- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്ക് ഫേസ്-3 യിൽ ഐടി പാർക്ക് നിർമ്മിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് മേഖലയിലെ മുൻനിരക്കാരായ ഹൈലൈറ്റ് ഗ്രൂപ്പും ടെക്നോപാർക്കും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ആദ്യമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് തലസ്ഥാന നഗരത്തിലെ നിർമ്മാണ പദ്ധതികളുടെ ഭാഗമാകുന്നത്.
'യൂ ഹബ് ട്രിവാൻഡ്രം ബൈ ഹൈലൈറ്റ്' എന്ന പദ്ധതിയിലൂടെ 1.88 ഏക്കർ സ്ഥലത്ത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐടി കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.
സംസ്ഥാന സർക്കാരിൻറെ ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറുമായ സീറാം സാംബശിവ റാവു ഐഎഎസിൻറെ സാന്നിധ്യത്തിൽ ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.
കേരളത്തിലെ ഐടി പാർക്കുകളുടെ രജിസ്ട്രാർ ഷൈജു എൻ ലാൽ, സിഎഫ്ഒ വിപിൻ കുമാർ എസ്, ടെക്നോപാർക്ക് സിടിഒ മാധവൻ പ്രവീൺ, ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് (മാർക്കറ്റിംഗ് & കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് (അഡ്മിനിസ്ട്രേഷൻ & ഇൻഡസ്ട്രിയൽ റിലേഷൻസ്) അഭിലാഷ് ഡി എസ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സിഇഒ മുഹമ്മദ് ഷഫീഖ് .പി, ഹൈലൈറ്റ് ബിസിനസ് പാർക്ക് എക്സിക്യുട്ടീവ് ഹെഡ് ഹനു ഷെൽക്ക്, ടെക്നോപാർക്കിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
തലസ്ഥാന നഗരത്തിൽ സ്ഥലലഭ്യതയ്ക്ക് ആവശ്യകത ഏറെയാണെന്ന് സന്ദീപ് കുമാർ ഐഎഎസ് ചൂണ്ടിക്കാട്ടി. ടെക്നോപാർക്കിലെ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് ഒരു പുതിയ തുടക്കമിടാൻ ഹൈലൈറ്റിന് സാധിക്കും. ടെക്നോസിറ്റി ഫേസ്-4 ലെ വിവിധ നിർമ്മാണ പദ്ധതികളുടെ ഭാഗമാകുന്നതിനും ഹൈലൈറ്റ് ഗ്രൂപ്പിന് ശ്രമിക്കാനാകും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ടെക്നോപാർക്കിൻറെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലുടനീളം മൊത്തം 50 ദശലക്ഷം സ്ക്വയർ ഫീറ്റിൽ കെട്ടിടങ്ങൾ വിഭാവനം ചെയ്യുന്ന ഹൈലൈറ്റ് ഗ്രൂപ്പിൻറെ ലക്ഷ്യത്തിലെ സുപ്രധാന നാഴികകല്ലാണിതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ ബ്രാൻഡഡ് ഐടി പാർക്ക് എന്ന നിലയിൽ ഈ പദ്ധതിയുടെ വ്യാപ്തിയും ഗുണനിലവാരവും ഉദ്ദേശ്യലക്ഷ്യവും പരിഗണിച്ചു കൊണ്ടായിരിക്കും നിർമ്മാണം പൂർത്തീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേസ്മെൻറും ഗ്രൗണ്ട് ഫ്ളോറും 16 നിലകളുമുള്ള കെട്ടിടത്തിൻറെ നിർമ്മാണം ഉടൻ ആരംഭിക്കും. പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു
ആഡംബര റിയൽ എസ്റ്റേറ്റ്, ഡിസൈൻ അധിഷ്ഠിത വികസനങ്ങൾ എന്നിവയിൽ ആഗോളതലത്തിൽ പേരുകേട്ട അന്താരാഷ്ട്ര പ്രശസ്ത ഡിസൈൻ ബ്രാൻഡായ 'യൂ' യുമായി സഹകരിച്ചാണ് നിർദ്ദിഷ്ട പദ്ധതി നടപ്പിലാക്കുന്നത്. ആദ്യമായാണ് ആഗോള തലത്തിൽ 'യൂ' ഒരു ബ്രാൻഡഡ് ഐ ടി പാർക്ക് പദ്ധതിയിൽ പങ്കാളിയാകുന്നത്
പദ്ധതിയിലൂടെ ഐടി മേഖലയിൽ ഏകദേശം 4,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കേരളത്തിൻറെ സാങ്കേതിക ആവാസവ്യവസ്ഥയെയും, വ്യവസായ മുന്നേറ്റത്തെയും ശക്തിപ്പെടുത്താൻ സഹായിക്കും.
2030 ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം സ്ക്വയർ ഫീറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന കാഴ്ചപ്പാട് ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ധാരണാപത്രം ഒപ്പുവച്ചതെന്നത് ശ്രദ്ധേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.