Sections

എടിഎം പണം പിന്‍വലിക്കല്‍; ചാര്‍ജുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള ഉത്തരമിതാ

Saturday, Jul 23, 2022
Reported By admin
atm

ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ വര്‍ഷം ജനുവരിയിലാണ് അവസാനമായി സര്‍ക്കാര്‍ പുതുക്കിയത്

എടിഎമ്മിലെ പണം പിന്‍വലിക്കലും, മറ്റ് സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു മാസത്തെ സൗജന്യ പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട് എല്ലാ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഒരു ക്യാപ് അല്ലെങ്കില്‍ പരിധി നിര്‍ണയിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ ഒരു നിശ്ചിത ഫീസ് നല്‍കണമെന്നാണ് നിയമം. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ വര്‍ഷം ജനുവരിയിലാണ് അവസാനമായി സര്‍ക്കാര്‍ പുതുക്കിയത്.

ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. എടിഎമ്മുകളില്‍ നിന്ന് നാലില്‍ കൂടുതല്‍ പിന്‍വലിക്കല്‍ നടത്തിയാല്‍ 173 രൂപ പിഴ ഈടാക്കുമെന്നായിരുന്നു അത്. നിങ്ങള്‍ നാലില്‍ കൂടുതല്‍ വിനിമയങ്ങള്‍ എടിഎമ്മില്‍ നടത്തിയിട്ടുണ്ടെങ്കില്‍ 150 രൂപ നികുതിയും, 23 രൂപ സര്‍വീസ് ചാര്‍ജും നല്‍കണമെന്നായിരുന്നു ഉള്ളടക്കം. എല്ലാ വിനിമയങ്ങള്‍ക്കും ഇനി മുതല്‍ ബാങ്കില്‍ 150 രൂപ നല്‍കണമെന്നും പ്രചരിച്ചിരുന്നു.

എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിട്ടുണ്ട്. പ്രചരിച്ച വിവരം തെറ്റാണെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ മാസവും അഞ്ച് എടിഎം വിനിമയങ്ങള്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎം ഉപയോഗിച്ച് സൗജന്യമായി നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പരിധി മറികടന്നാല്‍ ഒരോ വിനിമയത്തിനും 21 രൂപ വീതവും, എന്തെങ്കിലും നികുതി ബാധകമാണെങ്കില്‍ അത് വേറെയും ഈടാക്കുമെന്നാണ് പുതിയ അറിയിപ്പ്.

എടിഎം വിനിമയങ്ങളുടെ പരിധി നിശ്ചയിക്കാന്‍ 2019 ല്‍ റിസര്‍വ് ബാങ്ക് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവിനെ ചെയര്‍മാനായി നിശ്ചയിച്ച് നിരക്കുകള്‍ നിര്‍ണയിക്കുകയാണ് ചെയ്തത്. എടിഎം വിനിമയങ്ങളുടെ മാറാന്‍ സാധ്യതയുള്ള ഘടന കൂടി പരിഗണിച്ചാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.