Sections

പദ്മശ്രീ നേട്ടം സ്വന്തമാക്കി നാല് മലയാളികൾ, ആറ് പേർക്ക് പദ്മ വിഭൂഷൺ

Thursday, Jan 26, 2023
Reported By admin
padmashree

നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ളോബ് പുരസ്കാരം നേടി അഭിമാനമായ...


കണ്ണൂർ ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻപൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, കണ്ണൂരിലെ ഭാരതി കളരിയിലെ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, വയനാട്ടിലെ ജൈവകൃഷി പ്രചാരകനായ ആദിവാസി കർഷകൻ ചെറുവയൽ രാമൻ എന്നീ നാല് മലയാളികൾക്ക് പദ്മശ്രീ തിളക്കം. മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിൽ അനശ്വര ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിനെ കേന്ദ്രം നൽകി ആദരിച്ചത് പദ്മഭൂഷൺ. ആറു പേർക്ക് പദ്മവിഭൂഷൺ നൽകി.

അന്തരിച്ച സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്, തബലയിൽ മാന്ത്രികരാഗങ്ങൾ തീർക്കുന്ന സക്കീർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, നിർജലീകരണത്തെ തടയുന്ന ഓറൽ റിഹൈഡ്രേഷൻ സൊലൂഷൻ (ORS) ജനകീയമാക്കിയ അന്തരിച്ച പ്രശസ്ത ബംഗാളി ശിശുരോഗ വിദഗ്ദ്ധൻ ദിലീപ് മഹാനലബീസ്, പ്രമുഖ ഗണിത ശാസ്ത്രജ്ഞൻ എസ്.ആർ. ശ്രീനിവാസ വരദൻ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗുജറാത്തി ആർക്കിടെക്റ്റ് ബാലകൃഷ്ണ വിതൽദാസ് ദോഷി എന്നി ആറുപേരെ രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ സുധാമൂർത്തി(Sudha Murthy), ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ഗുരു കമലേഷ് പട്ടേൽ, ബോളിവുഡ് ഗായിക സുമൻ കല്യാൺപൂർ, പ്രമുഖ വ്യവസായി കുമാർ മംഗലം ബിർള, കർണാടകയിലെ പ്രമുഖ എഴുത്തുകാരൻ എസ്.എൽ, ഭൈരപ്പ, ഭൗതിക ശാസ്ത്രജ്ഞൻ ദീപക് ധർ, സ്വാമി ചിന്ന ജീയാർ (ആത്മീയ ഗുരു, തെലങ്കാന), ഭാഷാ വിദഗ്ദ്ധൻ കപിൽ കപൂർ, എന്നിങ്ങനെ 9 പേർക്ക് പദ്മഭൂഷൺ നൽകി.

നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ളോബ് പുരസ്കാരം നേടി അഭിമാനമായ എം.എം.കീരവാണി, അന്തരിച്ച പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല എന്നിവർ ഉൾപ്പെടെ 91 പേർക്കാണ് പദ്മശ്രീ. കേരളത്തിന് അഭിമാനത്തികവ് നൽകുന്നതാണ് കൽപ്പറ്റയിലെ രാമന്റെ ചെറുവയലിൽ വിളഞ്ഞ പദ്മശ്രീ. വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ കർഷകനുമാണ് ചെറുവയൽ രാമൻ. വൈകിയാണെങ്കിലും രാമനെത്തേടി പത്മശ്രീ എത്തി. 55 പാരമ്പര്യ നെൽവിത്തുകൾ രാമന്റെ പക്കലുണ്ട്.ആവശ്യക്കാർക്ക് ഇത് നൽകാറുണ്ട്.കൃഷി ചെയ്താൽ തിരിച്ച് കൊടുക്കണമെന്നതാണ് ഏക വ്യവസ്ഥ.

ഗാന്ധിമാർഗം ജീവിതമാക്കിയ വി.പി. അപ്പുക്കുട്ട പൊതുവാളിനും ആദരവാണ് പദ്മശ്രീ. ഗാന്ധിജിയെയും സ്വദേശി പ്രസ്ഥാനത്തെയും നെഞ്ചോടു ചേർത്ത വ്യക്തിത്യമാണ് പയ്യന്നൂർ സ്വദേശിയായ പൊതുവാൾ.. സ്വാതന്ത്ര്യസമരസേനാനിയും ഖാദിപ്രചാരകൻ, എഴുത്തുകാരൻ, മാദ്ധ്യമപ്രവർത്തകൻ എണിങ്ങനെ സാമൂഹിക- സാംസ്കാരിക-ആദ്ധ്യാത്മിക മേഖലകളിലെല്ലാം തിളക്കം നൽകിയ വൃക്തിത്വം. പ്രായം നൂറിലെത്തിയ അപ്പുക്കുട്ടപൊതുവാൾ പയ്യന്നൂരിൽ സജീവമാണ്. 1934 ജനുവരി 12-ന് ഗാന്ധിജിയെ കണ്ടതും പ്രസംഗം കേട്ടതുമാണ് ജീവിതത്തിൽ വഴിത്തിരിവായത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.