- Trending Now:
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് ഏഴു മുതൽ 13 വരെ കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയ്ക്ക് ഇന്ന് (മെയ് ഏഴ്) തുടക്കമാവും. വൈകീട്ട് മൂന്നിന് കായിക-ന്യൂന പക്ഷ-ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കോട്ടക്കുന്നിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനം ചെയ്യും. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പി. ഉബൈദുള്ള എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം പിമാർ, എം എൽ എമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകുന്നേരം ഏഴിന് ഷഹബാസ് പാടുന്നു സംഗീത പരിപാടി നടക്കും.
മേളയുടെ രണ്ടാം ദിനമായ മെയ് എട്ടിന് രാവിലെ 10.30ന് കുടുംബശ്രീയുടെ 'വനിതകൾക്കുള്ള ഊർജ്ജസംരക്ഷണ പരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ 'റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. മെയ് എട്ടിന് വൈകുന്നേരം ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക്ലോർ ലൈവും നടക്കും.
മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ജനറൽ കൺവീനർ ജില്ലാ കളക്ടർ വി.ആർ.വിനോദ്, ജില്ലാ പോലിസ് മേധാവി ആർ. വിശ്വനാഥ്, കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ 90 ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽ ഇ ഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും. കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷൻ.
കോട്ടക്കുന്നിൽ രണ്ട് എസി ഹാംഗറുകളും ഒരു നോൺ എസി ഹാംഗറുമടക്കം ആകെ 45,192 ച. അടിയിൽ ശീതീകരിച്ച രണ്ട് ഹാംഗറുകൾ ഉൾപ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുങ്ങുന്നത്. വിപുലമായ സജ്ജീകരണങ്ങളുടെ ആണ് പ്രദർശന വിപണന മേള നടക്കുന്നത്. 90 ഓളം സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ഓളം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, 2000 ച. അടിയിൽ പി.ആർ.ഡിയുടെ എന്റെ കേരളം ഒന്നാമത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദർശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ, ഐ.ടി വകുപ്പിന്റെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകൾ, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. ഭക്ഷ്യമേള, പുസ്തകമേള തുടങ്ങിയവയും ഉണ്ടാകും.
കോട്ടക്കുന്നിലേക്കുള്ള ഡി ടി പി സി യുടെ പ്രവേശന ടിക്കറ്റും പാർക്കിംഗ് ഫീയും ഒഴിവാക്കി പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 10 വരെയാണ് പ്രദർശനം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗം മെയ് 12 ന് രാവിലെ 10.30 മുതൽ 12.30 വരെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ മേഖലകളിലെ പ്രതിനിധികളും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമടക്കം 1200 ഓളം പേർ യോഗത്തിൽ പങ്കെടുക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നാഷണൽ വാട്ടർ വെയ്സ്, ദുരന്തനിവാരണം, നോർക്ക, പോലീസ്, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ഐടി മിഷൻ, റവന്യൂ, ആരോഗ്യം, ഫോറസ്റ്റ്, സപ്ലൈകോ, വൈദ്യുതി, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കെ ഫോൺ, കെ സ്മാർട്ട് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ മികവാർന്ന സ്റ്റാളുകൾ മേളയ്ക്ക് മാറ്റു കൂട്ടും.
മെയ് ഏഴുമുതൽ 13 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികമായ 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയിൽ എല്ലാ ദിവസവും ഏഴു മുതൽ പത്തുമണി വരെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
ഉദ്ഘാടന ദിനമായ മെയ് ഏഴിന് വൈകുന്നേരം ഏഴിന് പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ 'ഷഹബാസ് പാടുന്നു' എന്ന പരിപാടി നടക്കും. മെയ് എട്ടിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക്ലോർ ലൈവ്, മെയ് ഒമ്പതിന് സൂഫിഗായകരായ സമീർ ബിൻസിയും ഇമാമും നയിക്കുന്ന സൂഫി സംഗീത നിശ, മെയ് 10ന് വയനാട്ടിലെ 'ഉണർവ്' നയിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും എന്നിവ നടക്കും. മെയ് 11ന് പെൺകുട്ടികളുടെ അക്രോബാറ്റിക് ഫയർ ഡാൻസ്, മെയ് 12ന് കണ്ണൂർ ഷെരീഫും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, 13ന് പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവയും അരങ്ങേറും.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. മെയ് എട്ടിന് രാവിലെ കുടുംബശ്രീയുടെ 'വനിതകൾക്കുള്ള ഊർജ്ജസംരക്ഷണ പരിശീലന പരിപാടി'യോടെയാണ് സെമിനാറുകൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ 'റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. മെയ് ഒൻപതിന് രാവിലെ 10.30ന് ആയുർവേദ വകുപ്പ് നയിക്കുന്ന 'സ്ത്രീരോഗം-പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ', 'ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ' എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന സെമിനാർ ഉണ്ടായിരിക്കും. പത്താം തിയതി കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് രാവിലെ 10.00ന് 'കാർഷിക മേഖല-നവസംരഭകത്വ സാധ്യതകൾ', 11.30 ന് 'കാർഷിക മലപ്പുറം-ശക്തിയും പ്രതീക്ഷയും'എന്നീ വിഷയങ്ങളിൽ സെമിനാർ നയിക്കും. മെയ് 11ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്ന 'ഗുണമേൻമാ വിദ്യാഭ്യാസവും തുല്യനീതിയും-മലപ്പുറം മാതൃകകൾ', ഉച്ചയ്ക്ക് രണ്ടിന് 'ഒന്നാം ക്ലാസിന്റെ മികവുകൾ' എന്നീ സെമിനാറുകൾ നടക്കും. മെയ് 12ന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കരിയർ ഗൈഡൻസ് പ്രോഗ്രാം ഉണ്ടായിരിക്കും. എക്സൈസ് വകുപ്പിന്റെ 'ലഹരിക്കെതിരെ ഒരുമിച്ച്' എന്ന ബോധവൽക്കരണ സെമിനാർ ഉച്ചയ്ക്ക് രണ്ടിന് നടക്കും. സമാപന ദിനമായ മെയ് 13ന് രാവിലെ 10.30ന് വ്യവസായ വകുപ്പിന്റെ 'ബാങ്കേഴ്സ് മീറ്റ്- സംരഭകർക്കുള്ള ധനസഹായ പദ്ധതി'കളെക്കുറിച്ചുള്ള ക്ലാസ് ആണ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.