Sections

റിസ്‌കേ എടുക്കേണ്ട പുതുവര്‍ഷത്തില്‍ കണ്ണുംപൂട്ടി നിക്ഷേപിച്ചോളു...സുരക്ഷിത വരുമാനം ഉറപ്പ്‌

Tuesday, Dec 28, 2021
Reported By admin
 risk free investments

തിരികെ കിട്ടുമെന്ന് ഉറപ്പുള്ള സ്ഥിരവരുമാനം ലഭിക്കുന്നതുമായ ചില നിക്ഷേപ വഴികളെ കുറിച്ച് ഇനി പറയുന്നു

 

ഒട്ടും റിസ്‌ക് ഇല്ലാതെ തന്നെ ലാഭം നേടിത്തരുന്ന സ്ഥിര നിക്ഷേപങ്ങളില്‍ പണം ഇറക്കാന്‍ ആരും മടികാണിക്കില്ല.പക്ഷെ അത് ഏതൊക്കെയാണ് എന്ന കണ്‍ഫ്യൂഷന്‍ നിങ്ങളെ വലയ്ക്കുന്നുണ്ടാകും.തിരികെ കിട്ടുമെന്ന് ഉറപ്പുള്ള സ്ഥിരവരുമാനം ലഭിക്കുന്നതുമായ ചില നിക്ഷേപ വഴികളെ കുറിച്ച് ഇനി പറയുന്നു.പുതുവര്‍ഷത്തില്‍ കണ്ണും പൂട്ടി ഇതിലേക്ക് നിക്ഷേപിക്കാവുന്നതെയുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വക ഏജന്‍സികളോ നേരിട്ട് ഇടപെട്ടിട്ടുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങളായതിനാല്‍ നിക്ഷേപത്തില്‍ റിസ്‌ക് എന്ന എലമെന്റ് ഇല്ലെന്ന് തന്നെ പറയാം.കൂടാതെ മിക്ക പദ്ധതികള്‍ക്കും നികുതി ഇളവുകളും ലഭ്യമാണെന്ന ആകര്‍ഷണീയത കൂടിയുണ്ട്.

ഇക്കൂട്ടത്തില്‍ ആദ്യം പറയേണ്ടത് സ്വര്‍ണ്ണത്തെ കുറിച്ചാണ്.വില കൂടി പോകുന്ന ഗോള്‍ഡിനെ പോലെ തന്നെ സുരക്ഷിതമായ നിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് അഥവ എസ്ജിബി പദ്ധതി.ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്.ഭൗതിക സ്വര്‍ണ്ണത്തിന്റെ ഒട്ടുമിക്ക ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ എസ്ജിബി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിപണിയിലെ സ്വര്‍ണത്തിന്റെ നിരക്കിനൊപ്പം തന്നെ സ്വര്‍ണ ബോണ്ടിന്റെ മൂല്യവും മാറും. അഞ്ചാം വര്‍ഷം മുതല്‍ എക്സിറ്റ് ഓപ്ഷനുകളുള്ള ഈ സ്‌കീമിന് എട്ട് വര്‍ഷത്തെ കാലാവധിയുണ്ട്. കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, നിക്ഷേപകര്‍ക്ക് അന്നത്തെ സ്വര്‍ണത്തിന്റെ വിലയ്ക്കുള്ള തുക പണമായി ലഭിക്കുകയും ചെയ്യുന്നു.

