Sections

ഇന്ത്യയില്‍ സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം പേരുടെ കൈയില്‍; നികുതി ചുമത്തിയാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാം

Monday, Jan 16, 2023
Reported By admin
india

2020ൽ ഇന്ത്യയിൽ 102 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്


ഇന്ത്യൻ സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈയിൽ എന്ന് റിപ്പോർട്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പകുതി ജനസംഖ്യയുടെ കൈവശം ഇരിക്കുന്നത് രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ മൂന്ന് ശതമാനം മാത്രമെന്നും ആഗോളതലത്തിൽ ദാരിദ്ര്യ നിർമാർജ്ജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ കോൺഫഡറേഷനായ ഒക്സ്ഫാമിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ പത്തുപേരുടെ മേൽ അഞ്ചുശതമാനം നികുതി ചുമത്തിയാൽ കിട്ടുന്ന പണം ഉപയോഗിച്ച് രാജ്യത്ത് സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച കുട്ടികളെ ഒന്നടങ്കം തിരികെ കൊണ്ടുവരാൻ സാധിക്കും. 2017-2021 കാലയളവിൽ ഓഹരി വിപണിയിലും മറ്റുമായി ഗൗതം അദാനിയുടെ ആസ്തിമൂല്യത്തിൽ ഉണ്ടായ വർധനയ്ക്ക് ഒറ്റത്തവണ നികുതി ചുമത്തിയാൽ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാൻ സാധിക്കും. ഇത് ഉപയോഗിച്ച് ഒരു വർഷത്തേയ്ക്ക് പ്രൈമറി സ്കൂളുകളിൽ 50 ലക്ഷത്തിലധികം അധ്യാപകരെ നിയമിക്കാൻ കഴിയുമെന്നും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.

ലിംഗ അസമത്വം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. പുരുഷന്മാർ ഒരു രൂപ സമ്പാദിക്കുമ്പോൾ സമാന ജോലിയിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് 63 പൈസയാണ് ലഭിക്കുന്നത്. ഗ്രാമീണ മേഖലയിൽ ഇതിലും മോശമാണ് സ്ഥിതി. രാജ്യത്തെ നൂറ് ശതകോടീശ്വരന്മാർക്ക് മേൽ 2.5 ശതമാനം നികുതി ചുമത്തിയാൽ ലഭിക്കുന്ന പണമോ, ഏറ്റവും സമ്പന്നരായ പത്തുപേരുടെ മേൽ അഞ്ചുശതമാനം നികുതി ചുമത്തിയാൽ ലഭിക്കുന്ന പണമോ ഉപയോഗിച്ച് സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച മുഴുവൻ കുട്ടികളെയും തിരികെ സ്കൂളുകളിൽ എത്തിക്കാൻ സാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2020ൽ ഇന്ത്യയിൽ 102 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിക്കിടെ ഇത് 166 ആയി വർധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.