Sections

ജീവനക്കാര്‍ 'മെഡിക്കല്‍ ലീവില്‍'; ഭൂരിഭാഗം വിമാനങ്ങളും വൈകി; പുലിവാലു പിടിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍

Monday, Jul 04, 2022
Reported By admin
indigo

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം ഏകദേശം 1,600 വിമാന സര്‍വീസ് നടത്തുന്നുണ്ട്. 



ജീവനക്കാരുടെ 'മെഡിക്കല്‍ ലീവ്' കാരണം പുലിവാലു പിടിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. ഭൂരിഭാഗം ജീവനക്കാരും മെഡിക്കല്‍ ലീവിലായതിനാല്‍ ഇന്‍ഡിഗോയുടെ നിരവധി സര്‍വീസുകള്‍ വൈകി. എയര്‍ ഇന്ത്യയുടെ റിക്രൂട്ടിങ് ദിവസത്തിലാണ് ഇന്‍ഡിഗോയുടെ 55 ശതമാനം ആഭ്യന്തര സര്‍വീസുകളും വൈകിയത്. അവധിയെടുത്ത ഇന്‍ഡിഗോ ജീവനക്കാര്‍ എയര്‍ ഇന്ത്യയുടെ  റിക്രൂട്ട്മെന്റ് പരീക്ഷക്ക് പോയതിനാലാണ് വിമാനങ്ങള്‍ വൈകിയതെന്നാണ് റിപ്പോര്‍ട്ട്.  

എയര്‍ ഇന്ത്യയുടെ റിക്രൂട്ട്മെന്റ് രണ്ടാം ഘട്ടമാണ് ശനിയാഴ്ച നടന്നത്. അസുഖ അവധി എടുത്ത ഇന്‍ഡിഗോയുടെ ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും റിക്രൂട്ട്‌മെന്റിന് പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം ഏകദേശം 1,600 വിമാന സര്‍വീസ് നടത്തുന്നുണ്ട്. 

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാനങ്ങളില്‍ 45.2 ശതമാനവും ശനിയാഴ്ച കൃത്യസമയത്ത് സര്‍വീസ് നടത്തി. സംഭവം പരിശോധിക്കുകയാണെന്ന് ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ പിടിഐയോട് പറഞ്ഞു. എന്നാല്‍ ഇന്‍ഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ട്വിറ്ററില്‍ പരാതി പറഞ്ഞ നിരവധി യാത്രക്കാര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.

അതേസമയം കോവിഡ് വ്യാപനഘട്ടം മുതല്‍ ഇന്‍ഡിഗോയില്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതായിരിക്കാം കൊഴിഞ്ഞുപോക്കിലേക്കും ജീവനക്കാര്‍ മറ്റ് കമ്പനികളിലേക്ക് പോകുന്ന അവസ്ഥയിലേക്കും എത്തിച്ചത്. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, വിസ്താര, ഗോ ഫസ്റ്റ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ വിമാനങ്ങളും വൈകിയിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ വൈകിയത് ഇന്‍ഡിഗോയുടെ വിമാനങ്ങളാണ്. പുതിയ വിമാനങ്ങള്‍ വാങ്ങാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഒരുങ്ങുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ പുതിയ ജീവനക്കാരെ തേടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.