- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് ടെക് സ്റ്റാർട്ടപ്പായ ഹെക്സ്20 ഭൂനിരീക്ഷണ ഉപഗ്രഹ ദൗത്യങ്ങൾക്കും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണങ്ങൾക്കുമായി സ്കൈറൂട്ട് എയ്റോസ്പേസുമായി മൾട്ടി മിഷൻ വിക്ഷേപണ കരാറിൽ ഒപ്പുവച്ചു. സ്വകാര്യ മേഖലയിൽ ഇന്ത്യയുടെ ആദ്യ റൈഡ്ഷെയർ ഉപഗ്രഹം വികസിപ്പിച്ച കമ്പനിയാണ് ഹെക്സ്20.
ഹെക്സ്20 സഹസ്ഥാപകനും സിഒഒയുമായ എം ബി അരവിന്ദും സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിടിഒയുമായ നാഗ ഭാരത് ഡാക്കയും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസ് കഴിഞ്ഞമാസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് സ്വകാര്യ മേഖലയിൽ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഓർബിറ്റർ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചിരുന്നു.
കരാറിൻറെ ഭാഗമായി സ്കൈറൂട്ട് എയ്റോസ്പേസിൽ നിന്ന് മൂന്ന് വിക്ഷേപണ സേവനങ്ങൾ ഹെക്സ്20 സ്വന്തമാക്കിയിട്ടുണ്ട്. 2027 ൽ സ്കൈറൂട്ടിൻറെ വിക്രം ശ്രേണിയിലെ വിക്ഷേപണ വാഹനങ്ങളിലൂടെയാകും ഹെക്സ്20 യുടെയും മറ്റ് സ്ഥാപനങ്ങളുടെയും ബഹിരാകാശ പേടകങ്ങൾ റൈഡ്ഷെയർ സംവിധാനത്തിൽ ഭ്രമണപഥത്തിലെത്തിക്കുക.
സ്കൈറൂട്ടിൻറെ വിക്ഷേപണ മികവും ഹെക്സ്20 യുടെ ഉപഹ്രഹ രൂപകൽപ്പന, പേലോഡ് സംയോജനം, ഗ്രൗണ്ട് ഓപ്പറേഷൻസ്, ദൗത്യ നിർവഹണ ശേഷി എന്നിവ ഒരുമിപ്പിക്കുന്നതാണ് ഈ കരാർ. ഇതിലൂടെ ഉപഗ്രഹ വികസനം മുതൽ ഭ്രമണപഥത്തിലെ പ്രവർത്തനങ്ങളും ഭൂനിരീക്ഷണ ഡാറ്റാ സേവനങ്ങളുമടങ്ങുന്ന പുതിയ ബഹിരാകാശ ആവാസവ്യവസ്ഥ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഇക്കോസിസ്റ്റം അതിവേഗം വളരുകയാണെന്ന് ഹെക്സ്20 ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അമൽ ചന്ദ്രൻ പറഞ്ഞു. സ്കൈറൂട്ടുമായുള്ള ഈ പങ്കാളിത്തം കൂടുതൽ മികച്ച ബഹിരാകാശ ദൗത്യങ്ങൾ നടപ്പാക്കുന്നതിനും ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തായ് വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി കഴിഞ്ഞമാസം ഹെക്സ്20 തങ്ങളുടെ രണ്ടാമത്തെ ഉപഗ്രഹമായ കോയോ (കൈനറ്റിക് ഒപ്റ്റിക്കൽ യാ ഒബ്സർവർ) വിക്ഷേപിച്ചിരുന്നു. സ്പേസ് എക്സിൻറെ ട്രാൻസോർട്ടർ-17 ൽ നിന്നായിരുന്നു വിക്ഷേപണം.
കഴിഞ്ഞ വർഷം അമേരിക്കൻ കമ്പനിയായ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേനുമായി (സ്പേസ് എക്സ്) ചേർന്ന് ഹെക്സ്20 തങ്ങളുടെ ആദ്യ ഉപഗ്രഹമായ 'നിള' വിക്ഷേപിച്ചിരുന്നു. കേരളത്തിലെ സ്വകാര്യ മേഖലയിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹമായിരുന്നു ഇത്. ടെക്നോപാർക്കിലെ നിള ബിൽഡിംഗിലാണ് ഹെക്സ്20 പ്രവർത്തിക്കുന്നത്.
ഹെക്സ്20 യുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്കൈറൂറ്റ് എയ്റോസ്പേസ് സഹസ്ഥാപകനും ചീഫ് ടെക്നിക്കൽ ഓഫീസറുമായ നാഗ ഭരത് ഡാക്ക പറഞ്ഞു. ഹെക്സ്20 യുടെ ഭാവിയിലുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് വിശ്വസനീയമായ സേവനം നൽകുന്നതിന് തങ്ങൾ സദാ സന്നദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക, യുഎഇ, തായ് വാൻ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഹെക്സ്20, വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉപഗ്രഹ പ്ലാറ്റ് ഫോമുകളും ദൗത്യ സേവനങ്ങളും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.