Sections

ടെക്‌നോപാർക്കിൽ പുതിയ ഓഫീസ് തുറന്ന് ഹെൽത്ത്എഡ്ജ്; ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കും

Friday, Aug 21, 2026
Reported By Admin
HealthEdge Opens New Office at Technopark Thiruvananthapuram

തിരുവനന്തപുരം: അമേരിക്കയിലെ 110 ദശലക്ഷത്തിലധികം ആളുകൾക്ക് സേവനം നൽകുന്ന പ്രമുഖ ആരോഗ്യപരിപാലന ടെക്നോളജി കമ്പനിയായ ഹെൽത്ത്എഡ്ജ് ടെക്നോപാർക്ക് ഫേസ്-1 ൽ പുതിയ ഓഫീസ് തുറന്നു. ഹെൽത്ത്എഡ്ജിൻറെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഫേസ്-1 ലെ ബ്രിഗേഡ് സ്ക്വയറിൽ ഓഫീസ് തുറന്നത്.

സംസ്ഥാന ഇലക്ട്രോണിക്സ് ആൻറ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഹെൽത്ത്എഡ്ജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ സന്നിഹിതനായി.

ഹെൽത്ത്എഡ്ജിൻറെ എഞ്ചിനീയറിംഗ്, ഉത്പന്ന വികസനം, ഉപഭോക്തൃ സേവനങ്ങൾ എന്നിവ മികച്ചതാക്കുന്നതിന് പ്രധാനകേന്ദ്രമായി പുതിയ ഓഫീസ് മാറും. യുഎസ്ടി ഹെൽത്ത്പ്രൂഫുമായി ലയിച്ചതിനുശേഷമുള്ള കമ്പനിയുടെ ദീർഘകാല വളർച്ചയെ കാണിക്കുന്നതാണ് പുതിയ ഓഫീസ്.

കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന സാധ്യതകളും അവസരങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് സീറാം സാംബശിവ റാവു പറഞ്ഞു. കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ഐടി മേഖലയ്ക്ക് അനുയോജ്യമായ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകർഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയർന്നുവന്നിട്ടുണ്ടെന്ന് ഹെൽത്ത്എഡ്ജ് സിഇഒ കെവിൻ ആഡംസ് പറഞ്ഞു. ടെക്നോപാർക്ക് ഒരുക്കുന്ന ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യം, മികച്ച പ്രതിഭാശേഷി, സാങ്കേതിക ആവാസവ്യവസ്ഥ എന്നിവ ഇതിനു കാരണമാണ്. ബഹുരാഷ്ട്ര കമ്പനികൾ, ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ എന്നിവയിൽ നിന്ന് നിക്ഷേപ പദ്ധതികൾ എത്തുന്നത് ഈ നഗരത്തിനുള്ള അംഗീകാരം കൂടിയാണ്. ഇതിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നും കെവിൻ ആഡംസ് ചൂണ്ടിക്കാട്ടി.

ബ്രിഗേഡ് സ്ക്വയറിലെ 12 നിലകളിൽ 11 എണ്ണത്തിലായി ഏകദേശം 162,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ഓഫീസിൽ ഏകദേശം 1,500 ജീവനക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. ബ്രിഗേഡ് സ്ക്വയർ ഗ്രൗണ്ട് ഫ്ലോർ, രണ്ട് ബേസ്മെൻറ് ലെവലുകൾ, 12 നിലകൾ എന്നിവയ്ക്ക് മൊത്തത്തിൽ 200,000 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. ജീവനക്കാർക്കായി എക്സിക്യൂട്ടീവ് ഡൈനിംഗ്, ട്രെയിനിംഗ് റൂമുകൾ, വെൽനസ് റൂമുകൾ, മദേഴ്സ് റൂം, വർക്ക് സ്പേസുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഐജിബിസി ലീഡ് ഗോൾഡ് സർട്ടിഫിക്കേഷനും ഈ കെട്ടിടത്തിനുണ്ട്.

ചടങ്ങിൽ യുഎസ്ടി പ്രസിഡൻറ് അലക്സാണ്ടർ വർഗീസ്, എസ്ടിപിഐ ഡയറക്ടർ ഗണേഷ് നായക്, ജിടെക് വൈസ് ചെയർമാൻ ഹരിപ്രസാദ് കൃഷ്ണപിള്ള, ബ്രിഗേഡ് ഗ്രൂപ്പ് സിഒഒ ഋഷികേഷ് നായർ, കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഗോമതി ജി തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യ പരിപാലന പദ്ധതികളെ ആധുനികവൽക്കരിക്കാൻ സഹായിക്കുന്ന എഐ അധിഷ്ഠിത സോഫ്റ്റ് വെയറും സാങ്കേതികവിദ്യാ സേവനങ്ങളും നല്കുന്ന കമ്പനിയാണ് ഹെൽത്ത്എഡ്ജ്. എഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ക്ലെയിം അഡ്മിനിസ്ട്രേഷൻ, ഗുണനിലവാര മെച്ചപ്പെടുത്തൽ, പ്രോസ്പെക്റ്റീവ് പേയ്മെൻറ് കൃത്യത, നെറ്റ് വർക്ക് മാനേജ്മെൻറ്, കെയർ മാനേജ്മെൻറ്, റിസ്ക് ക്രമീകരണം എന്നിവ ഉൾക്കൊള്ളുന്ന ഒരു സംയോജിത പ്ലാറ്റ് ഫോം ഇതിലൂടെ ലഭ്യമാകും. ബെയിൻ കാപ്പിറ്റൽ യുഎസ്ടി ഹെൽത്ത്പ്രൂഫിനെ ഏറ്റെടുത്തതിനെത്തുടർന്ന് ഹെൽത്ത്എഡ്ജും യുഎസ്ടി ഹെൽത്ത്പ്രൂഫും നിലവിൽ ഹെൽത്ത്എഡ്ജ് ബ്രാൻഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

ചെന്നൈ, കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഹെൽത്ത്എഡ്ജിന് സാന്നിധ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് HealthEdge.com സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.