Sections

തിരുവനന്തപുരം ഉയരുന്നു പുതിയ വ്യവസായ ഭൂപടത്തിലേക്ക്: 'എമർജിംഗ് ട്രാവൻകൂർ സമിറ്റ് 2026' ഫെബ്രുവരി 27ന്

Friday, Feb 27, 2026
Reported By Admin
Emerging Travancore Summit 2026 in Thiruvananthapuram

  • കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യപ്രഭാഷണം നടത്തും; ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്സ്റ്റോണിന്റെ മാനേജിംഗ് ഡയറക്ടറും സൗത്ത് ഈസ്റ്റ് ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി വിഭാഗം മേധാവിയുമായ അരവിന്ദ് കൃഷ്ണൻ സമ്മിറ്റിൽ പങ്കെടുക്കും

തിരുവനന്തപുരം: ദക്ഷിണ കേരളത്തിന്റെ വ്യവസായ-നിക്ഷേപ ഭാവി നിർണയിക്കാൻ നിർണായകമായ വേദിയായി മാറുന്ന 'എമർജിംഗ് ട്രാവൻകോർ സമിറ്റ് 2026' ഫെബ്രുവരി 27ന് തിരുവനന്തപുരം ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ നടക്കും. ഇന്ത്യൻ ഇൻഡസ്ട്രി കോൺഫെഡറേഷൻ (CII)യും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KSIDC)യും ചേർന്നാണ് സമിറ്റ് സംഘടിപ്പിക്കുന്നത്.

''ഡ്രൈവിംഗ് സൗത്ത് കേരളാസ് നെക്സ്റ്റ് ഗ്രോത്ത് വേവ്'' എന്ന ആശയത്തെ ആസ്പദമാക്കിയുള്ള സമിറ്റ്, തിരുവനന്തപുരം ഉൾപ്പെടുന്ന തലസ്ഥാന മേഖലയെ രാജ്യത്തെ പ്രധാന വ്യവസായ-നിക്ഷേപ കേന്ദ്രങ്ങളിലൊന്നാക്കി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്.

സമിറ്റിന്റെ ഏറ്റവും വലിയ ആകർഷണം കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ പ്രത്യേക പ്രഭാഷണമാണ്. സംസ്ഥാനത്തിന്റെ ഭാവി സാമ്പത്തിക ദിശയും തലസ്ഥാന മേഖലയിലെ വികസന സാധ്യതകളും അദ്ദേഹം വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനുള്ള സന്ദേശവും അദ്ദേഹം നൽകും.

വ്യവസായ മന്ത്രി ശ്രീ പി. രാജീവ്, രാജ്യസഭാംഗം ശ്രീ ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ട്രാവൻകോർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി എന്നിവരും സമിറ്റിൽ പങ്കെടുക്കും.

സിഐഐ കേരള ചെയർമാനും വി.കെ.സി ഫുട്ഗിയർ എംഡിയും ആയ ശ്രീ വി.കെ.സി റസാഖ് സമിറ്റിന് നേതൃത്വം നൽകും. കെഎസ്ഐഡിസി ചെയർമാൻ ശ്രീ സി. ബാലഗോപാൽ, ടി.സി.സി.ഐ പ്രസിഡന്റ് ശ്രീ എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വ്യവസായ നേതാക്കളും പങ്കെടുക്കും.

ലോകത്തിലെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ബ്ലാക്ക്സ്റ്റോണിന്റെ മാനേജിംഗ് ഡയറക്ടറും സൗത്ത് ഈസ്റ്റ് ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി വിഭാഗം മേധാവിയുമായ അരവിന്ദ് കൃഷ്ണന്റെ പങ്കാളിത്തം സമിറ്റിന് അന്താരാഷ്ട്ര പ്രാധാന്യം നൽകുന്നു.

ബ്ലാക്ക്സ്റ്റോണിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങളിൽ VFS ഗ്ലോബൽ, എംഫാസിസ്, ആധാർ ഹൗസിംഗ് ഫിനാൻസ്, ഫെഡറൽ ബാങ്ക്, കിംസ് ഹെൽത്ത്, നോളജ് റിയാൽറ്റി ട്രസ്റ്റ്, നെക്സസ് സെലക്ട് ട്രസ്റ്റ് (റീട്ടെയിൽ മാളുകൾ) എന്നിവ ഉൾപ്പെടുന്നു. ഏഷ്യയിലുടനീളം ലോജിസ്റ്റിക്സ്-അടിസ്ഥാന സൗകര്യ മേഖലകളിലും അവർ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഈ സാന്നിധ്യം തിരുവനന്തപുരം മേഖലയിലേക്ക് ആഗോള നിക്ഷേപകരുടെ ശ്രദ്ധ തിരിക്കുമെന്നാണ് പ്രതീക്ഷ.

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സഹകരണത്തോടെ പ്രത്യേകമായി ക്രമീകരിച്ച ബി2ബി, ബി2ജി മീറ്റിംഗുകളും സമിറ്റിന്റെ ഭാഗമാകും. നിക്ഷേപകരെയും ബാങ്കുകളെയും സർക്കാർ വകുപ്പുകളെയും ഉയർന്ന വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളുമായും എംഎസ്എംഇകളുമായും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ ഫണ്ടിംഗ്, പങ്കാളിത്തം, തൊഴിൽ സൃഷ്ടി എന്നിവയ്ക്ക് പുതിയ വഴികൾ തുറക്കപ്പെടും.

വ്യവസായ വികസനം, നിക്ഷേപ സാധ്യതകൾ, റോഡുകൾ, വിമാനത്താവളങ്ങൾ, വ്യവസായ പാർക്കുകൾ, ടെക്നോളജി, എയ്റോസ്പേസ്, ലൈഫ് സയൻസസ്, ടൂറിസം തുടങ്ങിയ മേഖലകളാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഇതിനകം തന്നെ ഐ.ടി., സേവന, ടൂറിസം മേഖലകളിൽ മുന്നേറ്റം കൈവരിച്ചിരിക്കുന്ന തിരുവനന്തപുരം, ഈ സമിറ്റിലൂടെ ദക്ഷിണ കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക് പുതുശക്തി നൽകുമെന്നാണ് സിഐഐ വിലയിരുത്തുന്നത്.

നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ, വ്യവസായികൾ, എംഎസ്എംഇകൾ എന്നിവർക്കായി സഹകരണത്തിന്റെയും ദീർഘകാല സാമ്പത്തിക വളർച്ചയുടെയും ശക്തമായ വേദിയായി സമിറ്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.