Sections

ഗൊയ്ഥെ സെൻട്രത്തിൽ ജർമൻ സിനിമ 'സോഫി ഷോൾ-ദ ഫൈനൽ ഡേയ്സി'ൻറെ പ്രദർശനം മേയ് 20 ന്

Saturday, May 16, 2026
Reported By Admin
Goethe Zentrum Screens Sophie Scholl Film

തിരുവനന്തപുരം: ജർമനിയിലെ നാസി ഭരണകൂടത്തിനെതിരെ പോരാടിയ സോഫി ഷോളിൻറെ ജീവിതം പ്രമേയമാക്കിയ 'സോഫി ഷോൾ-ദ ഫൈനൽ ഡേയ്സ്' എന്ന സിനിമ ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം പ്രദർശിപ്പിക്കുന്നു. ബാനർ ഫിലിം സൊസൈറ്റിയുമായി ചേർന്ന് മേയ് 20 ന് വൈകിട്ട് 6.30 ന് ജവഹർ നഗറിലെ ഗൊയ്ഥെ ആംഫി തിയറ്ററിലാണ് പ്രദർശനം.

സോഫി ഷോളിൻറെ അവസാന നാളുകളിലെ മാനസിക സംഘർഷങ്ങളും ധൈര്യവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന ചിത്രമാണ് 2005 ൽ പുറത്തിറങ്ങിയ 'സോഫി ഷോൾ-ദ ഫൈനൽ ഡേയ്സ്'. 1943 ൽ മ്യൂണിക്കിൽ നാസി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തതിന് സർവകലാശാലാ വിദ്യാർത്ഥിനിയും ഇരുപത്തൊന്നുകാരിയുമായ സോഫി ഷോൾ അറസ്റ്റിലാകുന്നതും അവർക്ക് മരണം വരെ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ഈ സിനിമ പ്രമേയമാക്കുന്നത്.

മാർക്ക് റോത്തെമുണ്ട് സംവിധാനം ചെയ്ത സോഫി ഷോൾ-ദ ഫൈനൽ ഡേയ്സിൻറെ തിരക്കഥയൊരുക്കിയത് ഫ്രെഡ് ബ്രൈനർസ്ഡോർഫർ ആണ്. സോഫി ഷോളിനെ അവതരിപ്പിച്ച യൂലിയ യെൻറ്ഷിൻറെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

2005 ഫെബ്രുവരിയിൽ 55-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'സോഫി പ്രദർശിപ്പിച്ചിരുന്നു. 2006 ൽ മികച്ച മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും ഈ ചിത്രത്തെ തേടിയെത്തി. ചരിത്ര സിനിമാസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണിത്. ജർമ്മൻ ഭാഷയിലുള്ള ചലച്ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ ആസ്വദിക്കാനാകും. പ്രവേശനം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.