Sections

വനിതാശാക്തീകരണത്തിലെ സുസ്ഥിര മാതൃക; ഐബിഎസിന്റെ ഫ്യൂച്ചർ പോയിന്റ് ക്യാബ്സ് രണ്ടാം വർഷത്തിലേക്ക്

Monday, Apr 13, 2026
Reported By Admin
Futurepoint Cabs Empowers Women Drivers in Kochi

  • കൂടുതൽ നഗരപ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും- വി കെ മാത്യൂസ്
  • പ്രൊഫഷണൽ ഡ്രൈവറാകാം- പുതിയ അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: വനിതകൾക്ക് പ്രൊഫഷണൽ ടാക്സി ഡ്രൈവർമരാകാൻ പരിശീലനവും തൊഴിലും നൽകുന്ന ഐബിഎസ് സോഫ്റ്റ്വെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പദ്ധതിയായ ഫ്യൂച്ചർപോയിന്റ് കാബ്സ് ഒരു വർഷം പൂർത്തിയാക്കുകയാണ്. കൊച്ചി കേന്ദ്രമായി നടക്കുന്ന ഈ പദ്ധതി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ പത്ത് കാറുകളും 25 വനിതാ ഡ്രൈവർമാരും 4,500 ലധികം ട്രിപ്പുകളുമായി തിളക്കമാർന്ന വിജയകഥയാണ് 'ഫ്യൂച്ചർപോയിന്റ് കാബ്സിന് പറയുവാനുള്ളത്.

നിലവിൽ ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് നടത്തുന്ന കാബ്സ് സേവനങ്ങൾ നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐബിഎസ് സ്ഥാപകനും ചെയർമാനുമായ വി കെ മാത്യൂസ് പറഞ്ഞു. ലിംഗപരമായ വിവേചനം ഇല്ലാതാക്കുന്നതിനോടൊപ്പം സ്ത്രീകൾക്ക് തൊഴിലവസരം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയ്ക്കൊപ്പം ആത്മാഭിമാനവും ഉറപ്പാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ പ്രൊഫഷണൽ ടാക്സി മേഖലയിൽ സുസ്ഥിര മാതൃകയായി ഇത് മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം വർഷത്തിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിൽ 40 പുതിയ വനിതാ ഡ്രൈവർമാരെ ഉൾപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. പുതിയ ബാച്ചിലേക്ക് 21 നും 45 നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളത്തെ കാക്കനാടാണ് പരിശീലന കേന്ദ്രം. രണ്ട് മാസമാണ് പരിശീലന കാലാവധി. ഭക്ഷണമടക്കം പൂർണമായും സൗജന്യമായാണ് പരിശീലനം. ഫോർ വീൽ ഡ്രൈവർ ലൈസൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്. ലൈസൻസ് ഇല്ലാത്തവരെയും പരിഗണിക്കും. മികച്ച ഡ്രൈവിംഗ് ശീലങ്ങളും റോഡിലെ പ്രായോഗിക ഇടപെടലുമാണ് പരിശീലനത്തിൽ മുഖ്യമായും ഉണ്ടാകുന്നത്. താത്പര്യമുള്ളവർ 8129902043 എന്ന നമ്പറിൽ നേരിട്ടോ വാട്സാപ്പിലൂടെയോ ബന്ധപ്പെടേണ്ടതാണ്.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിനൊപ്പം, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് പ്രതിമാസം ₹30,000 വരെ വരുമാനം നേടാനാകുന്ന തരത്തിലുള്ള മോഡലാണ് ഫ്യൂച്ചർപോയിന്റ് കാബ്സ് ലക്ഷ്യമിടുന്നത്. ജോലിക്കായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ സൗജന്യമായി നൽകുന്നതിനൊപ്പം പെർഫോമൻസ് ബോണസുകളും ഡ്രൈവർമാർക്ക് ലഭ്യമാണ്.

പൈലറ്റ് അടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ച പദ്ധതി ഇതിനകം മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. ഫ്യൂച്ചർ പോയിന്റ് ക്യാബ് ആപ്പ് വഴി സേവനങ്ങൾ ബുക്ക് ചെയ്യാം. യാത്രക്കാരുടെ സുരക്ഷയ്ക്കും മികച്ച സേവനത്തിനും മുൻഗണന നൽകുന്ന ഫ്യൂച്ചർപോയിന്റ് കാബ്സ്, 4.8-ലധികം ഉപഭോക്തൃ റേറ്റിംഗോടെ 8000 ലധികം യാത്രക്കാർക്ക് സേവനം നൽകി. ഇതിനകം 1,57,000 കി.മി ഈ സേവനം പിന്നിട്ട് കഴിഞ്ഞു.

ഡ്രൈവിംഗ് പരിശീലനത്തോടൊപ്പം ആതിഥേയ മര്യാദകൾ, സോഫ്റ്റ് സ്കിൽസ്, വാഹന പരിപാലനം, നാവിഗേഷൻ സാങ്കേതികവിദ്യ, സ്വയരക്ഷ, സാമ്പത്തിക സാക്ഷരത എന്നീ മേഖലകളിൽ സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിശീലനമാണ് ഈ പദ്ധതിയുടെ പ്രത്യേകത. കൊച്ചിയിലെ കോർപ്പറേറ്റുകൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷിതവും പ്രൊഫഷണലുമായ യാത്രാനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.