Sections

എഥിരിയം കോയിനുകള്‍ 7.26 ശതമാനം നേട്ടത്തില്‍

Thursday, Sep 02, 2021
Reported By Gopika
etherium

ക്രിപ്റ്റോ വിപണിയില്‍ കോയിനുകള്‍ വീണ്ടും ഊര്‍ജം കൈവരിക്കുന്നു

 

കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്ക് പോയ ക്രിപ്റ്റോ വിപണിയില്‍ കോയിനുകള്‍ വീണ്ടും ഊര്‍ജം കൈവരിക്കുകയാണ്. നിക്ഷേപകരെ ഒന്ന് പേടിപ്പിച്ചെങ്കിലും, നിലവില്‍ ആശ്വാസം നല്‍കിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറില്‍ മുന്‍നിര കോയിനുകളുടെയെല്ലാം മൂല്യം മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതേ സമയം ബിറ്റ്കോയിന്‍ ഇടിവ് തുടരുകയാണ്. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ.

റ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും, നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ പ്രത്യേകത. ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ കഴിയുകയുള്ളു. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.26 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 2,71,570 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. റിപ്പിള്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.84 ശതമാനം വര്‍ധനവ് നേടി. 94.28 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

അതേസമയം ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്‌നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്‌റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ക്രിപ്റ്റോകറന്‍സികളെ കുറിച്ച് നടത്തിയ പരാമര്‍ശവും സാമ്പത്തിക ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. നിയമസാധുതയോടെ കൃത്യമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് വലിയ ഭാവിയുണ്ടെന്നാണ് രഘുറാം രാജന്റെ പക്ഷം. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ക്ക് ശേഷം രഘുറാം രാജനും ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ നിലപാട് അറിയിച്ച സാഹചര്യം നിക്ഷേപകരില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.