Sections

ഇന്ത്യയിലെ വിലക്കയറ്റത്തോത് കുറഞ്ഞു, പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തി

Sunday, May 14, 2023
Reported By admin
india

വിലക്കയറ്റത്തോത് നിശ്ചയിക്കപ്പെടുന്നതിൽ മൺസൂണിന് വലിയ പ്രാധാന്യമാണുള്ളത്


രാജ്യത്ത് വിലക്കയറ്റം കുറയുന്നതായുള്ള ആശ്വാസക്കണക്കുകൾ. റീടെയിൽ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം, ഇക്കഴിഞ്ഞ ഏപ്രിലിൽ 18 മാസത്തെ താഴ്ന്ന നിലയിലെത്തി. എന്നാൽ വ്യവാസായിക ഉല്പാദനം അഞ്ച് മാസത്തെ താഴ്ന്ന നിലയിലാണ്. ഇക്കഴിഞ്ഞ മാർച്ച് മാസത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (NSO) പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ, ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള, ചില്ലറ പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ വാർഷികാടിസ്ഥാനത്തിൽ 4.7% വർധിച്ചു. തൊട്ടു മുമ്പത്തെ മാസം ഇത് 5.7% നിരക്കിലായിരുന്നു. റിസർവ് ബാങ്ക് കണക്കാക്കിയിരിക്കുന്ന പരിധിയായ 6% എന്നതിനും താഴെയാണിത്.

ഭക്ഷ്യവില സൂചിക ഇക്കഴിഞ്ഞ മാർച്ചിൽ 4.8% എന്ന നിരക്കിലായിരുന്നു. ഇത് ഏപ്രിലിൽ 3.8% എന്ന നിലയിലേക്ക് താഴ്ന്നു. നഗര മേഖലകളിലെ പണപ്പെരുപ്പം 4.9% എന്ന തോതിൽ ഉയർന്നു നിൽക്കുകയാണ്. അതേ സമയം ഗ്രാമ മേഖലകളിലെ പണപ്പെരുപ്പ നിരക്ക് 4.7% എന്ന തോതിലാണ്.

പ്രധാനപ്പെട്ട പല ഭക്ഷ്യവസ്തുക്കളുടെയും വിലയിൽ ആശ്വാസമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം എന്നിവയിലെ വിലക്കുറവാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം. ഊർജ്ജം കുറഞ്ഞ നിരക്കിൽ ലഭ്യമായതും, ധാന്യങ്ങൾ, പച്ചക്കറികൾ എന്നവയുടെ വില കുറഞ്ഞതും പണപ്പെരുപ്പത്തോത് കുറയ്ക്കാൻ സഹായിച്ചു. അതേ സമയം ധാന്യങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പേഴ്‌സണൽ കെയർ ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയുടെ വിലയിൽ കുറവുണ്ടായിട്ടില്ല.

രാജ്യത്തെ വിലക്കയറ്റത്തോത് നിശ്ചയിക്കപ്പെടുന്നതിൽ മൺസൂണിന് വലിയ പ്രാധാന്യമാണുള്ളത്. എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ മൺസൂണിന്റെ രാജ്യത്തുടനീളമുള്ള വിതരണത്തെ സ്വാധീനിച്ചേക്കാം. കാർഷിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത്തരം ഘടകങ്ങൾക്ക് പണപ്പെരുപ്പത്തിൽ അടക്കം വലിയ സ്വാധീനം സൃഷ്ടിക്കാൻ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.