- Trending Now:
തിരുവനന്തപുരം: തായ് വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി 'കോയോ' എന്ന സാറ്റലൈറ്റ് നിർമ്മിച്ച് ടെക്നോപാർക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ഹെക്സ്20. കഴിഞ്ഞ വർഷം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ 'നിള' വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെയാണ് ഹെക്സ്20യുടെ ഈ നേട്ടം.
സ്പേസ്എക്സിൻറെ ട്രാൻസ്പോർട്ടർ -17 ൽ കോയോ (കൈനറ്റിക്കൽ ഒപ്റ്റിക് യോ ഒബ്സർവർ) എന്ന സാറ്റലൈറ്റ് ആണ് ഹെക്സ്20 നിർമ്മിച്ചത്. ബഹിരാകാശത്ത് എത്തി ഏകദേശം ഒരു മണിക്കൂറിന് ശേഷം വിക്ഷേപണ വാഹനത്തിൽ നിന്ന് അത് വിജയകരമായി വേർപെട്ടു. 40 മിനിറ്റിനുശേഷം ഹെക്സ്20യുടെ സാറ്റലൈറ്റ് കൺട്രോൾ സെൻററിൽ ആദ്യത്തെ ബീക്കൺ സിഗ്നലുകൾ ലഭിക്കുകയും ചെയ്തു.
യുഎസ് സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻറെ (സ്പേസ്എക്സ്) പങ്കാളിത്തത്തോടെയാണ് ഹെക്സ്20യുടെ ആദ്യ ഉപഗ്രഹമായ 'നിള' കഴിഞ്ഞ വർഷം വിക്ഷേപിച്ചത്. സ്വകാര്യ മേഖലയിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് 'നിള'.
കോയോ, ഹെക്സ്20 യെ വിശ്വസനീയമായ ആഗോള ഉപഗ്രഹ ദൗത്യ പങ്കാളിയായി സ്ഥാപിക്കുന്നതിലെ സുപ്രധാന ചുവടുവയ്പാണിതെന്ന് ഹെക്സ്20 സിഇഒ അമൽ ചന്ദ്രൻ പറഞ്ഞു. ഓരോ വിജയകരമായ ദൗത്യവും നമ്മുടെ ബഹിരാകാശ പാരമ്പര്യം വികസിപ്പിക്കുന്നു. അതോടൊപ്പം നമ്മുടെ പ്ലാറ്റ്ഫോമുകളുടെ പക്വതയെ ശക്തിപ്പെടുത്തുകയും, വേഗത, വിശ്വാസ്യത, എഞ്ചിനീയറിംഗ് മികവ് എന്നിവ ഉപയോഗിച്ച് ആദ്യന്ത ഉപഗ്രഹ ദൗത്യങ്ങൾ നൽകാനുള്ള കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബഹിരാകാശത്തേക്കുള്ള താങ്ങാനാവുന്നതും വേഗത്തിലുള്ളതുമായ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ലഭ്യതയ്ക്കുള്ള ആവശ്യം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ലക്ഷ്യബോധത്തോടെയുള്ള ആശയങ്ങളെ വിജയകരമായ ബഹിരാകാശ ദൗത്യങ്ങളാക്കി മാറ്റാൻ ഗവൺമെൻറുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവരെ പ്രാപ്തരാക്കാൻ ഹെക്സ്20 പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
1500-ലധികം ബീക്കൺ സിഗ്നലുകൾ ഡീകോഡ് ചെയ്തും 75 ലധികം കമാൻഡുകൾ ഭൂമിയിൽ നിന്ന് അയച്ചും ഭമണപഥത്തിൽ രൂപകൽപ്പന ചെയ്തതുപോലെ 'കോയോ' പ്രവർത്തിച്ചു തുടങ്ങിയെന്ന് ഹെക്സ്20 സഹസ്ഥാപകനും സിടിഒയുമായ അനുരാഗ് രഘു പറഞ്ഞു. രണ്ടാമത്തെ ആഴ്ചയിൽ പേലോഡിൻറെ പ്രവർത്തനങ്ങൾ തുടർച്ചയായി ആരംഭിക്കും.
തായ് വാൻ ആസ്ഥാനമായുള്ള എയ്ജിവേഴ്സിൻറെ ഫൈബർ ഒപ്റ്റിക് ഗൈറോസ്കോപ്പ് (എഫ്ഒജി), യുഎസ്എ ആസ്ഥാനമായുള്ള ആംപ്ലിഫൈഡ് സ്പെയ്സിൻറെ ക്രമീകരിക്കാവുന്ന പവർ സിസ്റ്റം, തായ് വാനിൽ നിന്നുള്ള ഡിജിപീറ്റർ, ഹെക്സ്20 നിർമ്മിച്ച സോളാർ പാനലിലുള്ള തായ് വാൻ ഇ.ടി സ്പേസ് പവർ സോളാർ സെല്ലുകൾ എന്നിവ 'കോയോ' വഹിക്കുന്നു. ഇ.ടി സ്പേസ് പവർ സോളാർ സെല്ലുകൾ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കോയോ'യിൽ ബഹിരാകാശ പ്രവർത്തനത്തിന് അനുയോജ്യമായ ഹെക്സ്20യുടെ സോളാർ പാനൽ വിന്യാസ സംവിധാനങ്ങളാണുള്ളത്. അതിൽ ഒരു നൂതന ഫീഡ്ബാക്ക് സംവിധാനം, ഹിഞ്ച് ഡിസൈൻ, ഡിപ്ലോയബിൾ മോണോപോൾ റോഡ് ആൻറിന എന്നിവ ഉൾപ്പെടുന്നു. കൂടാതെ എഎക്സ് ക്യൂബ്സാറ്റ് പ്ലാറ്റ്ഫോമിനും കൂടുതൽ ഫലപ്രദമാകുന്നു.
