Sections

ഇടുക്കിയിൽ ഇക്കുറി വിതരണം ചെയ്യുക 35,329 സൗജന്യ ഓണകിറ്റുകൾ

Sunday, Aug 20, 2023
Reported By Admin
Onam Kit

പൊന്നോണ നാളിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ മുൻ വർഷങ്ങളെപോലെ കരുതലിന്റെ ഭക്ഷ്യ കിറ്റുകൾ സൗജന്യ വിതരണത്തിനായി ഒരുക്കി സർക്കാർ. സദ്യയും പായസവും ഒരുക്കി സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള 13 ഇനങ്ങളുണ്ട് ഇക്കുറി ഓണക്കിറ്റിൽ.

ഇക്കുറി ജില്ലയിൽ 35,329 ഓണക്കിറ്റുകളാണ് സൗജന്യ വിതരണത്തിന് എത്തുക. ജില്ലയിലെ എഎവൈ കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഓണത്തിന് സർക്കാരിന്റെ കരുതൽ കിറ്റുകൾ ലഭിക്കുക. എഎവൈ കാർഡുടമകൾക്കായി 34,407 കിറ്റുകളും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 922 കിറ്റുകളുമാണ് വിതരണം ചെയ്യുക.

എഎവൈ കാർഡുടമകൾക്ക് തൊടുപുഴ താലൂക്കിൽ 7556 കിറ്റുകളും ഇടുക്കി താലൂക്കിൽ 6583 കിറ്റുകളും പീരുമേട് താലൂക്കിൽ 4783 കിറ്റുകളും ദേവികുളം താലൂക്കിൽ 9593 കിറ്റുകളും ഉടുമ്പൻചോലയിൽ 5892 കിറ്റുകളും വിതരണത്തിന് എത്തും. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി തൊടുപുഴയിൽ 258 കിറ്റുകളും ഇടുക്കിയിൽ 317 കിറ്റുകളും ദേവികുളത്ത് 178 കിറ്റുകളും ഉടുമ്പൻചോലയിൽ 96 കിറ്റുകളും പീരുമേട് 73 കിറ്റുകളും വിതരണം ചെയ്യുമെന്ന് സപ്ലൈകോ റീജിയണൽ മാനേജർ ആർ ജയശ്രീ അറിയിച്ചു.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മികസ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി ഉൾപ്പടെ 13 ഇനം സാധനങ്ങൾ അടങ്ങുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. സപ്ലേകോയുടെ സഹകരണത്തോടെ റേഷൻ കടകൾ വഴിയാണ് ഓണകിറ്റുകൾ വിതരണം ചെയ്യുക. പാക്കിങ് ജോലികൾ പുരോഗമിക്കുകയാണെന്നും 23 ഓടെ വിതരണം തുടങ്ങുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.