Sections

എൻറെ കേരളം മെഗാ പ്രദർശനവിപണനമേള: വിസ്മയക്കാഴ്ച്ചകളൊരുക്കാൻ ബീച്ചിൽ 72000 ചതുരശ്രയടി പ്രദർശനനഗരി ഒരുങ്ങുന്നു

Sunday, May 04, 2025
Reported By Admin
‘Ente Keralam’ Mega Exhibition to Begin in Alappuzha with Massive German Pavilion

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എൻറെ കേരളം' മെഗാ പ്രദർശനവിപണന മേളയ്ക്ക് ആലപ്പുഴ ബീച്ചിൽ പടുകൂറ്റൻ പവലിയൻ ഒരുങ്ങുന്നു. 72,000 ചതുരശ്ര അടിയിൽ അത്യാധുനിക ജർമൻ ഹാംഗറിലാണ് പ്രദർശനമേളയ്ക്കുള്ള പവലിയൻ ഒരുങ്ങുന്നത്. മേയ് ആറ് മുതൽ 12 വരെയാണ് പ്രദർശനവിപണനമേള.

അലുമിനിയം ഫ്രെയിമിൽ വെളുത്ത ടാർപ്പോളിൻ വിരിച്ചാണ് ബീച്ചിൽ പവലിയൻ ഒരുക്കുന്നത്. ശക്തമായ കാറ്റിനെപ്പോലും അതിജീവിക്കാൻ കഴിവുള്ളതും സുരക്ഷിതവുമായ ജർമ്മൻ ഹാംഗറിൽ ചൂട് കുറക്കുന്നതിനാണ് വെള്ള ടാർപ്പോളിൻ വിരിക്കുന്നത്. പവലിയനുള്ളിൽ തടി കൊണ്ടുള്ള പ്ലാറ്റ്ഫോമിന് മുകളിൽ പരവതാനി വിരിച്ചിട്ടുണ്ട്. 115 എസി കളാണ് പന്തൽ ശീതീകരിക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകൾ ചുറ്റി നടന്നു കാണാൻ പാകത്തിനാണ് പവലിയനുള്ളിലെ ക്രമീകരണങ്ങൾ. ഭിന്നശേഷിക്കാരായ സന്ദർശകർക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും ലഭ്യമാക്കിയിട്ടുണ്ട്. മേളയിൽ എത്തുന്നവർക്ക് രുചികരമായ ഭക്ഷണം ഒരുക്കാൻ 10000 ചതുരശ്ര അടിയിൽ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോർട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോർട്ടിൽ ഒരേസമയം 300 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയും.

എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കലാപരിപാടികൾക്കായി 8000 ചതുരശ്ര അടിയിലുള്ള വിശാലമായ സദസ്സും 2048 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റേജും ഒരുക്കിയിട്ടുണ്ട്. സദസ്സിൽ ആയിരം കസേരകൾ ഇടാൻ കഴിയും. കൊല്ലം സൂര്യ സൗണ്ട്സിന്റെ അമ്പതിനായിരം വോട്ട്സ് ഡോൾബി സൗണ്ട് സിസ്റ്റമാണ് കലാപരിപാടികൾക്കായി ഉപയോഗിക്കുന്നത്. പ്രദർശനമേളക്കെത്തുന്ന കുട്ടികൾക്കായി 5000 ചതുരശ്ര അടിയിൽ വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 1500 ചതുരശ്ര അടിയിലുള്ള സിനിമ തിയറ്ററും പ്രദർശനമേളയോട് ബന്ധപ്പെട്ട് ഒരുക്കുന്നുണ്ട്.

വിവിധ സർക്കാർ വകുപ്പുകളും 150 സേവന സ്റ്റാളുകളും 50 വാണിജ്യ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളിൽ നിന്ന് വിവിധ സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനസമയം. അഗ്നിരക്ഷാസേന, പൊലീസ്, ആംബുലൻസ്, ആരോഗ്യ പ്രവർത്തകരുടെ സേവനം, കുടിവെള്ളം, ശുചിമുറി സംവിധാനം എന്നിവയും പ്രദർശന വേദിയിൽ ഒരുക്കിയിട്ടുണ്ട്. മേള നഗരിയിൽ 45 ഇ-ടോയിലറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ദിവസവും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പന്തൽ നിർമ്മാണം, എയർ കണ്ടീഷനിങ്, പ്ലാറ്റ്ഫോം, ഇലക്ട്രിക്കൽ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ 80 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ്സാണ് നിർമ്മാണപ്രവൃത്തികൾ നടത്തുന്നത്. ജില്ലാ കളക്ടർ അലക്സ് വർഗീസ് ശനിയാഴ്ച്ച രാവിലെ വേദിയിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. എഡിഎം ആശ സി എബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, എച്ച് എസ് പ്രീത പ്രതാപൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.