Sections

സംരംഭലോകത്ത് മുന്നേറാന്‍ സൗജന്യ പരിശീലനം എവിടെ ലഭിക്കും ?

Tuesday, Nov 16, 2021
Reported By admin
business

ബിസിനസ് തുടങ്ങാന്‍ സൗജന്യമായി പരിശീലനം ലഭിക്കുന്ന ഇടങ്ങള്‍

 

നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാന്‍ അതീവ താല്‍പര്യമുണ്ടോ,അല്ലെങ്കില്‍ ചെയ്യുന്ന ബിസിനസിനെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ സാധിക്കാത്ത വിധത്തില്‍ അലട്ടുന്നുണ്ടോ? ഇതുപോലെ ബിസിനസ് സംബന്ധിയായ ഒരുവിധം എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉള്ള മരുന്നാണ് ഇനി പറയുന്ന പരിശീലന പരിപാടികള്‍.ഇതിലൂടെ സംരംഭകത്വ ലോകത്ത് അറിവുള്ള വിദഗ്ധനായി തന്നെ സംരംഭത്തെ വളര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിച്ചിരിക്കും എന്നുറപ്പാണ്.

പരിചയങ്ങളുമായി എത്തുന്നവര്‍ക്ക് മാത്രമെ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്ന് കരുതുന്നവരുണ്ട്.അതൊരിക്കലും ശരിയായ ചിന്തയല്ല.ഈ പരിചയക്കുറവ് എന്ന ഒറ്റക്കാരണം കൊണ്ട് ബിസിനസ് തനിക്ക് ശരിയാകില്ലെന്ന് നിങ്ങള്‍ മനസിലുറപ്പിക്കാന്‍ വരട്ടെ.

പാട്ടും ഡാന്‍സും ഒക്കെ പഠിപ്പിക്കുന്നത് പോലെ ബിസിനസും പരിശീലിപ്പിക്കുകയും അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്ന നിരവധി പദ്ധതികള്‍ നമ്മുടെ നാട്ടിലുണ്ട്.ഇവയിലൂടെ നിങ്ങളുടെ ഉള്ളിലെ സംരംഭകത്വ സ്വപ്‌നങ്ങളെ ഈസിയായി സാക്ഷാത്കരിക്കാവുന്നതാണ്.

ഒരു ബിസിനസ് തുടങ്ങാന്‍ വേണ്ടി കുറെയേറെ പണം പരിശീലനക്ലാസുകളില്‍ ചെലവാക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും താല്‍പര്യം കാണില്ല അല്ലെ ?.പക്ഷെ സൗജന്യമായി ഇത്തരം പരിശീലനങ്ങള്‍ നല്‍കുന്ന ഇടങ്ങളുണ്ട്.അവ പരിചയപ്പെടാം ഈ ലേഖനത്തിലൂടെ..

ഒരു വ്യവസായ സംരംഭം ആരംഭിക്കുന്നതിനായി നിങ്ങള്‍ എന്താണ് ആദ്യം ചെയ്യുക.പരമാവധി ഡേറ്റ കളക്ട് ചെയ്യും ശേഷം സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ കാണാന്‍ പോകും.പരിചയമുള്ളവരുമായി ആശയവിനിമയത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കും ഇതിന്റെയൊക്കെ ബലത്തിലാകും സംരംഭം ആരംഭിക്കുക.പക്ഷെ ഇതു മാത്രം പോരാ,നിങ്ങള്‍ക്ക് ആവശ്യത്തിന് പരിശീലനവും കൂടിയേ തീരു.ഇത് മനസിലാക്കി കൊണ്ട് നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും ഒക്കെ സംരംഭകര്‍ക്കായി വിവിധ പദ്ധതികള്‍ തയ്യാറാക്കാറുണ്ട്.

രാജ്യത്തെ ഓരോ സംസ്ഥാനത്തെയും പ്രമുഖ ബാങ്കുകളുടെ കീഴില്‍ ആര്‍സെറ്റി(റൂറല്‍ സെല്‍ഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്)അതായത് സംരംഭകത്വ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്നുണ്ട്.അവിടെ രണ്ടോ മൂന്ന് ദിവസങ്ങള്‍ മുതല്‍ രണ്ടാഴ്ച വരെ നീളുന്ന സൗജന്യ അല്ലെങ്കില്‍ സൗജന്യനിരക്കിലുള്ള പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്.ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയില്‍ ഐഒബി ബാങ്ക് സംഘടിപ്പിക്കുന്ന ആര്‍സെറ്റി പരിപാടിയുടെ വിശദാംശങ്ങള്‍ക്ക് 0471-2322430 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.

സംരംഭങ്ങള്‍ക്ക് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് എങ്ങനെ?, വിജയം കൈവരിച്ച് സംരംഭകരുടെ യൂണിറ്റുകള്‍ സന്ദര്‍ശിക്കാം,അവരുടെ ജീവിതയാത്രയിലെ അനുഭവങ്ങള്‍ ക്ലാസുകളില്‍ പങ്കുവെയ്ക്കും,ഇതിനൊപ്പം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍(പൊലൂഷ്യന്‍ കണ്‍ട്രോള്‍ ,എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കേറ്റ് പോലുള്ളവ) എന്നിവ പോലുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍ എങ്ങനെയാണ്,പായ്ക്കിംഗ് കാര്യങ്ങള്‍ തുടങ്ങി ചുരുങ്ങിയ ദിവസം കൊണ്ട് ഒരു വ്യവസായ സംരംഭത്തെ അടുത്തറിയാനും നോക്കി കാണാനും ഉള്ള അവസരമാണ് ഇത്തരം പരിപാടികള്‍ ഒരുക്കുന്നത്.

ഇതുപോലെ തന്നെ സംരംഭകത്വ വികസന പദ്ധതികള്‍ ജില്ലാവ്യവസായ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.
http://industry.kerala.gov.in/ വഴിയോ അല്ലെങ്കില്‍ അതാത് ജില്ലകളിലെ വ്യവസായ കേന്ദ്രങ്ങള്‍ മുഖേനയോ ബന്ധപ്പെട്ട് അവിടെ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികള്‍ ചേരാവുന്നതാണ്.

എംഎസ്എംഇ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രാജ്യത്താകമാനം വിവിധ സംഘടനകളുമായി ചേര്‍ന്നു അല്ലാതെയും ഒക്കെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിലും പങ്കെടുക്കാവുന്നതാണ്.ഇഡിഐ(എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)സംരംഭകര്‍ക്കായുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.ഖാദി വില്ലേജ് ആന്റ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍,കയര്‍ ബോര്‍ഡിന്റെ സിസിആര്‍ഐ പോലുള്ളവഅതാത് മേഖലകളിലെ വിവിധ സംരംഭങ്ങളില്‍ പ്രാധാന്യം നല്‍കികൊണ്ട് പരിശീലനം സംഘടിപ്പിക്കാറുണ്ട്.

ഇത്തരം സംരംഭ പരിപാടികളില്‍ പങ്കെടുത്ത്,സംരംഭകരുമായി ആശവിനിയമം നടത്തുന്നതിലൂടെ ഒക്കെ കൂടുതല്‍ ആത്മവിശ്വാസത്തോടെയും കുറവുകള്‍ നികത്തിയും സ്വപ്‌ന സംരംഭത്തെ വളര്‍ത്താന്‍ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.