Sections

പനി രോഗമല്ല, രോഗലക്ഷണമാണ്, ലക്ഷണങ്ങളും കാരണങ്ങളും അറിഞ്ഞ് ചികിത്സിക്കാം

Saturday, Aug 02, 2025
Reported By Soumya
Understanding Fever: Types, Symptoms & Care Tips

പനി രോഗമല്ല, രോഗലക്ഷണമാണ്. അകത്ത് എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് ശരീരം നമ്മോട് പറയുകയാണ് പനിയിലൂടെ. നിർബന്ധമായി ചികിത്സ തേടേണ്ട ഒന്നല്ലെങ്കിലും പനിവന്നാൽ പിന്നെ ആധിയാണ്. ഉടനെ ഡോക്ടറെ കാണാതെ, മിനിമം ഒരു ആന്റിബയോട്ടിക് ഗുളികയെങ്കിലും കഴിക്കാതെ സ്വസ്ഥരാവില്ല നമ്മൾ. പക്ഷേ അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ പനിയെ. ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിഞ്ഞാൽ പനി പ്രതിരോധവും എളുപ്പമാകും.

  • സാധാരണ മഴക്കാലമാകുമ്പോൾ കണ്ടുവരാറുള്ളതാണ് ജലദോഷപ്പനി. ജലദോഷത്തിൽ തുടങ്ങി മൂക്കൊലിപ്പും തുമ്മലും കടന്ന് തൊണ്ടവേദനയും തലവേദനയുമായി ഒടുവിൽ പനിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്.കുറച്ചുദിവസത്തെ വിശ്രമംകൊണ്ടുതന്നെ ജലദോഷപ്പനി മാറാറുണ്ട്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കുകൊണ്ടോ തൂവാലകൊണ്ടോ മുഖം മറയ്ക്കണം. ഇടയ്ക്കിടെ ആവിപിടിക്കുന്നത് ജലദോഷത്തിന്റെ അസ്വസ്ഥതകൾ മാറാൻ നല്ലതാണ്. രോഗി ഉപയോഗിച്ച തോർത്ത്, തൂവാല തുടങ്ങിയവ കൈമാറി ഉപയോഗിക്കരുത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കണം. ചായ, കാപ്പി എന്നിവയ്ക്ക് പകരം കഞ്ഞി, പഴച്ചാറുകൾ എന്നിവ കുടിക്കാം.
  • മഴക്കാലത്ത് വ്യാപകമായി കാണാറുള്ളത് ഡെങ്കിപ്പനിയാണ്. പ്രമേഹം, വൃക്കരോഗികൾ, കരൾ-ഹൃദ്രോഗമുള്ളവർ എന്നിവരിൽ പനി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധവേണം.കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനിയുണ്ടായശേഷമുള്ള ആദ്യ മൂന്ന്, നാല് ദിവസം പ്രധാനമാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനാൽ രോഗിക്ക് ചിലപ്പോൾ രക്തസ്രാവം കണ്ടേക്കാം.ഡങ്കിപ്പനിക്ക് കൃത്യമായ മരുന്നുകൾ ഇല്ലാത്തതിനാൽ പ്രതിരോധം തന്നെയാണ് പ്രധാനം. പകൽ കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പനി കുറയാനുള്ള മരുന്നുകളാണ് ഡോക്ടർ നിർദേശിക്കാറുള്ളത്.
  • ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. രോഗാണുകലർന്ന വെള്ളം കുടിക്കുന്നതും എലിപ്പനിക്ക് കാരണമാകാം. എലിപ്പനി മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. മൃഗങ്ങളെ പരിപാലിക്കുന്നവർ, അഴുക്കുള്ള ഇടങ്ങളിൽ ജോലിചെയ്യുന്നവർ തുടങ്ങിയവർക്ക് രോഗംവരാൻ സാധ്യത കൂടുതലാണ്.അതിശക്തമായ വിറയലോടെയുള്ള പനി തലവേദന, ശക്തമായ പേശീവേദന. കണ്ണിന് ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം. കഠിനമായ ശരീരവേദനയും കണ്ണിൽ ചുവപ്പുനിറവും കണ്ടാൽ ഡോക്ടറെ കാണാണം.
  • ക്യുലക്സ് കൊതുകുകൾ വഴിയാണ് വെസ്റ്റ്നൈൽ പനി പകരുന്നത്. ജപ്പാൻജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ് കാണാറുള്ളത്.രോഗബാധിതരായ ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ പ്രകടമായി കാണാറില്ല. എങ്കിലും ഇനി പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം. തലവേദന, പനി തലചുറ്റൽ, പേശീവേദന, ഓർമ നഷ്ടമാവൽ ചിലരിൽ തലവേദന, പനി, ചൊറിച്ചിൽ എന്നിവയും കണ്ടേക്കാം.
  • കുട്ടികളിൽ ഇടയ്ക്കിടെയുണ്ടാകുന്ന പനി മാതാപിതാക്കളെ ആശങ്കപ്പെടുത്താറുണ്ട്. ശരീര ഊഷ്മാവ് ഉയരുക, കൈകാലുകളിൽ വേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ പനി സംശയിക്കാം. സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളംകൊണ്ട് കുഞ്ഞിന്റെ ശരീരം നനച്ചുതുടയ്ക്കുന്നത് നല്ലതാണ്. കക്ഷം, തുടയുടെ മേൽഭാഗത്തെ മടക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നന്നായി തുടയ്ക്കണം. പനി കുറയുന്നില്ലെങ്കിലും സ്വയംചികിത്സയ്ക്ക് നിൽക്കാതെ വൈദ്യസഹായം തേടാം.

പനിക്കുള്ള പാരസെറ്റാമോൾ മരുന്ന് ഡോക്ടർ നിർദേശിച്ച അളവിൽ നൽകണം. ഉപ്പിട്ട കഞ്ഞിവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ നൽകുന്നതും ഗുണകരമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുലയൂട്ടുന്ന കുഞ്ഞിന് പനിയുണ്ടെങ്കിലും അത് തുടരാം. മരുന്ന് നൽകിയിട്ടും പനി കുറയാതിരിക്കുകയും മറ്റെന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്താൽ ഉടൻ ആസ്പത്രിയിൽ കൊണ്ടുപോകണം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.