Sections

സൈബർ കുറ്റകൃത്യങ്ങളുടെ വേഗത സാങ്കേതിക മാറ്റത്തിന് അനുപാതികമാകുന്നു; ഗവർണർ

Friday, Oct 06, 2023
Reported By Admin
Cocon 16

രാജ്യാന്തര സൈബർ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം പതിപ്പ് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്തു


കൊച്ചി; സാങ്കേതിക രംഗത്ത് വിപ്ലവങ്ങൾ ഉണ്ടാകുമ്പോഴും സൈബർ കുറ്റങ്ങൾ അത്രയേറെ വേഗത്തിൽ പടരുന്നുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ പറഞ്ഞു. അത് കൊണ്ട് സൈബർ രംഗത്ത് മാറ്റങ്ങൾ വളരെവേഗം അപ്പ്ഡേറ്റ് ചെയ്ത് മുന്നേറേണ്ട അവസ്ഥ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടക്കുന്ന രാജ്യാന്തര സൈബർ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ വളരെയധികം വേഗത്തിൽ വികസിക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറവും അതിന്റെ ഉപയോഗവും ദുരുപയോഗവും അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ, ഇത്തരം കാര്യത്തിൽ രാജ്യാന്തര തലത്തിൽ തന്നെ ഇതിന് വേണ്ട സഹകരണം അത്യാവശ്യമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റ പ്രൈവസി, സൈബർ ഫോറൻസിക്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ പിന്തുണ കൊക്കൂണിലൂടെ നേടിയെടുക്കുന്നതിലുള്ള സന്തോഷവും ഗവർണർ അറിയിച്ചു.

പ്രതിരോധ സേനയുടെ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ആസ്തികൾ സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും, സൈബർ യുദ്ധത്തിനുള്ള ഏതൊരു ശ്രമവും തടയുന്നതിനുമായി സൈബർ ഗ്രൂപ്പുകൾ സജ്ജമാണ്. ആ തലത്തിലാകണം എല്ലാവരും പ്രവർത്തിക്കേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ വന്നതോടെ ആരെങ്കിലും യന്ത്ര ബുദ്ധിയിൽ ശക്തനാകുന്നുവോ അവർ ലോകത്തെ നിയന്ത്രിക്കും. അതിനാൽ സാങ്കേതിക വിദ്യയിൽ ശക്തമാകുകയാണ് വേണ്ടത്.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രായമായവർ അത്ഭുതത്തോടെ കാണുമ്പോൾ , ഡിജിറ്റൽ യുഗത്തിൽ ജനിക്കുന്ന കുട്ടികൾക്ക്, അവ കളിപ്പാട്ടങ്ങൾ പോലെയാണ്, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ അക്ഷരമാല പഠിക്കുന്നതിന് മുമ്പു തന്നെ അവരുടെ മാതാപിതാക്കൾ ഗാഡ്ജെറ്റ് ശീലമാക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങൾ വിനോദത്തിന്റെയും കളിയുടെയും വിദ്യാഭ്യാസത്തിന്റെയും നിർവചനം മാറ്റി എഴുതിയതായും ഗവർണർ പറഞ്ഞു.

കുട്ടികൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രധാന ഉപയോക്താക്കളായതിനാൽ, സൈബർഹാക്കിംഗ്, സൈബർ ഭീഷണിപ്പെടുത്തൽ, ചൈൽഡ് പോണോഗ്രാഫി, ഓൺലൈൻ ബാലക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയ സൈബർ ദുരുപയോഗങ്ങൾക്ക് അവർ ഇരയാകുന്നുണ്ട്. അതിനെ തടയിടുന്നതിന് വേണ്ടി കൊക്കൂൺ നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹാമാണെന്നും ഗവർണർ പറഞ്ഞു.

കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ തെക്കേ കടമ്പത്ത് രാജൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ലഫ്. ജനറൽ എം.യു നായർ, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് എന്നിവർ സംസാരിച്ചു.

ഗവർണറുടെ കൈയ്യടി നേടി പറക്കും മനുഷ്യൻ; ശ്രദ്ധേയമായി ജെറ്റ് സ്യൂട്ട് പ്രദർശനം

കൊച്ചി; ഏതൊരു മനുഷ്യന്റേയും മോഹമാണ് പറക്കാൻ കഴിയുക എന്നത്. അതിന് വേണ്ടി പലശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാൽ കൺമുന്നിൽ നിന്നും ഒരാൾ പറന്നുപോയപ്പോൾ ഗവർണർ ആരീഫ് മുഹമ്മദ് ഖാനും കൈയടിച്ച് അഭിനന്ദിച്ചു.

സൈബർ കോൺഫറൻസിന്റെ ഭാഗമായി അവതരിപ്പിച്ച ജൈറ്റ് സ്യൂട്ട് പ്രദർശനമാണ് ഗവർണറെപ്പോലെ കാണികളേയും അത്ഭുതപ്പെടുത്തിയത്. ഗ്രാവിറ്റി ജൈറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബോർട്ട് ജോൺസ് തന്റെ അഞ്ഞൂറ്റി ഇരുപത്തിയേഴാമത്തെ പറക്കൽ നടത്തിയ കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടൽ ഗ്രൗണ്ടിൽ നിന്നായിരുന്നു. ഗവർണറും വിശിഷ്ടാതിഥികളും, കാണികളും നിറഞ്ഞു നിൽക്കുന്നതിനിടയിൽ ഗ്രാവിറ്റി സ്യൂട്ട് അണിഞ്ഞു ഗ്രൗണ്ടിൽ എത്തിയ പോൾ ഗവർണർ ഉൾപ്പടെ എല്ലാവരേയും അഭിവാദ്യം ചെയ്തു. പിന്നീട് പറന്നു ഉയർന്നു. തൊട്ടടുത്ത കായലിന് മുകളിൽ കൂടെ അടുത്ത് കണ്ട പാലത്തിന് സമീപം എത്തി. അവിടെ കാഴ്ചക്കാരായി നിന്നവർക്കും അഭിവാദ്യം അർപ്പിച്ച് വീണ്ടും തിരികെ കായലിന്റെ മുകളിലൂടെ ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ കാണികൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നി ഒറ്റപ്പെട്ട സ്ഥലങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയിൽ 2017 ൽ ആണ് ഗ്രാവിറ്റി ഇൻഡസ്ട്രിയൽ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിയ്ക്കൂറിൽ 80 മൈൽ വരെ വേഗത്തിൽ ഇതിൽ പറക്കാനാകും.

ആഗോള സുഗന്ധവ്യഞ്ജന സംസ്കരണ കയറ്റുമതി മേഖലയിലെ മുൻനിരക്കാരായ സിന്തൈറ്റ് ഗ്രൂപ്പ് ടെക്നോളജിക്കൽ ഇന്നവേഷൻ വികസനത്തിന് വേണ്ടി നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് ജെറ്റ് സ്യൂട്ട് ടീമിനെ കൊക്കൂണിലേക്ക് സ്പോൺസർ ചെയ്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.