Sections

പ്രമേഹം: കാരണങ്ങൾ, ലക്ഷണങ്ങൾ, നിയന്ത്രണ മാർഗങ്ങൾ

Sunday, Sep 21, 2025
Reported By Soumya
Diabetes: Causes, Symptoms, and Control Tips

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. എന്നാൽ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ ആരോഗ്യവും ദീർഘായുസ്സും നിലനിർത്താൻ നമുക്ക് സാധിക്കും. എന്നാൽ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും ഗുരുതരമായ ഭവിഷ്യത്തുക്കൾക്കും കാരണമാകാം. പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹം ഉണ്ട്. ചിലപ്പോൾ ഗർഭകാലത്ത് പ്രമേഹം (gestational diabetes) ഉണ്ടാകാം. ഇത് സ്ത്രീകളിൽ പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. ഹോർമോൺ വ്യതിയാനമാണ് ഗർഭകാല പ്രമേഹത്തിന് മിക്കവാറും കാരണമാകുന്നത്.

വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം. പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. സ്ത്രീകളിൽ സാധാരണ ലക്ഷണങ്ങൾ കൂടാതെ മൂത്രനാളിയിലെ അണുബാധ, യീസ്റ്റ് ഇൻഫക്ഷൻ, ചർമം വരളുക, ചൊറിച്ചിൽ ഉണ്ടാകുക ഇവയും ഉണ്ടാകാം.

ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇൻസുലിന്റെ ഉൽപ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നത്. എന്നാൽ ചിലപ്പോൾ ഇത് പ്രായമായവരിലും വരാം. ടൈപ്പ് 1 പ്രമേഹമുള്ളവർ ദിവസവും ഒരു ഡോസ് ഇൻസുലിൻ എടുക്കണം.

പാൻക്രിയാസ് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ചിലപ്പോൾ ശരീരം വേണ്ടവിധം ഇൻസുലിൻ ഉപയോഗിക്കാത്തതും കാരണമാകാം. ഏതു പ്രായക്കാരെയും ബാധിക്കുന്ന വളരെ സാധാരണമായ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. അനാരോഗ്യ കരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. ജനിതകഘടകങ്ങളും ചിലപ്പോൾ രോഗകാരണമാകാം. പൊണ്ണത്തടിയും മേലനങ്ങാതുള്ള ജീവിതശൈലിയുമാണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണം.

നിയന്ത്രിക്കാം

പ്രമേഹത്തെ നിയന്ത്രിക്കാനും ചിലപ്പോൾ തടയാനും സാധിക്കും. ടൈപ്പ് 1 പ്രമേഹം, രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും ചെയ്യാനില്ല. എന്നാൽ ടൈപ്പ് 2 പ്രമേഹം ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. പത്തു വർഷത്തിലധികമായി പ്രമേഹം ഉള്ളവരിൽ പോലും രോഗാവസ്ഥ റിവേഴസ് ആക്കാൻ സാധിച്ചതായി യു കെ യിലെ ന്യൂകാസിൽ സർവകലാശാല ഗവേഷകർ പറയുന്നു.

അതിനായി ശരീരഭാരം കുറച്ച് ആരോഗ്യമുള്ളവരാകണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ഹൃദയമിടിപ്പിന്റെ നിരക്ക് കുട്ടുന്ന എന്തും അതു വീട്ടുജോലി ആണെങ്കിൽ കൂടെ വ്യായാമമായി കരുതാം. കഴിക്കുന്ന ഭക്ഷണം ആരോഗ്യമേകുന്നതാകാൻ ശ്രദ്ധിക്കണം. ട്രാൻസ് ഫാറ്റുകളും സാച്ചുറേറ്റഡ് ഫാറ്റും ഒപ്പം റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കണം. കൂടുതൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും കഴിക്കുക. കുറച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. ഈ ലളിതമായ കാര്യങ്ങൾ പിന്തുടർന്നാൽ പ്രമേഹം വരാതെ തടയാൻ ഇത് നിങ്ങളെ സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.