കമ്പനിയുടെ മറ്റൊരു നാഴികക്കല്ലെന്ന് ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം.ബി അരവിന്ദ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചു. ഹെക്സ്20യുടെ പരിശ്രമത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണ് ദൗത്യത്തിൻറെ വിജയം. ഹെക്സ്20യുടെ ആദ്യ ഉപഗ്രഹമായ 'നിള' ഒരു മികച്ച പഠനാനുഭവമായിരുന്നു. ആദ്യ ദൗത്യത്തിൽ നിന്നുള്ള അറിവുകൾ 'കോയോ'യിൽ ഗുണം ചെയ്തു. ഓരോ വെല്ലുവിളിയും പരിഹാരത്തേക്കാളുപരി ഉത്തരങ്ങളും മികച്ച മാർഗങ്ങളുമാക്കി മാറ്റുകയാണ് ഞങ്ങൾ ചെയ്യത്. അതാണ് ഇവയെ വിശ്വസനീയമായ ഉൽപ്പന്നങ്ങളാക്കി മാറ്റിയത്. രണ്ടാമത്തെ ദൗത്യത്തിൻറെ വിജയം ഹെക്സ്20യുടെ ഉൽപ്പന്ന വിശ്വാസ്യതയും ഉപഭോക്താക്കൾക്കിടയിലെ ആത്മവിശ്വാസവും വർധിപ്പിക്കാൻ സഹായിച്ചു. ദൗത്യം സാധ്യമാക്കുന്നതിൽ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻററിൻറെ (ഇൻസ്പേസ്) പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ഒരു വർഷത്തിനുള്ളിൽ ഹെക്സ്20യ്ക്ക് ആറ് ബഹിരാകാശ ദൗത്യങ്ങളാണുള്ളത്. നിള-3 (യുകെ ആസ്ഥാനമായുള്ള ഓംസ്പേസിൻറെ പ്രൊപ്പൽഷൻ സിസ്റ്റത്തിന് യോഗ്യത നേടുന്നതിനായി നിർമ്മിച്ച ക്യൂബ്സാറ്റ്), എസ്എഐഎസ്ഐ (തായ് വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് വേണ്ടിയുള്ള കപ്പൽ തിരിച്ചറിയൽ ഉപഗ്രഹം), കോസ്പർ1 (കോസ്പറിൻറെ പങ്കാളിത്തത്തോടെ വിവിധ ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ബഹിരാകാശ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം), എമിറേറ്റ്സ് ആസ്റ്ററോയ്ഡ് മിഷൻ ആസ്റ്ററോയ്ഡ് ഇമ്പാക്റ്റർ പ്രോബ് എന്നിവ ഈ ദൗത്യങ്ങളിൽ ഉൾപ്പെടുന്നു.
യുഎഇയുടെ ഛിന്നഗ്രഹ ദൗത്യത്തിനൊപ്പം പറക്കുന്ന ആസ്റ്ററോയിഡ് ജസ്റ്റിഷ്യയെ ചിത്രീകരിക്കുന്നത വിധത്തിലാണ് എമിറേറ്റ്സ് ആസ്റ്ററോയിഡ് മിഷൻ ആസ്റ്ററോയിഡ് ഇംപാക്റ്റർ പ്രോബ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനുഷ്യചരിത്രത്തിലെ ഏത് മൈക്രോസാറ്റ്/ക്യൂബ്സാറ്റിനേക്കാളും കൂടുതൽ ദൂരം ഈ ദൗത്യം സഞ്ചരിക്കും.
ഹെക്സ്20യുടെ മായവി1, ഡിങ്ക്എൻ1 ദൗത്യങ്ങൾ ഹെക്സ് 20യുടെ സ്വന്തം തെർമൽ, ദൃശ്യ ഭൗമ നിരീക്ഷണ പേലോഡുകൾക്ക് പുറമെ ഒന്നിലധികം ഉപഭോക്തൃ പേലോഡുകൾ വഹിക്കുന്ന പേലോഡ് അഗ്രഗേറ്റർ ദൗത്യങ്ങളായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇവ വിവിധ ആപ്ലിക്കേഷനുകളിലൂടെ പ്രയോജനപ്രദമായ ഭൗമ നിരീക്ഷണ ഡാറ്റ നൽകും.
നേരത്തെ 'നിള'യുടെ വിക്ഷേപണത്തിലൂടെ സ്പേസ് എക്സുമായി പങ്കാളിത്തം പുലർത്തുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പായി ഹെക്സ്20 മാറിയിരുന്നു.
യുഎസ്, യുഎഇ, തായ് വാൻ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഹെക്സ്20 ഐഎസ്ആർഒ ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിർമ്മാണ ശൃംഖലയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ നിർമ്മാണത്തിനൊപ്പം അനുബന്ധ സേവനങ്ങളും ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളും ഹെക്സ് 20 യിലൂടെ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.