സ്വര്‍ണ്ണം എല്ലായിപ്പോഴും സുരക്ഷിതമായ നിക്ഷേപം തന്നെയാണ്.നിക്ഷേപ ആസ്തിയുടെ ഒരു ചെറിയ ശതമാനമെങ്കിലും സ്വര്‍ണ്ണത്തില്‍ കരുതുന്നത് നല്ലതാണെന്ന് പൊതുവെ വിദഗ്ധര്‍ പറയാറുണ്ട്.അടിയന്തരഘട്ടങ്ങളില്‍ ഇത് ശരിക്കും ഒരു ഇന്‍ഷുറന്‍സ് പോളിസി പോലെ പ്രവര്‍ത്തിക്കുന്നു.ഓഹരിവിപണിയിലെ തകര്‍ച്ചയില്‍ എല്ലാ സ്റ്റോക്കുകളും നഷ്ടപ്പെടുകയാണെങ്കില്‍ സ്വര്‍ണ്ണം പൊതുവെ ഉയര്‍ന്ന മൂല്യം തരുമെന്നാണ് ഇതുവരെയുളള ഹിസ്റ്ററി ചൂണ്ടിക്കാട്ടുന്നത്.ഗോള്‍ഡ് ബോണ്ട് സ്‌കീമില്‍ ഒരു സാമ്പത്തിക വര്‍ഷം ഒരാള്‍ക്ക് കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. പരമാവധി 4,000 ഗ്രാം വരെ നിക്ഷേപിക്കാം. ഗോള്‍ഡ് ബോണ്ട് സ്‌കീം ഡിമാറ്റ്, പേപ്പര്‍ രൂപത്തില്‍ ലഭ്യമാണ്. വായ്പ ലഭിക്കുന്നതിന് സ്വര്‍ണ്ണ ബോണ്ട് ഈടായി ഉപയോഗിക്കാനാകും.

സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ) കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതും പിപിഎഫിലാണ്. ഏതൊരു വ്യക്തി്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക പാദത്തിലും പുതുക്കും. പിപിഎഫ് അക്കൗണ്ടിന്റെ കാലയളവ് 15 വര്‍ഷമാണ്.

വര്‍ഷം തോറും ചുരുങ്ങിയത് 500 രൂപയില്‍ നിക്ഷേപം തുടങ്ങാം എന്നതാണ് പിപിഎഫിന്റെ ഏറ്റവും വലിയ മികവ്.അതുപോലെ പരമാവധി തുക 150000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്താം.കാലാവധി പൂര്‍ത്തിയായ ശേഷം മാത്രമെ ഫണ്ടുകള്‍ പൂര്‍ണമായി പിന്‍വലിക്കു.7 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വര്‍ഷവും ഭാഗീക പിന്‍വലിക്കലുകള്‍ അനുവദനീയമാണ്.

പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പിപിഎഫ് അക്കൗണ്ടില്‍ നിന്ന് നേടിയ പലിശയും കാലാവധി പൂര്‍ത്തിയാക്കുന്ന തുകയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്ഥിരമായി ലഭിക്കുന്ന വരുമാനവുമാണ് നിക്ഷേപത്തിലൂടെ ആഗ്രഹിക്കുന്നതെങ്കില്‍ ധൈര്യമായി ചേരാവുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും ഈ ചെറുകിട നിക്ഷേപ പദ്ധതിയില്‍ അംഗമാകാം. വ്യക്തിഗതമായോ ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. കാലാവധി 5 വര്‍ഷമാണ്. താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാം. വ്യക്തികള്‍ക്ക് കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷവും ജോയിന്റ്് അക്കൗണ്ടിന് കീഴില്‍ 9 ലക്ഷവുമാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. നിലവിലെ പലിശ നിരക്ക് 6.6 ശതമാനമാണ്. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് ആദായനികുതി ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

 സുരക്ഷിതമായ സ്ഥിര വരുമാന നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. അഞ്ച് വര്‍ഷമാണ് കാലാവധി. പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ട് തുടങ്ങാം. 1000 രൂപയായോ തുടര്‍ന്നുള്ളതിന് 100 രൂപയുടെ ഗുണിതങ്ങളായോ നിക്ഷേപിക്കാം. എന്നാല്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിലവില്‍ 6.8 ശതമാനം പലിശയാണ് ലഭിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ പലിശ നിരക്ക് പുതുക്കി പ്രഖ്യാപിക്കും. അതേസമയം, നിക്ഷേപത്തിന് ആദായ നികുതി ഇളവിന് അര്‍ഹതയുണ്ട്.

ആദായ നികുതി നിയമത്തിലെ വകുപ്പ് 80-സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കേന്ദ്ര സര്‍ക്കാരിനു വേണ്ടി തപാല്‍ വകുപ്പാണ് സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.