Sections

ഫെബ്രുവരി ഒന്നു മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നു

Tuesday, Jan 24, 2023
Reported By admin
kerala

സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്


സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകൾ, ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട്.

അതിനാൽ ജീവനക്കാർക്ക് പകർച്ചവ്യാധികൾ, മുറിവ്, മറ്റ് രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കൽ പരിശോധന നടത്തുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരേയും കൈവശം വയ്ക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ പ്രകാരം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണ്ടതാണ്. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർ സ്ഥാപനത്തിലുണ്ടെങ്കിൽ എത്രയും വേഗം ഹെൽത്ത് കാർഡ് എടുപ്പിക്കണം. അല്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിംഗ് എടുക്കണം.

ഹെൽത്ത് കാർഡ് എടുക്കുന്നതെങ്ങനെ?

രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. എഫ്.എസ്.എസ്.എ.ഐയുടെ വെബ് സൈറ്റിൽ നിന്നും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫോം (http://fda.uk.gov.in/document/performa-for-medical-fitness-certificate-for-food-handlers-19221.pdf) ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.