Sections

വിശാഖപട്ടണത്ത് അഡ്വാൻസ്ഡ് കാൻസർ കെയർ ബ്ലോക്കിന് ഐസിഐസിഐ ബാങ്കും ടാറ്റ മെമ്മോറിയൽ സെന്ററും ചേർന്ന് തറക്കല്ലിട്ടു

Friday, Jun 13, 2025
Reported By Admin
ICICI Bank Partners with Tata Memorial Centre for ₹550 Cr Pediatric Cancer Block in Visakhapatnam

കൊച്ചി: ടാറ്റ മെമ്മോറിയൽ സെന്ററുമായി (ടിഎംസി) സഹകരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ (എച്ച്ബിസിഎച്ച്ആർസി) സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി 550 കോടിയിലധികം ചെലവ് വരുന്ന 3.9 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആധുനിക സമുച്ചയ നിർമ്മാണത്തിനാണ് ബാങ്ക് ധനസഹായം നൽകുന്നത്.

ഐസിഐസിഐ ഫൗണ്ടേഷൻ ബ്ലോക്ക് ഫോർ ചൈൽഡ് ആൻഡ് ബ്ലഡ് കാൻസർ വിഭാഗത്തിനായി എട്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ പ്രതിവർഷം 3,000 രോഗികൾക്ക് സേവനം ലഭ്യമാക്കും. നിലവിൽ ഇവിടെ എച്ച്ബിസിഎച്ച്ആർസിക്ക് പ്രതിവർഷം 6,200 രോഗികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.

ഇന്ത്യയിലെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യലൈസ്ഡ് കാൻസർ സൗകര്യങ്ങളിൽ ഒന്നായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ കെട്ടിടത്തിൽ 2027 ഓടെ നിർമ്മാണം പൂർത്തിയകുമ്പോൾ 215 ലധികം കിടക്കകൾ ഉണ്ടായിരിക്കും. ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷൻ ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് ഇതിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കും.

ഐസിഐസിഐ ബാങ്ക് ചെയർമാൻ പ്രദീപ് കുമാർ സിൻഹ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് ബത്ര, മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്റർ ഡയറക്ടർ ഡോ. സുദീപ് ഗുപ്ത എന്നിവരും ചടങ്ങിൽ സന്നിഹിതരായരുന്നു. ഇതോടൊപ്പം എൻ.കെ. റാവു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും പ്രദീപ് കുമാർ സിൻഹ നിർവ്വഹിച്ചു. പുതിയ ഓഡിറ്റോറിയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഐസിഐസിഐ ഫൗണ്ടേഷൻ ടിഎംസിക്ക് ലഭ്യമാക്കി.

രാജ്യത്തെ ആരോഗ്യ സംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ഐസിഐസിഐ ബാങ്കിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി കാൻസർ പരിചരണത്തിനായുള്ള ദൗത്യത്തിൽ ടാറ്റ മെമ്മോറിയൽ സെന്ററുമായി പങ്കാളിയാകാൻ കഴിയുന്നതിൽ ബാങ്കിന് അഭിമാനമുണ്ട്. ആവശ്യമുള്ളവർക്ക് മികച്ച വൈദ്യസഹായം സാധ്യമാക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി. കുട്ടികളിലെ രക്താർബുദ ചികിത്സക്കായുള്ള ഈ പദ്ധതി ആന്ധ്രാപ്രദേശിനും സമീപ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും സേവനം ലഭ്യമാക്കും. ഇത് കാൻസർ ചികിത്സ രംഗത്തെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കാൻ സഹായിക്കുമെന്നും ഐസിഐസിഐ ബാങ്ക് ചെയർമാൻ പ്രദീപ് കുമാർ സിൻഹ പറഞ്ഞു.

