Sections

കേരള ബജറ്റിലെ നിര്‍ദേശങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

Saturday, Mar 12, 2022
Reported By Admin
family

കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഗുണപ്രദമായ നിരവധി നിര്‍ദ്ദേശങ്ങള്‍ കേരള ബജറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്


എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയുള്ള ബജറ്റ് ആണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്. കൃഷി, വിവര സാങ്കേതിക വിദ്യ, ഉന്നത വിദ്യാഭ്യാസം, വ്യവസായ പാര്‍ക്കുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള സഹായം തുടങ്ങി എല്ലാ മേഖലകളെയും ബജറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഗുണപ്രദമായ നിരവധി നിര്‍ദ്ദേശങ്ങള്‍ കേരള ബജറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാല്‍ വ്യക്തികളെയും കുടുംബത്തെയും ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് ഭൂരിഭാഗം പേരും മുന്‍ഗണന നല്‍കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വിലക്കയറ്റം

ഇന്നലത്തെ ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ കേരളം പണം വകയിരുത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കയറ്റം ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാലാണ് വിലക്കയറ്റം തടയുവാനുള്ള സര്‍ക്കാരിന്റെ നടപടി. എന്നാല്‍ എങ്ങനെ ഇത് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

നികുതി 

ഭൂ നികുതി  നിരക്കുകള്‍ വര്‍ധിപ്പിച്ച പ്രഖ്യാപനം  സാധാരണക്കാരന്റെ പോക്കറ്റ് കൂടുതല്‍ ചോര്‍ത്തും. എന്നാല്‍ ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചാല്‍ പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലമെടുപ്പ് നടത്തുമ്പോള്‍  ജനങ്ങള്‍ക്കു കൂടുതല്‍  പണം നഷ്ടപരിഹാരമായി  ലഭിക്കും.

വൈദ്യുതി നിരക്ക് 

വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും എന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍, അത് കുടുംബ  ബജറ്റുകളിലെ വൈദ്യുതി നിരക്കുകള്‍ കുറയ്ക്കുവാന്‍ ഇടയാക്കും. 

ഇരുചക്ര വാഹന വില ഉയരും

രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റ തവണ മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചത് മൂലം ഇവയുടെ വില ഉയരും. പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം കൂട്ടി. മോട്ടോര്‍ വാഹന നികുതി കുടിശിക അടയ്ക്കുന്നതിനുള്ള ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും. 

വര്‍ക് നിയര്‍ ഹോം 

അഭ്യസ്തരായ വീട്ടമ്മമാര്‍ക്ക്  'വര്‍ക്ക് നിയര്‍ ഹോം' പ്രോത്സാഹിപ്പിക്കുന്നതിന് 50 കോടി നീക്കിവച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കുകയാണെങ്കില്‍ വീട്ടില്‍ നിന്നും അധികം യാത്ര ചെയ്യാതെ അല്ലെങ്കില്‍ മറ്റൊരു നഗരത്തില്‍ പോയി ജീവിക്കാതെ ജോലി ചെയ്യുവാനുള്ള അവസരം ഉണ്ടാകും. ശമ്പളം കുറവാണെങ്കില്‍ കൂടി വീടിനടുത്തുള്ള ജോലി സൗകര്യം മൂലം നല്ലൊരു തുക കുടുംബ ബജറ്റില്‍ മിച്ചം പിടിക്കുവാന്‍ സാധിക്കും. 

തൊഴില്‍ 

5 ജി സൗകര്യങ്ങള്‍ കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കും എന്ന പ്രഖ്യാപനം നടപ്പിലായാല്‍ അത് പഠനം, ജോലി,ബിസിനസ്, ബാങ്കിങ്  തുടങ്ങി എല്ലാ മേഖലയിലും ഉണര്‍വുണ്ടാക്കും.  ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടപ്പിലായാല്‍, അഭ്യസ്തവിദ്യരായ ഒരുപാടുപേര്‍ക്കു തൊഴില്‍ ലഭിക്കും. 

വിദ്യാഭ്യാസം 

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്നത്തെ ബജറ്റില്‍ സൂചനകളുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളില്‍ അല്ലെങ്കില്‍ വിദേശത്തു പോയി പഠിക്കുവാന്‍ ലക്ഷങ്ങള്‍ ചിലവാക്കണമെങ്കില്‍ ഇനി കേരളത്തില്‍ കുറഞ്ഞ ഫീസില്‍ അതേ  നിലവാരത്തില്‍  പഠിക്കുവാനുള്ള അവസരമാണ് ഇത് നന്നായി നടപ്പിലാക്കിയാല്‍  ഉണ്ടാകുക. അതുപോലെ സ്റ്റാര്‍ട്ട് അപ്പ് പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന നയം മൂലം കൂടുതല്‍ വ്യക്തികള്‍ക്ക് തൊഴില്‍ ലഭിക്കും.

സംരംഭങ്ങള്‍

ഒരു കുടുംബം, ഒരു സംരംഭം പദ്ധതിക്ക് 7 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അത് നടപ്പിലായാല്‍ ഒരുപാട് കുടുംബങ്ങളുടെ  വരുമാനമുയരും.സ്ത്രീകളുടെ ചെറുകിട സംരംഭങ്ങള്‍ക്ക് സഹായം എന്ന രീതിയിലുള്ള പിന്തുണ ബജറ്റില്‍ ഉണ്ടായില്ല. അതുപോലെ ക്ഷേമപെന്‍ഷനുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. 
 
കര്‍ഷകര്‍

കാര്‍ഷിക വിപണികള്‍ എല്ലാ പഞ്ചായത്തുകളിലും വരുന്നത് മൂലം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്  കൂടുതല്‍ പണം ലഭിക്കും. ഇടനിലക്കാരുടെ സഹായമില്ലാതെ വരുമാനം കൂട്ടുവാന്‍ ഇത് കര്‍ഷകരെ സഹായിക്കും. തോട്ടഭൂമിയില്‍ പുതിയ വിളകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പ്രോത്സാഹനവും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തും. റബറിന് 500 കോടി രൂപ നീക്കി വച്ചതു റബര്‍ ബില്‍ നടപ്പിലാക്കുമെന്ന് ഭയപ്പെട്ടിരുന്ന  കര്‍ഷകര്‍ക്ക് സഹായകരമാകും. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ട്. അഗ്രി ടെക് ഫെസിലിറ്റി സെന്ററിനായി 175 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നെല്ലിനും, കശുവണ്ടിക്കും, കൈത്തറിക്കും തുക വകയിരുത്തിയിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.