Sections

ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമത്തിന് ഡിസംബർ 12 ന് കോവളത്ത് തുടക്കം

Thursday, Dec 11, 2025
Reported By Admin
Huddle Global 2025 Begins in Kovalam on December 12

  • ഡിസംബർ 14 ന് 'കേരള ഫ്യൂച്ചർ ഫോറ'ത്തിൽ മുഖ്യമന്ത്രി സംവദിക്കും
  • ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ ആദ്യദിവസം പങ്കെടുക്കും

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിൻറെ ഏഴാം പതിപ്പിന് ഡിസംബർ 12 ന് കോവളത്ത് തിരിതെളിയും. കേരള സ്റ്റാർട്ടപ്പ് മിഷൻറെ നേതൃത്വത്തിൽ ഡിസംബർ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് പരിപാടി. രാജ്യത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ കേരളത്തിൻറെ നേതൃപരമായ പങ്കിൻറെ നേർച്ചിത്രം തുറന്നു കാട്ടുന്ന ഒന്നാണ് 'ഹഡിൽ ഗ്ലോബൽ 2025'.

ഡിസംബർ 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ 'വിഷണറി ടോക്ക്' നടത്തും. 'ദി കേരള ഫ്യൂച്ചർ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റർ' എന്ന സെഷനിൽ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാർട്ണേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി സന്നിഹിതനാകും.

ഡിസംബർ 12 ന് നടക്കുന്ന 'ലീഡർഷിപ്പ് ടോക്കിൽ' സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ 'വിഷൻ 2031' മായി ബന്ധപ്പെട്ട് ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ കാഴ്ചപ്പാടുകൾ പങ്കിടും. രാവിലെ 10.20 ന് കേരളത്തിൻറെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കും. കേരളത്തിൻറെ ഗവേഷണ-നവീകരണ സമ്പദ് വ്യവസ്ഥയ്ക്കായുള്ള ഭാവി പദ്ധതികളെക്കുറിച്ച് ഉച്ചയ്ക്ക് 2.45 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിശദീകരിക്കും. നിയമ, വ്യവസായ, കയർ മന്ത്രി പി. രാജീവ് വൈകുന്നേരം 4.25 ന് കേരളത്തിൻറെ വ്യവസായമേഖലയിലെ വളർച്ചാസാധ്യതകളെക്കുറിച്ചും പുത്തൻ ആശയങ്ങളെക്കുറിച്ചും സംസാരിക്കും.

സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ഇത്തവണത്തെ ഹഡിൽ ഗ്ലോബൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് പരിപാടി സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിർവചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാർട്ടപ്പുകൾക്ക് അപാരസാധ്യതകളാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്.

ആദ്യദിവസം സംസ്ഥാന ഇലക്ട്രോണിക്സ് -ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പ്രഭാഷകനാകും.

'അതിർത്തികളില്ലാത്ത നൂതനാശയങ്ങൾ: ആഗോള സ്വാധീനത്തിനായുള്ള ഇന്ത്യ-ജർമ്മനി പങ്കാളിത്തം കെട്ടിപ്പടുക്കൽ' എന്ന വിഷയത്തിൽ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ സംസാരിക്കും. 'നല്ലൊരു നാളെയ്ക്കായി സംരംഭകരും ഉദ്യോഗസ്ഥരും ഒരുമിച്ച് കൂടുന്നു' എന്ന വിഷയത്തിൽ കെഎസ്യുഎം സിഇഒ അനൂപ് അംബിക സംസാരിക്കും. 'മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ കേരളം എന്തുകൊണ്ട് ആഭ്യന്തര സമ്പത്ത് വളർത്തണം' എന്ന വിഷയത്തിലെ ചർച്ചയിൽ സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു സംസാരിക്കും.

ഡിസംബർ 14 ന് നടക്കുന്ന 'ദി കേരള ഫ്യൂച്ചർ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റർ' സെഷനിൽ മുഖ്യമന്ത്രിയ്ക്കൊപ്പം ദുബായ് സെൻറർ ഓഫ് എഐ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഫലാസി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ, സംസ്ഥാന സ്പെഷ്യൽ സെക്രട്ടറി (ഇലക്ട്രോണിക്സ് & ഐടി) സീറാം സാംബശിവ റാവു, കെഎസ്യുഎം സിഇഒ അനൂപ് അംബിക, പോളി ജൂനിയർ പിക്ചേഴ്സിൻറെ സ്ഥാപകനും നടനും സിആർഎവിയുടെ സഹസ്ഥാപകനുമായ നിവിൻ പോളി എന്നിവർ പങ്കെടുക്കും.

'കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ പരിണാമവും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ കേന്ദ്ര ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന ഇലക്ട്രോണിക്സ് ആൻറ് ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ, കേരള ഡിജിറ്റൽ സയൻസസ് മുൻ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ്, അനലിറ്റിക്സ് ലീഡർ തപൻ രായഗുരു, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മുൻ ചെയർമാൻ പി.എച്ച്. കുര്യൻ, കേരള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവർ പങ്കെടുക്കും. കെഎസ്യുഎം സിഇഒ അനൂപ് അംബിക മോഡറേറ്ററാകും.

ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) യിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ 'രാഷ്ട്രനിർമ്മാണത്തിലേക്കുള്ള ഒരു ബഹിരാകാശ യാത്രികൻറെ മനോഭാവം വികസിപ്പിക്കൽ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

രണ്ടാം ദിവസം അദാനി പോർട്സ് സിഇഒ പ്രദീപ് ജയരാമൻ, വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് സിഇഒ ശ്രീകുമാർ കെ. നായർ, ട്രാൻസ്വേൾഡ് ചെയർമാൻ രമേശ് രാമകൃഷ്ണൻ, ഷിപ്പ്റോക്കറ്റിൻറെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ പ്രഫുൽ പോദ്ദർ എന്നിവർ 'കപ്പലുകൾ, തീരങ്ങൾ, വിതരണ ശൃംഖലകൾ - മാരിടൈം ഇന്നവേഷൻസിലെ കേരളത്തിൻറെ വലിയ അവസരം' എന്ന സെഷനിൽ പങ്കെടുക്കും. ആമസോണിൻറെ മുൻ വൈസ് പ്രസിഡൻറും സപ്ലൈ ചെയിൻ കൺസൾട്ടൻറും ബോർഡ് ഉപദേഷ്ടാവുമായ അഖിൽ സക്സേന മോഡറേറ്റർ ആയിരിക്കും.

അവസാന ദിവസം 'ബിസിനസ് ബിയോണ്ട് ബോർഡേഴ്സ്' എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ കോൺസൽ ജനറൽ ഓഫ് ഫിൻലൻറ് ഇൻ മുംബൈ എറിക് അഫ് ഹാൾസ്ട്രോം, ട്രേഡ് കമ്മീഷണർ അഡ്വാൻഡേജ് ആസ്ട്രിയ ഹാൻസ് ഹോർട്ട്നാഗൽ, ഇന്ത്യയിലെ സ്വിസ്നെക്സ് സിഇഒയും കോൺസൽ ജനറലുമായ ഡോ. ആഞ്ചല ഹോനെഗർ, ബെംഗളൂരുവിലെ കാനഡ കോൺസുലേറ്റ് ജനറൽ മാർട്ടിൻ ബാരറ്റ് എന്നിവർ പങ്കെടുക്കും. ന്യൂ സൗത്ത് വെയിൽസ് ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ ലിമിറ്റഡിൻറെ നാഷണൽ അസോസിയേറ്റ് ചെയർ പ്രസിഡൻറ് ഇർഫാൻ മാലിക് മോഡറേറ്ററായിരിക്കും.

ഡിസംബർ 14 ന് വൈകുന്നേരം 4.15 ന് നടക്കുന്ന ഹഡിൽ ഗ്ലോബൽ സമാപന ചടങ്ങിൽ കെഎസ്യുഎം സിഇഒ അനൂപ് അംബിക, മെയ്റ്റി സ്റ്റാർട്ടപ്പ് ഹബ്ബ് സിഇഒയും ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം ഡയറക്ടറുമായ ഡോ. പനീർസെൽവം മദനഗോപാൽ, ബെംഗളൂരുവിലെ സി-ഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് ഡി സുദർശൻ എന്നിവർ പ്രഭാഷകരായിരിക്കും.

പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികൾ ഇത്തവണത്തെ ഹഡിൽ ഗ്ലോബലിൻറെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാർട്ടപ്പ് സംഗമത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാർട്ടപ്പുകൾ, 100 ഏയ്ഞ്ചൽ നിക്ഷേപകർ, നൂറിലധികം മെൻറർമാർ, ഇരുന്നൂറിലധികം എച്ച്എൻഐ കൾ, നൂറിലധികം കോർപറേറ്റുകൾ, നൂറ്റമ്പതിലധികം പ്രഭാഷകർ, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർട്ടപ്പുകൾക്ക് നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെൻറർഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡിൽ ഗ്ലോബൽ 2025 മാറും.

ഹഡിൽ ഗ്ലോബലിൻറെ ഭാഗമായുള്ള സ്റ്റാർട്ടപ്പ് എക്സ്പോയിൽ എഡ്യൂടെക്, ഹെൽത്ത്ടെക്, ഫിൻടെക്, ലൈഫ് സയൻസസ്, സ്പേസ്ടെക്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയിൻ, റോബോട്ടിക്സ്,എആർ/വിആർ, ഗ്രീൻടെക്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ നൂതന ഉൽപ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കും. ഹ്യൂമനോയിഡ് റോബോട്ടുകൾ, ഓട്ടോണമസ് ഡ്രോണുകൾ, സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയും എക്സ്പോയിൽ പ്രദർശിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: www.huddleglobal.co.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.