Sections

ബാങ്കുകളില്‍ നിന്ന് എടുത്ത സംരംഭ വായ്പകള്‍ക്ക് സംസ്ഥാന വ്യവസായ വകുപ്പ് സബ്‌സിഡി നല്‍കും

Wednesday, Nov 03, 2021
Reported By Admin
subsidy

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാത്തവര്‍ക്കും പദ്ധതിപ്രകാരം ഗ്രാന്റിന് അര്‍ഹത

കേരളത്തില്‍ ഏറെ സാധ്യതയുള്ള മേഖലയാണ് നാനോ വ്യവസായങ്ങള്‍. സംസ്ഥാനത്ത് വലിയ വ്യവസായങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറവായതിനാല്‍ നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് കേരള സര്‍ക്കാര്‍ തീരുമാനം.
അതിനായി നിര്‍മാണ യൂണിറ്റുകള്‍, ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍, ജോബ് വര്‍ക്ക് ചെയ്യുന്ന സേവന സ്ഥാപനങ്ങള്‍ തുടങ്ങിയ ചെറിയ സംരംഭങ്ങള്‍ക്ക് നാല് ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും. ഇതിനുള്ള പദ്ധതി 2020 ഓഗസ്റ്റ് 12-ന് നിലവില്‍ വന്നിരുന്നു.

വായ്പയുമായി ബന്ധപ്പെടുത്തി മാര്‍ജിന്‍ മണി ഗ്രാന്റ് ലഭ്യമാക്കുക വഴി കൂടുതല്‍ സംരംഭങ്ങളെ നാനോ വിഭാഗത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. ഈ പദ്ധതിയുടെ നടത്തിപ്പു ചുമതല സംസ്ഥാന വ്യവസായ വകുപ്പിനാണ്. വായ്പാ ബന്ധിത പദ്ധതികള്‍ക്കായി മാര്‍ജിന്‍ മണി ഗ്രാന്റിലൂടെ സംസ്ഥാനത്തിനുള്ളില്‍ നാനോ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനായി അര്‍ഹരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.

ആനുകൂല്യങ്ങള്‍

പൊതു വിഭാഗത്തിനും പ്രത്യേക വിഭാഗത്തിനും രണ്ടു നിരക്കില്‍ ഗ്രാന്റ് നല്‍കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു
പൊതുവിഭാഗം: പദ്ധതിച്ചെലവിന്റെ 30 ശതമാനം (പരമാവധി മൂന്ന് ലക്ഷം രൂപ) വരെ ഗ്രാന്റ് അനുവദിക്കുന്നു. ഇതില്‍ 40 ശതമാനം വായ്പയും 30 ശതമാനം സംരംഭകന്റെ വിഹിതവുംആയിരിക്കണം .
പ്രത്യേക വിഭാഗത്തിന്: പദ്ധതി ചിലവിന്റെ 40 ശതമാനം (പരമാവധി നാല് ലക്ഷം രൂപ) വരെ മാര്‍ജിന്‍ മണി ഗ്രാന്റ് അനുവദിക്കുന്നു.
ഇക്കാര്യത്തില്‍ സംരംഭകന്റെ വിഹിതം 20 ശതമാനം ആയിരുന്നാല്‍ മതി. ഒരു സ്ഥാപനത്തിന് പരമാവധി ലഭിക്കാവുന്ന ഗ്രാന്റ് നാല് ലക്ഷം രൂപ ആയിരിക്കും.

അര്‍ഹത ആര്‍ക്കൊക്കെ?

1 പുതുതായി തുടങ്ങുന്ന നാനോ പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍ക്ക്
2 നിര്‍മാണ യൂണിറ്റുകള്‍, ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍, ജോബ് വര്‍ക്ക് ചെയ്യുന്ന സേവന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അര്‍ഹത.
3 പദ്ധതിച്ചെലവ് സ്ഥിരനിക്ഷേപവും ആവര്‍ത്തന നിക്ഷേപവും ചേര്‍ന്നാല്‍ 10 ലക്ഷം രൂപയില്‍ അധികരിക്കരുത്. ഇതാണ് നാനോ സംരംഭത്തിന്റെ പുതിയ നിര്‍വചനം.
4 വനിതകള്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍, യുവാക്കള്‍ (40 വയസ്സില്‍ താഴെ) എന്നിവര്‍ക്ക് മുന്‍ഗണന
5 പദ്ധതിത്തുകയുടെ 30 ശതമാനമെങ്കിലും വനിതാ സംരംഭങ്ങള്‍ക്കായി മാറ്റിവയ്ക്കും.
6 ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, കെ.എഫ്.സി. എന്നിവിടങ്ങളില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് അര്‍ഹതയുണ്ട്.
7 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാത്തവര്‍ക്കും പദ്ധതിപ്രകാരം ഗ്രാന്റിന് അര്‍ഹത.
8 ആനുകൂല്യം കൈപ്പറ്റിയാല്‍ ആറ് മാസത്തിനുള്ളില്‍ സംരംഭം തുടങ്ങണം. മതിയായ കാരണം ഉണ്ടെങ്കില്‍ ആറ് മാസം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും.

അപേക്ഷിക്കേണ്ടത് എങ്ങനെ?

സംരംഭകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ വികസന ഓഫീസറേയും ബന്ധപ്പെടാവുന്നതാണ്. ആവശ്യമെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പയ്ക്കായി ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുചെയ്യുന്നതാണ്. അതനുസരിച്ച് വായ്പ എടുക്കാനും പിന്നീട് ഗ്രാന്റ് കൈപ്പറ്റാനും സാധിക്കും. അപേക്ഷ പരിശോധിച്ച് ഗ്രാന്റിന് ശുപാര്‍ശ ചെയ്യുന്നത് താലൂക്ക് വ്യവസായ ഓഫീസറാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് ഗ്രാന്റ് അനുവദിക്കുന്നത്.

തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമെ ഉദ്യോഗ്-ആധാര്‍/ഉദ്യം രജിസ്ട്രേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവയും മെഷിനറി, ഇലക്ട്രിഫിക്കേഷന്‍ എന്നിവയുടെ ഇന്‍വോയ്സുകളും പേയ്മെന്റ് രേഖകളും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ അനുവദിച്ചതിന്റെ രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്. വസ്തുവിന്റെ പ്രമാണം, കരമടച്ച രസീത്, കെട്ടിടത്തിന്റെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ്/വാടകച്ചീട്ട്, എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതായി വരും.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കേണ്ടതാണ്. വ്യവസായ-വാണിജ്യ ഡയറക്ടര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. പദ്ധതി തുകയുടെ 30 ശതമാനം വനികള്‍ക്കായി മാറ്റിവയ്ക്കുമെന്നത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. അതിനാല്‍ തന്നെ സംരംഭകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതിയില്‍ ഭാഗമാകാന്‍ ശ്രമിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://industry.kerala.gov.in/index.php/schemes/margin-money-grant-to-nano-units എന്ന വെബസൈറ്റ് സന്ദര്‍ശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.