Sections

കർഷകർ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക്  ഊന്നൽ നൽകണം: മന്ത്രി പി.പ്രസാദ്

Tuesday, Oct 17, 2023
Reported By Admin
Agri News

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു


കർഷകർ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കിയാൽ വലിയ സാധ്യതകളാണ് മുന്നിലുള്ളത്. അതാത് പ്രദേശങ്ങളിൽ കൃഷി കൂട്ടങ്ങൾ ഇതിന് മുൻകൈയെടുക്കണം. ഇത്തരം സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ് സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും നയം.

വിപണിയിലെ ആവശ്യകത അറിഞ്ഞ് കൃഷി ചെയ്യുക എന്നതും നിലവിലെ സാഹചര്യത്തിൽ പ്രധാനമാണ്. ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നു. ആ ഘടനയെ ശാസ്ത്രീയമായി പഠിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മെച്ചപ്പെട്ട വിളവ് ലഭിക്കും.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില ലഭിക്കുക എന്നതും ആവശ്യമാണ്. അവിടെയാണ് കാർഷിക വിപണന കേന്ദ്രങ്ങളുടെ പ്രാധാന്യം. കൂവപ്പടിയിലെ വിപണന കേന്ദ്രം മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്നും ഭാവിയിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി അജയകുമാർ, പി.പി അവറാച്ചൻ, സിന്ധു അരവിന്ദ്, കെ.എം ഷിയാസ്, ഷിജി ഷാജി, ശില്പ സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.