Sections

ക്ഷീരമേഖലയ്ക്ക് ഭീഷണിയായി ഓസ്ട്രേലിയന്‍ കടന്നു കയറ്റം. ക്ഷീര മേഖല തകരുമോ?

Thursday, Jan 06, 2022
Reported By Admin

10 വര്‍ഷമായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ

 ഓസ്‌ട്രേലിയയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ്ടിഎ- Free Trade Agreement) ആരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കം ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന് വിദഗ്ദ്ധര്‍ക്ക് ആശങ്കയ്ക്ക്. 3 മാസം മുന്‍പാണ് ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചത്. വൈകാതെ അന്തിമ തീരുമാനമാകുമെന്നാണു കരുതുന്നത്. കരാര്‍ നടപ്പായാല്‍ ഓസ്‌ട്രേലിയ ആദ്യം കൈവയ്ക്കുക ഡെയറി മേഖലയിലായിരിക്കുമെന്നാണു കരുതുന്നത്. കാരണം അവരുടെ പാല്‍മേഖല വളരെ ശക്തമാണ്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ അവിടെനിന്നുള്ള പാല്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്നു ഭയപ്പെടുന്നു. അതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാകുമെന്നാണ് ആശങ്ക. ഇന്ത്യയുടെ ക്ഷീരമേഖല വിദേശ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കം നമ്മുടെ നിലനില്‍പിന് ഭീഷണിയാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇസ്രയേല്‍, യുകെ, യുഎഇ എന്നീ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ ഒരുങ്ങുകയാണ്. ഇത് ഏതെല്ലാം മേഖലയെയാണ് ബാധിക്കുകയെന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ല. 

10 വര്‍ഷമായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം 300 ദശലക്ഷത്തോളം കറവമാടുകള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ പകുതിയോളം എരുമകളാണ്. 200 ദശലക്ഷത്തോളം കുടുംബങ്ങളുടെ ജീവനോപാധിയാണ് ക്ഷീരമേഖല. രാജ്യത്തെ പ്രതിവര്‍ഷ പാല്‍ ഉല്‍പാദനം ഏകദേശം 18.7 കോടി ടണ്ണാണ്. പ്രതിശീര്‍ഷ പാലിന്റെ ഉപഭോഗം 394 ഗ്രാം. 90 ദശലക്ഷം ക്ഷീരകര്‍ഷകര്‍ ഇന്ത്യയിലുണ്ട്. കോടിക്കണക്കിനു കുടുംബങ്ങളുടെ ഉപജീവന, സ്വയംതൊഴില്‍, ഉപതൊഴില്‍ മേഖലയാണിത്. 

പതിനായിരക്കണക്കിന് ക്ഷീര സഹകരണ സംഘങ്ങള്‍ രാജ്യത്തു പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു! കൃഷിമേഖല ഒരു ശതമാനം വളര്‍ച്ച കൈവരിക്കുമ്പോള്‍ ക്ഷീരമേഖല 2.2% വളര്‍ച്ച കൈവരിക്കും. കൃഷി ജിഡിപിയില്‍ മുഖ്യസംഭാവന ക്ഷീരമേഖലയുടേതാണ്. ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് അടുത്തിടെ നടത്തിയ പഠനം കണ്ണുതുറപ്പിക്കേണ്ടതാണ്. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട സര്‍വേയായിരുന്നു അത്. ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തില്‍ പശുവിനെ വളര്‍ത്തി ഉപജീവനം തേടുന്ന കര്‍ഷകര്‍ വളരെ കുറവായിരുന്നു, അഥവാ ഇല്ലായിരുന്നെന്നുതന്നെ പറയാം.


വര്‍ഷത്തില്‍ 365 ദിവസവും ആദായം നല്‍കുന്ന മേഖലയാണിത് എന്നതുതന്നെ കാരണം. ഓസ്‌ട്രേലിയന്‍ ഭീമന്മാരുടെ കടന്നുവരവ് തകര്‍ക്കുക രാജ്യത്തിന്റെ ഈ സമൃദ്ധിയും നട്ടെല്ലുമായിരിക്കുമെന്ന് ബെംഗളൂരുവിലെ ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി പ്രഫസറും കേരള വെറ്ററിനറി സര്‍വകലാശാല മുന്‍ ഡയറക്ടറുമായ ഡോ. ടി.പി. സേതുമാധവന്‍ പറയുന്നു. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പാലിന്റെ 20% മാത്രമാണ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിമാറ്റുന്നത്. 80 ശതമാനവും ജനം നേരിട്ടു കുടിക്കുകയാണ്.

കേരളത്തില്‍ 5 ലക്ഷം ക്ഷീരകര്‍ഷകര്‍

കേരളത്തില്‍ ഏകദേശം അഞ്ചു ലക്ഷം ക്ഷീരകര്‍ഷകരാണുള്ളത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന പാലിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിമാറ്റുന്നത്. 90 ശതമാനം പാലും നേരിട്ട് കുടിക്കുകയാണ്. 25.2 ലക്ഷം മെട്രിക് ടണ്‍ ആണ് ഒരു ദിവസത്തെ കേരളത്തിലെ ശരാശരി പാല്‍ ഉല്‍പാദനം. കേരളത്തിനുള്‍പ്പെടെ തിരിച്ചടിയാകും ഇന്ത്യയിലേക്കുള്ള വിദേശ പാലുല്‍പന്നങ്ങളുടെ വരവെന്നതാണു യാഥാര്‍ഥ്യം. 

2021 ഡിസംബര്‍ 21ന് ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ വാണിജ്യമന്ത്രി ഡാന്‍ ടെഹാനും ചര്‍ച്ച നടത്തിയിരുന്നു. പാല്‍, കല്‍ക്കരി എന്നിവയാണ് ഓസ്‌ട്രേലിയയില്‍നിന്ന് പ്രധാനമായും ഇന്ത്യയിലേക്കെത്തുക. കരാര്‍ ഒപ്പിടാനായാല്‍ ഇന്ത്യയ്ക്ക് അനുകൂലമായ 'ഓഫറുകളും' ഓസ്‌ട്രേലിയ മുന്നോട്ടു വച്ചിട്ടുണ്ടെന്നാണു സൂചന. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ ക്ഷീരവിപണി ഓസ്‌ട്രേലിയയ്ക്ക് ഉള്‍പ്പെടെ തുറന്നുകൊടുക്കാന്‍ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. 
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.