- Trending Now:
പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സഹകരണസംഘം പ്രസിഡന്റ് - സെക്രട്ടറിമാരെ ഉൾപ്പെടുത്തി യോഗം ചേർന്നു. സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനത്തിൽ കുറയാതെ നെല്ല് അരിയാക്കി സർക്കാരിന് തിരികെ നൽകണമെന്നാണ് ഹൈക്കോടതി നിർദേശം. ഇത് പാലിക്കേണ്ടതുണ്ടെന്ന് സഹകരണ സംഘം പ്രതിനിധികളോട് മന്ത്രിമാർ പറഞ്ഞു.
കർഷകർക്ക് നെല്ല് സംഭരണതുക ഉടൻ നൽകണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവർ പറഞ്ഞു. 17 ശതമാനത്തിന് മുകളിൽ ഈർപ്പമുള്ള നെല്ലിന്റെ സംഭരണം സംബന്ധിച്ച് സഹകരണ സംഘങ്ങൾ മില്ലുകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സംഭരിച്ച നെല്ലിന്റെ തുക പി.ആർ.എസ് റെസിപ്റ്റിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾ കർഷകർക്ക് നൽകും. എത്ര കർഷകരിൽ നിന്ന് എത്ര നെല്ല് സംഭരിച്ചു എന്നത് സംബന്ധിച്ച വിവരങ്ങൾ സംഘങ്ങൾ സർക്കാരിന് നൽകുന്ന മുറയ്ക്ക് ഒരു മാസത്തിനകം സഹകരണ സംഘങ്ങൾക് തുക കൈമാറുമെന്ന് മന്ത്രി കെ. കൃഷണൻകുട്ടി പറഞ്ഞു.
സ്വപ്നം തീരം തൊട്ടു; വിഴിഞ്ഞത്തിലൂടെ വരുന്നത് ഭാവനകൾക്കപ്പുറമുള്ള വികസനം: മുഖ്യമന്ത്രി... Read More
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എത്ര പ്രാഥമിക സഹകരണ സംഘങ്ങൾ സന്നദ്ധരാണെന്നത് സംബന്ധിച്ച റിപ്പോർട്ട് ആറ് ദിവസത്തിനകം ജില്ലാ കലക്ടർക്ക് നൽകാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകി. നെല്ല് അരിയാക്കാൻ സൗകര്യമില്ലാത്ത സഹകരണ സംഘങ്ങൾക്ക് മറ്റ് സംഘങ്ങളുമായി കൺസോർഷ്യം രൂപീകരിച്ച് പ്രതിവിധി കണ്ടെത്താം. അരിയാക്കാൻ പറ്റാത്ത സഹകരണ സംഘങ്ങളുള്ള മേഖലകളിലെ നെല്ല് സപ്ലൈക്കോ നേരിട്ട് സംഭരിക്കും. ഗോഡൗൺ സൗകര്യം ഉറപ്പാക്കുക, സഹകരണ സംഘങ്ങൾക്ക് ബാധ്യതയുണ്ടാതെ നെല്ലെടുക്കാൻ സൗകര്യമുണ്ടാക്കുക, ചണച്ചാക്കുകൾ ലഭ്യമാക്കുക, പ്ലാസ്റ്റിക് ചാക്കിന് പകരം ചണച്ചാക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സഹകരണസംഘം പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 18 ന് സർക്കാർ തീരുമാനമുണ്ടാകുമെന്നും മന്ത്രിമാർ പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠൻ, സപ്ലൈകോ ആർ.എം, പാഡി മാർക്കറ്റിങ് ഓഫീസർമാർ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ, ജില്ലാ സപ്ലൈ ഓഫീസർ വി.കെ ശശിധരൻ, വിവിധ സഹകരണ സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.