Sections

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഒരുക്കങ്ങൾ പൂർത്തിയായി: റൂട്ട് പ്രഖ്യാപിച്ചു

Thursday, Apr 27, 2023
Reported By Admin
FEDERAL BANK  KOCHI MARATHON

റൂട്ടിന് വേൾഡ് അത്ലെറ്റിക്സിന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു


കൊച്ചി: മെയ് ഒന്നിന് നടക്കുന്ന പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഒരുക്കങ്ങൾ പൂർത്തിയായി. മാരത്തൺ റൂട്ട്, മെഡൽ, ടീ ഷർട്ട് എന്നിവ അനാവരണം ചെയ്തു. 42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങളിലാണ് മാരത്തൺ നടക്കുക.

മാരത്തൺ പുലർച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഫ്ളാഗ് ഓഫ് ചെയ്യും. എം ജി റോഡ് വഴി തേവര ജംഗ്ഷൻ, ഓൾഡ് തേവര റോഡ്, ചർച്ച് ലാൻഡിംഗ് റോഡ്, ഫോർഷോർ റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനിൽ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനർ റോഡ് വഴി ചേരാനല്ലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കണ്ടയിനർ റോഡ് വഴി മറൈൻ ഡ്രൈവ്, ഫോർഷേർ റോഡ്, ഹോസ്പിറ്റൽ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിക്കും. മാരത്തൺ റൂട്ടിന് വേൾഡ് അത്ലെറ്റിക്സിന്റെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഹാഫ് മാരത്തൺ രാവിലെ 5 മണിക്കും, 10 കി മീ മാരത്തൺ 6 മണിക്കും, 3 കിമീ ഗ്രീൻ റൺ 7 മണിക്കും ആരംഭിക്കും.

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ മെഡലുകളും, ടീ ഷർട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു. നെറ്റിപ്പട്ടം മാതൃകയിലാണ് ഫിനിഷേഴ്സ് മെഡൽ രൂപകൽപന ചെയ്തിരിക്കുന്നത്. നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമെന്നോണം കേരളത്തിന്റെ മൂല്യങ്ങളുമായി ഇഴചേർന്ന ആശയങ്ങളുടെ പ്രതിഫലനമാണ് മെഡൽ. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച അത്ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ദേശീയ ഇവന്റായി മാറുമെന്ന് റേസ് ഡയറക്ടർ ശബരി നായർ പറഞ്ഞു.

ഫെഡറൽ ബാങ്ക് കൊചി മാരത്തൺ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധ നേടുമെന്ന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും എറണാകുളം റീജിയണൽ ഹെഡുമായ മോഹനദാസ് ടി.എസ് പറഞ്ഞു. സിഎഫ്ഒ ഉൾപ്പെടെ ഫെഡറൽ ബാങ്കിലെ 500-ഓളം ജീവനക്കാർ മാരത്തണിൽ ഓടുമെന്നും അദ്ദേഹം അറിയിച്ചു.

മാരത്തൺ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. ഹോൾഡിംഗ് ഏരിയയിൽ ബേസ് മെഡിക്കൽ ക്യാമ്പും മാരത്തൺ റൂട്ടിൽ ആറ് മെഡിക്കൽ സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ഔദ്യോഗിക മെഡിക്കൽ ഡയറക്ടറും ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. ജോൺസൺ കെ വർഗീസ് പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മൂന്ന് ആംബുലൻസുകളുടെ സേവനവും ഒരുക്കും. എല്ലാ വോളന്റിയർമാർക്കും അടിയന്തര പരിചരണങ്ങളിലും സിപിആർ പോലുള്ള പ്രക്രിയകളിലും പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോ. ജോൺസൺ അറിയിച്ചു.

ഗ്രീൻ ബയോ പ്രൊഡക്ട്സിനെ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഗ്രീൻ പാർട്ണറായി പ്രഖ്യാപിച്ചു. മാരത്തൺ ബാക്കി വെക്കുന്ന എല്ലാ മാലിന്യങ്ങളും ഗ്രീൻ ബയോ പ്രൊഡക്ട്സിന്റെ സർക്കാർ അംഗീകൃത സിപിസിബി സർട്ടിഫൈഡ് കംപോസ്റ്റബിൾ ഗാർബേജ് ബാഗിൽ ആയിരിക്കും ശേഖരിക്കുക. കൂടാതെ പ്ലാസ്റ്റിക് ഇതര കംപോസ്റ്റബിൾ ഉത്പന്നങ്ങൾ പരിചയപെടുത്തുന്നതിനായി മാരത്തണിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഗ്രീൻ ബയോ പ്രോഡക്ട്സിന്റെ 180 ദിവസം കൊണ്ട് ജൈവ സംസ്കരണം സാധ്യമാക്കുന്ന കംപോസ്റ്റബിൾ ഗാർബേജ് ബാഗുകൾ സൗജന്യമായി നൽകുമെന്ന് ഗ്രീൻ ബയോ പ്രൊഡക്ട്സിന്റെ ഡോ. സിനി പ്രദീപ് അറിയിച്ചു. മാരത്തണിന്റെ സ്പോർട്ടി ഫാഷൻ പങ്കാളിയായ ഡിബോംഗോ ബ്രാൻഡ് ഉടമയായ വികെസി ഗ്രൂപ്പിന്റെ മാർക്കറ്റിങ് എജിഎം ബ്ലെസ്സൻ ജോസഫ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് കെ. പോൾ, ബൈജു പോൾ, സ്പോർട്സ്പ്രോ ഡയറക്ടർ എം.ആർ.കെ. ജയറാം, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ പ്രൊജക്ട് ഹെഡ് വിപിൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് അനാവരണം ചെയ്തപ്പോൾ. (ഇടത്ത് നിന്ന്) മാധവമേനോൻ, വികെസി ഗ്രൂപ്പ് മാർക്കറ്റിങ് എജിഎം ബ്ലെസ്സൻ ജോസഫ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മോഹനദാസ് ടി.എസ്, മാരത്തണിന്റെ ഔദ്യോഗിക മെഡിക്കൽ ഡയറക്ടറും ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. ജോൺസൺ കെ വർഗീസ്, മാരത്തൺ പ്രൊജക്ട് ഹെഡ് വിപിൻ നമ്പ്യാർ, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി നായർ, അനീഷ് കെ. പോൾ, എം.ആർ.കെ. ജയറാം, ബൈജു പോൾ (വലത്തെയറ്റം), കെ. വേണുഗോപാൽഎന്നിവർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.