Sections

പൊതു സമൂഹത്തിന് ഗുണകരമായ ആശയം കൈയ്യിലുണ്ടോ? കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വേദിയൊരുക്കുന്നു

Sunday, Dec 11, 2022
Reported By admin
business idea

നൂതനാശയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനായി സോഷ്യൽ ഡിസൈൻ ചലഞ്ചാണ് അവതരിപ്പിക്കുന്നത്


കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ നടക്കുന്ന കൊച്ചി ഡിസൈൻ വീക്കിന്റെ മൂന്നാം ലക്കത്തിൽ സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയങ്ങളുടെ മത്സരം സംഘടിപ്പിക്കുന്നു. പൊതു സമൂഹത്തിന്റെ ജീവിതം സുഗമമാക്കാനുള്ള ഏഴ് ചലഞ്ചുകളാണ് ഡിസൈൻ വീക്ക് മുന്നോട്ടു വയ്ക്കുന്നത്.

ഡിസംബർ 16, 17 തിയതികളിൽ കൊച്ചി ബോൾഗാട്ടി ഐലന്റിൽ നടക്കുന്ന ഡിസൈൻ വീക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതനാശയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനായി സോഷ്യൽ ഡിസൈൻ ചലഞ്ചാണ് അവതരിപ്പിക്കുന്നത്. താത്പര്യമുള്ളവർക്ക് https://bit.ly/SDC_kdw എന്ന വെബ്സൈറ്റിലൂടെ ചലഞ്ചിൽ പങ്കെടുക്കാം. ഡിസംബർ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

മാലിന്യസംസ്ക്കരണം എന്ന പൊതു പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയുള്ള സ്മാർട്ട് മാലിന്യ വീപ്പയാണ് ആദ്യ ചലഞ്ച്. ഉപയോഗിക്കാൻ എളുപ്പമുള്ളതും എളുപ്പത്തിൽ മാലിന്യം കളയാനും വൃത്തിയാക്കാനും സാധിക്കുന്നതുമാകണം.

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കാനുള്ളതാണ് രണ്ടാമത്തെ ചലഞ്ച്. പോഷകാഹാര തോത് പാലിച്ച്, ചെലവ് കുറച്ച് സരളമായി വിതരണം ചെയ്യാൻ പാകത്തിൽ ഉച്ചഭക്ഷണമൊരുക്കുന്നതാണ് ഇതിലെ വെല്ലുവിളി.

പുതുതലമുറയ്ക്കനുയോജ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് മൂന്നാമത്തെ ചലഞ്ച്. മികച്ച രൂപകൽപ്പന, മഴയത്തും വെയിലത്തും സുരക്ഷ, സ്മാർട്ട് ഫീച്ചറുകൾ എന്നിവയാണ് പുതിയ ഡിസൈനിലൂടെ പ്രതീക്ഷിക്കുന്നത്.

ചെലവ് കുറഞ്ഞതും എന്നാൽ സൗകര്യങ്ങളോട് കൂടിയതുമായ തൊഴുത്ത് നിർമ്മാണമാണ് അടുത്ത ചലഞ്ച്. ഒന്നോ രണ്ടോ പശുവിനെ വളർത്തുന്ന സാധാരണക്കാരായ ക്ഷീരകർഷകരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

വായനശാലകളിലേക്ക് യുവാക്കളെ എത്തിക്കാനും അതു വഴി സക്രിയമായ പ്രവർത്തന കേന്ദ്രങ്ങളാക്കി അവയെ മാറ്റാനും സാധിക്കുന്ന വഴികളാണ് അഞ്ചാമത്തെ ചലഞ്ച്. ഇതിനായി വായനശാലകളുടെ ബാഹ്യവും ആന്തരികവുമായ രൂപകൽപ്പന, സ്മാർട്ട് ശീലങ്ങളിലേക്കുള്ള മാറ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള നൂതനാശയങ്ങളാണ് ആറാമത്തേത്.

പൊതു കെട്ടിടങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ തക്കവണ്ണമുള്ളതാക്കാനുള്ള ആശയങ്ങളാണ് ഏഴാമത്തെ ചലഞ്ചിലൂടെ ക്ഷണിക്കുന്നത്. നിലവിൽ പല കെട്ടിടങ്ങളും അന്ധ-വികലാംഗ സൗഹൃദമല്ല. എല്ലാ പ്രായക്കാരെയും, ശാരീരിക വൈകല്യങ്ങളുള്ളവരെയും ഉൾപ്പെടുത്തുന്ന പുതിയ ഡിസൈനും നിലവിലെ കെട്ടിടങ്ങളെ മാറ്റാനുമുള്ള മാർഗങ്ങളാണ് ഈ ചലഞ്ചിൽ ഉൾപ്പെട്ടിരിക്കുനനത്.

ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യാന്തര വിദഗ്ധരുൾപ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്. ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, ബിൽഡർമാർ, സർക്കാർ പ്രതിനിധികൾ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈൻ വീക്കിനുണ്ട്.

അന്തർദേശീയ വ്യവസായ സ്ഥാപനങ്ങളായ വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ, വേൾഡ് ഡിസൈൻ കൗൺസിൽ എന്നിവയ്ക്ക് പുറമേ ദേശീയ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐഐഎ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് (ഐഐഐഡി), ദി ഇൻഡസ് എന്റർപ്രണേഴ്സ് (ടിഐഇ) തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈൻ വീക്കുമായി സഹകരിക്കുന്നുണ്ട്. https://kochidesignweek.org എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.