- Trending Now:
ഐഒഎസിനോടും, ആൻഡ്രോയിഡിനോടും മത്സരിക്കാൻ നൂതന ഓപ്പറേറ്റിംഗ് സിസ്റ്റം ഭറോസുമായി ഐഐടി മദ്രാസ്. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ നിർമ്മിത മൊബൈൽ ഓപ്പറേറ്റിംഗ് സംവിധാനമാണ് ഭാരത് ഒഎസ് അഥവാ ഭറോസ്. ഐഐടി മദ്രാസിന്റെ സ്റ്റാർട്ട്അപ്പ് സംരംഭമായ ജന്ധ്കോപ്സ് ആണ് ഭറോസിന്റെ നിർമ്മാണത്തിന് പിന്നിൽ.
ആപ്പിളിന്റെ ഐഒഎസും, ഗൂഗിളിന്റെ ആൻഡ്രോയ്ഡും ഒരു സ്മാർട്ട്ഫോണിൽ പ്രവർത്തിക്കുന്നതിന് സമാനമായിട്ടായിരിക്കും ഈ സംവിധാനവും പ്രവർത്തിക്കുന്നത്. ഗൂഗിൾ ആപ്പുകളും, സർവീസുകളും മറ്റ് ആപ്പുകളുമൊന്നും പ്രീഇൻസ്റ്റാൾഡ് ആയി വരുന്നില്ലെന്നതാണ് പ്രധാന വ്യത്യാസം. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ ഇഷ്ടാനുസരണം ആപ്പുകളും, സേവനങ്ങളും ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയിഡിനേക്കാളും ഐഒഎസിനെക്കാളും മികച്ച ഫീച്ചറുകളും സുരക്ഷിതത്വവും ഭറോസിനുണ്ടെന്നാണ് ഡെവലപ്പർമാർ അവകാശപ്പെടുന്നത്. അതേസമയം, സംവിധാനം ഏതൊക്കെ സ്മാർട്ട്ഫോണുകളിൽ ലഭ്യമാകും, എന്നു മുതൽ ഡൗൺലോഡിംഗ് സാധ്യമാകും തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയായിട്ടില്ല.
കേരളത്തിൽ ഉയർന്നു വരുന്നു കൂടുതൽ ഐടി പാർക്കുകൾ... Read More
ലിനക്സ് അധിഷ്ഠിത ഇന്ത്യൻ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഭറോസ്. നിലവിൽ വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സംവിധാനങ്ങൾ വിനിയോഗിക്കുന്ന രാജ്യത്തെ 100 കോടി ഉപയോക്താക്കൾക്ക് ഭറോസ് ഒരു ബദൽ മാർഗമാകും എന്നാണ് വിലയിരുത്തുന്നത്. പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയർ വാണിജ്യപരമായ ഓഫ്-ദി-ഷെൽഫ് ഹാൻഡ്സെറ്റുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഡിഫോൾട്ട് ആപ്പുകളൊന്നും ഉൾപ്പെടാത്തത് കൊണ്ടു തന്നെ ഉപയോക്താക്കൾക്ക് കൂടുതൽ സ്റ്റോറേജ് സ്പെയ്സ് ഭറോസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് വിശ്വാസമില്ലാത്ത ഒരു ആപ്പും ഉപയോഗിക്കാൻ ഇത് നിർബന്ധിക്കുന്നില്ല. ആൻഡ്രോയിഡിന് സമാനമായ ''നേറ്റീവ് ഓവർ ദി എയർ'' (NOTA) അപ്ഡേറ്റുകൾ BharOS വാഗ്ദാനം ചെയ്യുന്നു. സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യുകയും ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്ന സംവിധാനമാണിത്.
ഡൗൺലോഡിംഗ് എങ്ങനെ?
പരമ്പരാഗത ആൻഡ്രോയിഡ് അനുഭവത്തെ മറികടക്കുന്ന ഒന്ന് ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് ഭരോസ് വികസിപ്പിച്ചിരിക്കുന്നത്. ഒരു വിദേശ കമ്പനിയെയും ആശ്രയിക്കാതെയുള്ള, തീർത്തും തദ്ദേശീയമായ ഓപ്പറേറ്റിംഗ് സിസ്റ്റം വാഗ്ദാനം ചെയ്യുക എന്നതാണ് ഡെവലപ്പർമാരുടെ പ്രധാന ലക്ഷ്യം. അതിനാൽ, സംവിധാനത്തിന് പ്രത്യേകം ആപ്പ് സ്റ്റോർ ഉണ്ടായിരിക്കുമെന്നാണ് സൂചന. അത് ഉപയോക്താക്കളെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും അനുവദിക്കുകയും ഗൂഗിൾ ആപ്പ് സ്റ്റോറിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.