ആരോഗ്യ സംരക്ഷണം ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആർ പദ്ധതികളിലെ മുഖ്യഘടകമാണ്. രണ്ട് വർഷം മുമ്പാണ് ടാറ്റ മെമ്മോറിയൽ സെന്ററുമായുള്ള പങ്കാളിത്തം ബാങ്ക് ആരംഭിച്ചത്. വിശാഖപട്ടണം, നവി മുംബൈ, ന്യൂ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ടിഎംസിയുടെ കേന്ദ്രങ്ങളിൽ മൂന്ന് പുതിയ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിന് 1,200 കോടി രൂപ സഹായം ലഭ്യമാക്കിയിരുന്നു. ടിഎംസിയുടെ ആവശ്യങ്ങൾ മനസിലാക്കി 1,800 കോടി രൂപയുടെ സഹായം കൂടി ലഭ്യമാക്കുന്നതിൽ ബാങ്കിന് സന്തോഷമുണ്ടെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് ബത്ര പറഞ്ഞു. മൊത്തം 10.7 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പുതിയ ബ്ലോക്കുകൾ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും ഗവേഷണ വിഭാഗങ്ങളും കൊണ്ട് സജ്ജീകരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ ബ്ലോക്കുകൾ ഒരുമിച്ച് 19 എൽഐഎൻഎസികളും 555 കിടക്കകളും ഉൾക്കൊള്ളുന്നതാണെന്നും സന്ദീപ് ബത്ര കൂട്ടിച്ചേർത്തു.

ഈ മേഖലയിലെ കാൻസർ ചികിത്സയുടെയും പീഡിയാട്രിക്, ഹീമറ്റോലിംഫോയ്ഡ് കാൻസറുകളുടെയും ചികിത്സാരംഗത്ത് ഗണ്യമായ സംഭാവന നൽകുന്ന ഐസിഐസിഐ ഫൗണ്ടേഷനോടും ടിഎംസിയോടും തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. ഉമേഷ് മഹന്ത്ഷെട്ടി പറഞ്ഞു. കാൻസർ ചികിത്സാരംഗത്ത് മികച്ച പരിചരണം നൽകുന്നതിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് ഐസിഐസിഐ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗനിർണയം, വിലയിരുത്തൽ, ചികിത്സ, രക്ത കേന്ദ്രം, പോഷകാഹാരം, പുനരധിവാസം തുടങ്ങിയ പിന്തുണാ സേവനങ്ങളിലും വൈദഗ്ധ്യത്തിലും പീഡിയാട്രിക് ആൻഡ് ഹീമറ്റോലിംഫോയ്ഡ് കാൻസറുകൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കഴിഞ്ഞ 3 വർഷത്തിനിടെ എച്ച്ബിസിഎച്ച്ആർസി വിശാഖപട്ടണത്ത് നിലവിൽ ഏകദേശം 200 പുതിയ പീഡിയാട്രിക് കാൻസറും 350-400 ഹീമറ്റോലിംഫോയ്ഡ് കാൻസർ രോഗികളും രജിസ്റ്റർ ചെയ്യുന്നുണ്ട്. പുതിയ ബ്ലോക്ക് കൂടി പൂർത്തിയാകുന്നതോടെ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ചികിത്സാ പദ്ധതിയുടെ വിപുലീകരണം ഉൾപ്പെടെ നിലവിലുള്ള സേവനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കാനും ഇമ്മ്യൂണോതെറാപ്പി ആരംഭിക്കാനും ടിഎംസിക്ക് കഴിയുമെന്ന് മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓങ്കോളജി പ്രൊഫസറും മേധാവിയുമായ ഡോ. ഗിരീഷ് ചിന്നസ്വാമി പറഞ്ഞു.

വിശാഖപട്ടണം ആശുപത്രിയ്ക്കായി ഐസിഐസിഐ ബാങ്ക് നൽകുന്ന 550 കോടി രൂപയുടെ സഹായം, മൊത്തമുള്ള 1,800 കോടി രൂപയുടെ സംഭാവനയുടെ ഭാഗമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.