Sections

നാടോടിക്കലകൾ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്‌ക്കാരത്തെ അതിജീവിക്കുന്നു- ബിനാലെ ഫൗണ്ടേഷൻ സെമിനാർ

Monday, Nov 17, 2025
Reported By Admin
Seminar Highlights Evolving Folk Arts at Vadakara

കോഴിക്കോട്: ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിച്ച് കാലത്തിനനുസരിച്ച് ലോകമെമ്പാടുമുള്ള നാടോടിക്കലകൾ(ഫോക് ലോർ) മാറിക്കൊണ്ടിരിക്കുകയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) വടകരയിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന് മുന്നോടിയായി നടത്തുന്ന ഔട്ട് റീച്ച് സംവാദപരിപാടിയായ 'കല, കാലം, കലാപം' എന്ന പരമ്പരയുടെ ഭാഗമായാണ് സെമിനാർ നടന്നത്. 'സമകാലിക ഫോക്ലോറും സാംസ്കാരിക പ്രതിരോധവും' എന്ന വിഷയത്തിലായിരുന്നു സെമിനാർ. പ്രശസ്ത കലാഗവേഷകൻ കേളീ രാമചന്ദ്രനാണ് ഈ പരിപാടി ക്യൂറേറ്റ് ചെയ്യുന്നത്.

വടകര ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായിരുന്നു. ആധുനിക വിശ്വാസങ്ങളെ ഉൾക്കൊള്ളാനുള്ള പൊതു പ്രവണത കാരണം നാടോടി കഥകൾ നിരന്തരമായ നവീകരണ ശേഷി നിലനിറുത്തുന്നതാണെന്ന് പരിപാടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.

പ്രമുഖ ഫോക്ലോറിസ്റ്റ് പ്രൊഫ. പുരുഷോത്തം ബിലിമാലെ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി ഫോക്ലോറുകൾക്ക് സമ്പന്നത നൽകിയിരുന്ന കീഴാള ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നവ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. പരമ്പരാഗതമായി നിലനിന്നിരുന്ന വിവിധ സമീപനങ്ങളെയും സൗന്ദര്യശാസ്ത്രങ്ങളെയും നിശബ്ദമാക്കുന്ന ഏകശിലാ സാംസ്കാരികത ഉറപ്പാക്കാൻ സ്വേച്ഛാധിപത്യപരമായ നീക്കങ്ങൾ കണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കലയിൽ നിന്ന് രാഷ്ട്രീയത്തെ വേർതിരിക്കാനാവില്ലെന്ന് ബോസ് കൃഷ്ണമാചാരി അഭിപ്രായപ്പെട്ടു. '1895-ലെ വെനീസിലെ ലോകത്തിലെ ആദ്യത്തെ ബിനാലെ മുതൽ എല്ലാ പുതിയ-കലാമേളകളിലെയും പ്രദർശനങ്ങൾ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധമുള്ളവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് ആദ്യത്തെ ബിനാലെ സമ്മാനിച്ച കൂട്ടായ പ്രവർത്തനങ്ങളെക്കുറിച്ച് കേളീ രാമചന്ദ്രൻ അനുസ്മരിച്ചു. ലോകത്തെ മറ്റേതൊരു ബിനാലെയേക്കാളും കെഎംബിക്ക് പ്രകടന കലകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യവേദി പ്രസിഡന്റായ കവി വീരാൻകുട്ടി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കളരിപ്പയറ്റ് ആയോധനകലയിലെ പ്രമുഖയായ പത്മശ്രീ മീനാക്ഷി അമ്മയെ ആദരിച്ചു.

നാടൻ കലാഗവേഷകനായ ഡോ. രാഘവൻ പയ്യനാട് മുഖ്യ പ്രഭാഷണം നടത്തി. പി.പി. ദാമോദരൻ, പുരന്തോടത്ത് ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു. പി.പി. രാജൻ നന്ദി രേഖപ്പെടുത്തി.

തുടർന്ന് 'ഫോക്ലോറിക് സിനിമ; സിനിമാറ്റിക് ഫോക്ലോർ' എന്ന സെഷനിൽ സംവാദം നടന്നു. മുഖ്യ പ്രഭാഷകനായ ഡോ. അജു കെ. നാരായണൻ, ഡോ. രാഘവൻ എന്നിവർ സംസാരിച്ചു.

'ഫോക്ലോറിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങൾ' എന്ന വിഷയത്തിലെ പ്രഭാഷണത്തിൽ ഡോ. പി. വസന്തകുമാരി സംസാരിച്ചു. ഡോ. അപർണ ടി. പരിപാടി മോഡറേറ്റ് ചെയ്തു.

വി.ടി. മുരളി (കടത്തനാടൻ സംഗീത പാരമ്പര്യം), ഫൈസൽ എളേത്തിൽ (മാപ്പിളപ്പാട്ടുകളുടെ പ്രതിരോധമൂല്യം) ഡോ. എ.കെ. അപ്പുക്കുട്ടൻ (എടനാട് സംഗീത പാരമ്പര്യം') രവി വയനാട് (ഗോത്ര സംഗീതത്തിന്റെ ജീവിതവും താളവും) തുടങ്ങിയ വിഷയങ്ങളിൽ സംസാരിച്ചു.

വൈ.വി. കണ്ണനും റോയി ജോർജ്ജ്കുട്ടിയും വടക്കൻ കേരളത്തിലെ തെയ്യവും ചവിട്ടുനാടകവും തമ്മിലുള്ള അവലോകനം നടത്തി. സമാപന സെഷനിൽ സാഹിത്യ നിരൂപകൻ ഡോ. പി. പവിത്രൻ സംസാരിച്ചു, സെമിനാർ കോർഡിനേറ്റർ ഡോ. കെ.എം. ഭരതൻ അധ്യക്ഷത വഹിച്ചു.

എറണാകുളം ജില്ലയിലെ കുറുംബത്തുരുത്ത് യുവകേരള ചവിട്ടുനാടകവേദിയാണ് അവതരിപ്പിച്ച 'കരളമാൻ ചരിതം' എന്ന പേരിലുള്ള 75 മിനിറ്റ് ദൈർഘ്യമുള്ള ചവിട്ടുനാടകം ശ്രദ്ധേയമായി. വടക്കൻ പറവൂരിനടുത്തുള്ള പുത്തൻവേലിക്കരയിലെ കലാകാരന്മാരാണ് 500 വർഷം പഴക്കമുള്ള കലാരൂപം അവതരിപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.