- Trending Now:
തിരുവനന്തപുരം: വിവിധ മേഖലകളിലെ സഹകരണ സാധ്യതകൾ തേടി ഇന്ത്യയിലെ എസ്റ്റോണിയൻ അംബാസഡർ മാർജെ ലുപ്പിൻറെ നേതൃത്വത്തിലുള്ള ഉന്നത വ്യവസായ പ്രതിനിധി സംഘം ടെക്നോപാർക്ക് സന്ദർശിച്ചു.
ഇ-ഗവേണൻസ്, ഇ-ഹെൽത്ത്, ബഹിരാകാശം, ദുരന്തനിവാരണം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് എസ്റ്റോണിയയിൽ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചർച്ച നടത്തി.
കേരളത്തിൻറെ സേവന മേഖല രാജ്യത്തിന് മാതൃകയാണെന്ന് സീറാം സാംബശിവ റാവു ചൂണ്ടിക്കാട്ടി. ശക്തമായ സാങ്കേതികവിദ്യ ആവാസവ്യവസ്ഥ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വകാര്യ മേഖലയിൽ നിന്നുൾപ്പടെയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സർക്കാരിൻറെ വ്യവസായ നയം പരിസ്ഥിതിസൗഹൃദമായ 22 മുൻഗണനാ മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്റ്റോണിയയിലെ സ്റ്റാർട്ടപ്പുകൾക്കും സർവകലാശാലകൾക്കും കേരളവുമായി ബന്ധം സ്ഥാപിക്കാനും ആശയങ്ങൾ പങ്കിടാനും വലിയ അവസരങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്റ്റോണിയയുടെ ഇ-ഗവേണൻസും സാങ്കേതിക സംരംഭങ്ങളും മാർജെ ലുപ്പ് വിശദീകരിച്ചു. കേരളം മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും ഇവിടെ നടപ്പാക്കുന്ന ഇ-ഗവേണൻസ് പോലുള്ള സംരംഭങ്ങളിൽ വലിയ മതിപ്പുണ്ടെന്നും മാർജെ പറഞ്ഞു. സൈബർ സുരക്ഷയിലും എഐയിലും കഴിവ് തെളിയിച്ചിട്ടുള്ള കേരളത്തിലെ സ്റ്റാർട്ടപ്പുകളുമായും കമ്പനികളുമായും സഹകരണത്തിന് എസ്റ്റോണിയ താൽപ്പര്യപ്പെടുന്നു. കുറച്ചുകാലമായി എസ്റ്റോണിയ ഇന്ത്യയിലേക്ക് സ്റ്റാർട്ടപ്പുകളെ കൊണ്ടുവരുന്നുണ്ട്. കേരളത്തിൻറെ ഊർജ്ജസ്വലമായ സാങ്കേതിക ആവാസവ്യവസ്ഥയും ബഹിരാകാശ മേഖല ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതിക മേഖലകളും ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയ മാർജെ ലുപ്പ് എസ്റ്റോണിയയിൽനിന്ന് ഒരു സ്റ്റാർട്ടപ്പ് പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.
എസ്റ്റോണിയ ബിസിനസ് ആൻഡ് ഇന്നൊവേഷൻ ഏജൻസി എഫ്ഡിഐ ആൻഡ് എക്സ്പോർട്ട് ഹെഡ് വിനോദ് ബസ് ലിയാൽ, എനർജി ക്ലസ്റ്റർ പ്രതിനിധി സ്വെൻ പാർകൽ, മാരിടൈം ക്ലസ്റ്റർ പ്രതിനിധി ജാക്ക് വിലിപസ്, ഹെൽത്ത് ടെക് ക്ലസ്റ്റർ പ്രതിനിധി മാരിറ്റ് ജലാകസ്, വുഡ്ഹൗസ്/പ്രീഫാബ്രിക്കേറ്റഡ് ക്ലസ്റ്റർ പ്രതിനിധി മാർകോ വാലർ, ഫിലിം ഇൻഡസ്ട്രി പ്രതിനിധി ആൻറോൺ ഇൽജിൻ എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ, കെഎസ്ഐടിഎം ഇ ഗവേണൻസ് ഹെഡ് ശബരീഷ്, കെഎസ്ഐടിഎം ടെക്നോളജി ഹെഡ് സുബിൽ വി.എസ്, ഡി.യു.കെ പ്രൊഫസർ ഡോ. അലക്സ് ജെയിംസ്, സി.ഡി.ഐ.ടി ഡയറക്ടർ ഡോ. സുനിൽ ടി.ടി, ടെക്നോപാർക്ക് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് വസന്ത് വരദ, ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുകളായ ഡോ. അനൂപ നാരായണൻ, ശ്രീനാഥ് ജ്ഞാനേശ്വർ, അക്ഷയ് കണ്ണൻ, പ്രകാശ് മാത്യു എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.