- Trending Now:
കൊച്ചി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ നിർമ്മിക്കുന്ന പുതിയ ഐടി ടവർ പൊളാരിസിനുള്ള [Polaris] ഭൂമിയുടെ പാട്ട കരാർ പ്രമുഖ ഐടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർമാരായ കാസ്പിയൻ ടെക്പാർക്സിന് കൈമാറി. സംസ്ഥാന വ്യവസായ-ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കുന്നത്തുനാട് എം.എൽ.എ വി. പി. സജീന്ദ്രൻ, ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചായിരുന്നു കരാർ കൈമാറ്റ ചടങ്ങ്.
150 കോടി രൂപ ചെലവിൽ 1.31 ഏക്കർ ഭൂമിയിലാണ് പുതിയ ഐടി കെട്ടിടം നിർമ്മിക്കുന്നത്. ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ, കാസ്പിയൻ ടെക്പാർക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ചാക്കോ എന്നിവർ പാട്ട കരാറിൽ ഒപ്പുവെച്ചു.
കേരളത്തെ രാജ്യത്തെ മികച്ച ഐടി, എ.ഐ ഹബ്ബാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇൻഫോപാർക്കിൽ കാസ്പിയൻ ടെക്പാർക്സ് നിർമ്മിക്കുന്ന പുതിയ ഐടി ടവർ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ്. പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ സെസ് ഇതര [Non-SEZ] മേഖലയിലാണ് 'പൊളാരിസ്' നിർമ്മിക്കുന്നത്. നിലവിൽ ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ കാസ്പിയൻ ടെക്പാർക്സിന് സെസ് ഇതര [Non-SEZ] വിഭാഗത്തിൽ രണ്ട് ഐടി കെട്ടിടങ്ങളുണ്ട്. ഇതിൽ ഒന്നിൽ പൂർണ്ണമായും എയർ ഇന്ത്യയുടെ സെന്റർ ഓഫ് ഡിജിറ്റൽ ഇനോവേഷൻ കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ കെട്ടിടത്തിൽ ഐടി കമ്പനികളും പ്രവർത്തിക്കുന്നു.
മൊത്തം 17 നിലകളിലായി 2.19 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയ ഉള്ള ഈ ടവർ പൂർത്തിയാകുന്നതോടെ ഐടി മേഖലയിൽ 1500-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രോജക്ടിനെക്കുറിച്ചുള്ള വിശദമായ പ്രസന്റേഷൻ കാസ്പിയൻ സംഘം ചടങ്ങിൽ അവതരിപ്പിച്ചു. ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐഎഎസ്, ഐടി വകുപ്പ് അഡീഷണൽ സെക്രട്ടറിയും കിറ്റ്ഫ്രാ മാനേജിംഗ് ഡയറക്ടറുമായ രാജേഷ് കുമാർ എം, ഐടി വകുപ്പ്, ഇൻഫോപാർക്ക്, കാസ്പിയൻ തുടങ്ങിയ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചിയിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് വൻ കുതിപ്പേകുന്ന ഈ പദ്ധതി, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) ഉൾപ്പടെ കൂടുതൽ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് ഇൻഫോപാർക്ക് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ ഐടി ഹബ്ബുകളായ ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി കൊച്ചി, ടെക്നോപാർക്ക് തിരുവനന്തപുരം എന്നിവടങ്ങളിൽ സാന്നിധ്യമുള്ള 'ഗ്രേഡ് എ' കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് കാസ്പിയൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.