- Trending Now:
തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ടെക്നോപാർക്കിൽ പ്രൊമോഷണൽ റൺ സംഘടിപ്പിച്ചു. 2026 ഫെബ്രുവരി 15 ന് കൊച്ചിയിൽ നടക്കുന്ന ജിടെക് മാരത്തണിൻറെ നാലാം പതിപ്പിന് മുന്നോടിയായാണ് പ്രൊമോഷണൽ റൺ സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാരിൻറെ 'സേ നോ ടു ഡ്രഗ്സ്' ലഹരിവിരുദ്ധ കാമ്പയിനിനെ പിന്തുണയ്ക്കുന്നതിനും ലഹരി ദുരുപയോഗത്തിൻറെ വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിനുമായാണ് മാരത്തൺ. ടെക്നോപാർക്ക് ഫേസ്1, ടിസിഎസ് കാമ്പസ് എന്നിവിടങ്ങളിൽ നടന്ന പ്രൊമോ റണ്ണിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ 50 ലധികം ഐടി കമ്പനി സിഇഒമാരെ കൂടാതെ 250 ലധികം പേർ പങ്കെടുത്തു. 5 കിലോമീറ്റർ പ്രൊമോ റൺ ആണ് നടന്നത്.
ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.), എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹരി പ്രസാദ്, ഓസ്പിൻ ടെക്നോളജീസ് സിഇഒ പ്രസാദ് വർഗീസ്, കൈസെമി മാനേജിംഗ് ഡയറക്ടർ ജെഫ് ബോക്കർ, വർക്ക്പ്ലേസ് സ്ഥാപകൻ ഹരീഷ് മോഹൻ, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ടെക്നോളജി സെക്ടർ ലീഡ് സിജോയ് തോമസ് എന്നിവർ പ്രൊമോ റൺ ഫ്ളാഗ് ഓഫ് ചെയ്തു.
കേരളത്തിൽ മയക്കുമരുന്ന് ദുരുപയോഗത്തിൻറെ വ്യാപനത്തെക്കുറിച്ചും അതിൻറെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് ജിടെക് ചെയർമാൻ വി കെ മാത്യൂസ് തൻറെ സന്ദേശത്തിൽ പറഞ്ഞു.
ലഹരിമരുന്ന് ഉപയോഗം സങ്കൽപ്പിക്കാനാവാത്ത വിധമുള്ള നാശമാണ് സമൂഹത്തിലുണ്ടാക്കുന്നത്. സമാന ചിന്താഗതിക്കാരായ ആളുകൾ 'നോ ടു ഡ്രഗ്സ്', ' യെസ് ടു ഫിറ്റ്നസ്' എന്ന സന്ദേശവുമായി ഒരുമിച്ച് പ്രവർത്തിക്കണം. കേരളത്തെ ലഹരിമരുന്ന് രഹിതമാക്കുന്നതിന് ഇതുപോലുള്ള കാമ്പെയ്നുകളെ ഒരു പൊതു ബഹുജന പ്രസ്ഥാനമാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിടെക് സെക്രട്ടറിയും ടാറ്റ എൽക്സി സെൻറർ ഹെഡുമായ ശ്രീകുമാർ വി, കെന്നഡിസ് ഐക്യു ഇന്ത്യ സിഇഒ യും ജിടെക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടോണി ജോസഫ്, സോഫ്റ്റ്നോഷൻസ് ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യൻ, ഐട്രെയ്റ്റ്സ് ഐടി സൊല്യൂഷൻസ് സിഇഒയും ജിടെക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിജി തങ്കച്ചൻ എന്നിവർ പങ്കെടുത്തു. ക്രിസ്മസ് കാലത്തെ ഓർമ്മിപ്പിച്ച് മാരത്തണിൽ പങ്കെടുത്തവർ സാന്താ തൊപ്പികളും ധരിച്ചിരുന്നു.
പ്രായം, ദേശം, ലിംഗഭേദം ,ഫിറ്റ്നസ് നിലവാരം എന്നിവ കണക്കിലെടുക്കാതെ സംഘടിപ്പിക്കുന്ന മാരത്തണിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 10,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഹാഫ് മാരത്തൺ (21.1 കി.മീ), 10 കി.മീ., 6 കി.മീ., ഫൺ റൺ (3 കി. മീ.) എന്നീ വിഭാഗങ്ങളിലായാണ് മാരത്തൺ.
ലഹരി ദുരുപയോഗത്തിനെതിരെയുള്ള കേരളത്തിലെ ഏറ്റവും വലിയ മാരത്തൺ ആണിത്. ഇതിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് https://www.gtechmarathon.com/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകൾ അടങ്ങുന്ന 300 ലധികം ഐടി കമ്പനികൾ ജിടെക്കിലെ അംഗങ്ങളാണ്. ആകെ 1.50 ലക്ഷത്തിലധികം ജീവനക്കാർ ഇതിൽ ഉൾപ്പെടും. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, കോഗ്നിസെന്റ്, ഐബിഎസ് സോഫ്റ്റ് വെയർ, യുഎസ്ടി, ഇവൈ, ടാറ്റാ എൽക്സി തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ ഐടി കമ്പനികളും ജി-ടെക്കിൻറെ ഭാഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.