- Trending Now:
തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്സ്പോ വിസ്മയമാകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻറെ നേതൃത്വത്തിൽ ഡിസംബർ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിൽ നടക്കുന്ന ഹഡിൽ ഗ്ലോബൽ 2025 നോടനുബന്ധിച്ചാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ മേഖലകളിലെ നൂറോളം സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ എക്സ്പോയിലുണ്ട്. ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകർക്ക് മികച്ച സ്റ്റാർട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോയിൽ അവസരമുണ്ട്.
എഡ്യൂടെക്, ഓഗ്മെൻറഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ഫിൻടെക്, ലൈഫ് സയൻസ്, സ്പേസ്ടെക്, ഹെൽത്ത്ടെക്, ബ്ലോക്ക് ചെയ്ൻ, ഐഒടി, ഇ - ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് / മെഷീൻ ലേണിംഗ്, എആർ/വിആർ, ഐഒടി, ഗ്രീൻടെക്, എന്നിവയുൾപ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾ എക്സ്പോയുടെ ഭാഗമാണ്. ഹ്യൂമനോയിഡ് റോബോട്ടുകൾ, ഓട്ടോണമസ് ഡ്രോണുകൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ, ഊർജ്ജം ലാഭിക്കാൻ സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങൾ തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. ഇ-ഗവേണൻസുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് ഉത്പന്നങ്ങളും സേവനങ്ങളും എക്സ്പോയുടെ പ്രത്യേകതയാണ്.
പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്റ്റാർട്ടപ്പുകൾ നിർമ്മിച്ച നൂതന മാലിന്യ സംസ്കരണ സംവിധാനങ്ങൾ, അഗ്നി സുരക്ഷാ ഉപകരണങ്ങൾ, പുതുതലമുറ റോബോട്ടിക്സ് സൊല്യൂഷനുകൾ, ശാസ്ത്രത്തിലും ഗണിതത്തിലും വിദ്യാർത്ഥികളെ ശാക്തീകരിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ തുടങ്ങിയവയും എക്സ്പോയെ ശ്രദ്ധേയമാക്കുന്നു. സ്റ്റാർട്ടപ്പുകൾക്കൊപ്പം സർക്കാർ ഗവേഷണ വികസന സ്ഥാപനങ്ങളും ഇൻകുബേഷൻ സെൻററുകളും എക്സ്പോയിലുണ്ട്. കാർഷിക സംസ്കരണം, സമുദ്ര സാങ്കേതികവിദ്യ, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിലെ അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളുടെ പ്രദർശനത്തിനും എക്സ്പോ വേദിയാണ്.
സോഷ്യൽ നെറ്റ് വർക്കിംഗ് പ്ലാറ്റ് ഫോമായ 'ക്ലിക്കിൻ', 'ഫ്യൂച്ചർമഗ്' സ്റ്റാർട്ടപ്പിൻറെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ ഒരുമിച്ച് ഇൻറർവ്യൂവും ഫോൺകാളും ചെയ്യാൻ സഹായകമായ ഏജൻറിക് എഐ സംവിധാനം, ചെറുകിട സംരംഭകർക്കും ബിസിനസ് എളുപ്പത്തിൽ ചെയ്യാൻ സഹായകമാകുന്ന വെബ് ആപ്ലിക്കേഷൻ നല്കുന്ന വെബ്ഈസ് സ്റ്റാർട്ടപ്പ് എന്നിവ എക്സ്പോയിലുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വഴിപാട് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും സാധ്യമാക്കുന്ന ടെമ്പിൾ മാനേജ്മെൻറ് സോഫ്റ്റ്വെയർ നല്കുന്ന 'ഇനിറ്റ് സൊല്യൂഷൻസ്', വ്യാവസായികാടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്യാൻ സഹായിക്കുന്ന പിക്ക് ആൻറ് പ്ലേസ് റോബോട്ടും രാത്രി സമയങ്ങളിൽ അപകടം കുറയ്ക്കുന്നതിനായി വാഹനങ്ങളുടെ സെൻസേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലെൻസും അവതരിപ്പിക്കുന്ന 'സിസി റോബോട്ടിക്സ്', കൈയുടെ ചലനത്തിലെ വ്യത്യാസങ്ങൾക്കനുസരിച്ച് കർണാടിക് രാഗങ്ങൾ കേൾപ്പിക്കുന്ന 'രാഗനോവ' ഉപകരണം പ്രദർശിപ്പിച്ചിട്ടുള്ള 'എയ്റോ' സ്റ്റാർട്ടപ്പ്, ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പുകളായ ലൂക്ക ഹെൽത്ത്കെയർ, ക്ലൗഡ് അക്സിലറേറ്റർ നല്കുന്ന ടെക്ബ്രെയിൻ സ്റ്റാർട്ടപ്പ്, ഡ്രോൺ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഫ്യൂസ് ലേജ്, വേവ്ലെറ്റ് ടെക്നോളജീസിൻറെ ഇൻററാക്ടീവ് ടെസ്ക്ടോപ്പ് റോബോട്ട്, എച്ച്ആർ പ്ലാറ്റ് ഫോമായ 'കീവർക്ക്', കേരളത്തിലാദ്യമായി 24 മണിക്കൂറും മാനസികാരോഗ്യ മേഖലയിൽ ഓൺലൈൻ കൺസൾട്ടേഷൻ സാധ്യമാക്കുന്ന 'ഒപ്പം' സ്റ്റാർട്ടപ്പ്, ബാൻഡിക്കൂട്ട്, ജി-ഗെയ്റ്റർ എന്നിവയുമായി ജെൻ റോബോട്ടിക്സ്, ബഹിരാകാശ ഗവേഷണ മേഖലയിൽ നൂതന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഹെക്സ് 20, തുറമുഖ-റെയിൽ ചരക്കുനീക്കങ്ങളിലെ സമയം ലാഭിക്കാനും ഉത്പന്നങ്ങളുടെ ഗുണമേൻമ തിരിച്ചറിയാനും സഹായകമായ ആട്ടോമേറ്റഡ് എഐ ക്യാമറ സൊല്യൂഷൻ നല്കുന്ന സ്റ്റാർട്ടപ്പ് തുടങ്ങിയവയുടെ സ്റ്റാളുകൾ വ്യത്യസ്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.