Sections

fifa worldcup 2022 : 2022 ഖത്തർ ലോകകപ്പിലൂടെ ഫിഫയ്ക്ക് എത്ര വരുമാനം കിട്ടി? 

Monday, Dec 19, 2022
Reported By admin
world cup

ഇത് 2018 ലെ ലോകകപ്പിൽ റഷ്യ നേടിയതിനേക്കാൾ 1 ബില്യൺ ഡോളർ കൂടുതലാണ്


ഒടുവിൽ, ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് 2022 പര്യവസാനിച്ചു. ഫ്രാൻസുമായുള്ള ഐതിഹാസിക പോരാട്ടത്തിൽ അർജന്റീന ജയിച്ചുകയറി. അർജന്റീനയുടെ ലയണൽ മെസ്സിയുടെയും ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയുടെയും ഐതിഹാസിക പ്രകടനമാണ് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.

കാശുവാരി ഫിഫ

വർഷങ്ങളുടെ തയ്യാറെടുപ്പുകളും, നിക്ഷേപങ്ങളും ആവശ്യമായ ടൂർണമെന്റിലൂടെ ഫിഫ സമാഹരിച്ചത് റെക്കോർഡ് വരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട വാണിജ്യ ഇടപാടുകളിലൂടെ മാത്രം ഫിഫ നേടിയ വരുമാനം ഏകദേശം 7.5 ബില്യൺ ഡോളറാണ്. ഇത് 2018 ലെ ലോകകപ്പിൽ റഷ്യ നേടിയതിനേക്കാൾ 1 ബില്യൺ ഡോളർ കൂടുതലാണ്. 2022ലെ ലോകകപ്പ് വരെയുള്ള നാല് വർഷ കാലയളവിൽ വേൾഡ് കപ്പിനായി ഫിഫ പ്രതീക്ഷിച്ച വരുമാന ബഡ്ജറ്റ് ഏകദേശം 4.7 ബില്യൺ ഡോളറായിരുന്നുവെന്നാണ് കണക്ക്.

വരുമാനം എവിടെനിന്നൊക്കെ?

ടെലിവിഷൻ സംപ്രേഷണാവകാശം, മാർക്കറ്റിംഗ് റൈറ്റ്സ്, ടിക്കറ്റ് വിൽപ്പന എന്നിവയായിരുന്നു പ്രധാന വരുമാന സ്രോതസ്സുകൾ. ലൈസൻസിംഗ് റൈറ്റ്സ്, ഹോസ്പിറ്റാലിറ്റി റൈറ്റ്സ് എന്നിവയിലൂടെയും മികച്ച വരുമാനം സമാഹരിക്കാൻ സാധിച്ചു. 29 ശതമാനം മാർക്കറ്റ് റൈറ്റ്സ് അടക്കം ആകെ സമാഹരിച്ച വരുമാനത്തിൽ 56 ശതമാനവും ലഭിച്ചത് ടെലിവിഷൻ സംപ്രേഷണത്തിലൂടെയാണ്.

2018ൽ റഷ്യയിൽ നടന്ന ലോകകപ്പിനെ അപേക്ഷിച്ച്, ഖത്തറിലെ മത്സര ടിക്കറ്റുകൾക്ക് 40 ശതമാനം വില കൂടുതലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഫൈനൽ മത്സരത്തിൽ നിന്നുള്ള ആകെ ടിക്കറ്റ് വരുമാനം ഏകദേശം 1 ബില്യൺ ഡോളറാണെന്നാണ് കണക്ക്. ടൂർണമെന്റ് മുഴുവൻ ദോഹ കേന്ദ്രീകരിച്ച് നടത്തിയതിനാൽ യാത്ര, അധിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ചെലവ് ഫിഫയ്ക്ക് ലാഭിക്കാനായി. ലോകകപ്പ് നടന്ന എട്ട് സ്റ്റേഡിയങ്ങളും ദോഹയുടെ 50 കിലോമീറ്റർ ചുറ്റളവിലായി രുന്നുവെന്നത് വലിയ നേട്ടമായി വിലയിരുത്തുന്നു. 2026ൽ വരാനിരിക്കുന്ന ലോകകപ്പിൽ, 50 ശതമാനം, അതായത്, 11 ബില്യൺ ഡോളറോളം വരുമാന വർധനയാണ് ഫിഫ പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.