.സ്‌കൂളിലാണെങ്കിലും കോളേജിലാണെങ്കിലും ഉള്ള സുഹൃത്തുക്കള്‍, അവരൊക്കെ വലിയ സപ്പോട്ടാണ്.വീഡിയോസ് കാണാനും ഷെയര്‍ ചെയ്യാനും അവരെന്നും മുന്‍പന്തിയിലുണ്ട്.വീഡിയോസ് ട്രെന്‍ഡിംഗാകുമ്പോഴൊക്കെ സ്റ്റാറ്റസ് ഇട്ടും ഷെയര്‍ ചെയ്തും അവര്‍ സപ്പോര്‍ട്ട് ചെയ്യുന്നതൊക്കെ ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്.

ജീവിതത്തില്‍ അപ്രതീക്ഷിതമായി വീഡിയോ ക്രിയേറ്റര്‍ ആയ ആര്യയുടെ ഓരോ വീഡിയോകളിലും നിറഞ്ഞിരിക്കുന്ന ഫ്രഷ്‌നെസ്സ് തന്നെയാണ് അവരുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനം.കൂടെ നിക്കാനും കരുത്തേകാനും ഭര്‍ത്താവും കുടുംബവും ഒക്കെയുള്ളപ്പോള്‍ ആര്യ ചിറകുകള്‍ വിരിച്ച് പറക്കുകയാണ്.....

 

യൂട്യൂബ്‌ :  https://www.youtube.com/c/SimplySillyThings  

ഇന്‍സ്റ്റഗ്രാം : https://www.instagram.com/aaryaanoop/?hl=en 

ഫെയ്‌സ്ബുക്ക് : https://www.facebook.com/simplysillythings/

 

Story hightlights :Popular Malayalam YouTuber and video creator Arya, known for his Simply silly things videos and vines. Talk to Arya Anoop about taking comedic risks, creating memorable characters, and just being yourself.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.