Sections

വിവിധ ബാങ്കുകളുടെ പ്രതിദിന യുപിഐ ഇടപാട് പരിധി അറിയാമോ? 

Saturday, Jun 10, 2023
Reported By admin
bank

ബാങ്കുകൾ അനുസരിച്ച് ഇടപാടുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകാം


എളുപ്പം ഇടപാട് പൂർത്തിയാക്കാമെന്ന സൗകര്യം കൊണ്ട് യുപിഐ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ്. മെയ് മാസത്തിൽ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 900 കോടി ഇടപാടുകൾ നടന്ന് റെക്കോർഡിട്ടിരുന്നു. ഇടപാടുകൾ ക്രമാതീതമായി വർധിച്ചതോടെ ചില ബാങ്കുകൾ ഒരു ദിവസം നടത്താൻ കഴിയുന്ന ഇടപാടുകളുടെ മൂല്യത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പരിധി പരിശോധിക്കാം.

ഒരു ദിവസം യുപിഐ വഴി പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള ഇടപാട് നടത്താമെന്നാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാർഗനിർദേശത്തിൽ പറയുന്നത്. ബാങ്കുകൾ അനുസരിച്ച് ഈ പരിധിയിൽ വ്യത്യാസമുണ്ട്. എസ്ബിഐയിൽ ഒരു ലക്ഷം രൂപയാണ് പ്രതിദിന പരിധി. എച്ച്ഡിഎഫ്സി ബാങ്കിലും ഒരു ലക്ഷം രൂപ തന്നെയാണ്. എന്നാൽ പുതിയ ഉപയോക്താക്കളുടെ പരിധി 5000 രൂപയാണെന്നാണ് റിപ്പോർട്ട്. 

ഐസിഐസിഐ ഉപയോക്താക്കൾക്ക് പതിനായിരം രൂപയാണ് പരിധി. ആക്സിസ് ബാങ്കിൽ എസ്ബിഐ പോലെ തന്നെയാണ്. ഒരു ലക്ഷം രൂപയാണ് പരിധി. ബാങ്ക് ഓഫ് ബറോഡിയിൽ പ്രതിദിനം യുപിഐ ഉപയോഗിച്ച് നടത്താൻ കഴിയുന്ന ഇടപാട് പരിധി 25000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. കാനറ ബാങ്കിലും ബാങ്ക് ഓഫ് ബറോഡയ്ക്ക് സമാനമാണ്.

ഇതിനെല്ലാം പുറമേ ഒരു ദിവസം നടത്താൻ കഴിയുന്ന ഇടപാടുകളുടെ എണ്ണത്തിലും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം 20 ഇടപാട് നടത്താനാണ് അനുവാദം ഉള്ളത്. ഇതിന് ശേഷം അടുത്ത ഇടപാട് നടത്താൻ 24 മണിക്കൂർ വരെ കാത്തിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. എന്നാൽ ബാങ്കുകൾ അനുസരിച്ച് ഇടപാടുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകാം.

യുപിഐ സേവനദാതാക്കളായ ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ എന്നിവ പ്രതിദിന പരിധിയായി നിശ്ചയിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ഈ യുപിഐ ആപ്പുകൾ വഴി പ്രതിദിനം പത്ത് ഇടപാട് വരെ നടത്താം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.