- Trending Now:
കൊച്ചി: നിരാലംബരായ കുട്ടികളുടെ പുനരധിവാസത്തിനും അവരെ സ്കൂളുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുമായി മലബാർ ഗ്രൂപ്പ് രാജ്യത്തുടനീളം നടപ്പാക്കുന്ന മൈക്രോ ലേണിംഗ് സെന്ററുകളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ള 1531 മൈക്രോ ലേണിംഗ് സെന്ററുകളിലായി 60,000 കുട്ടികളാണുള്ളത്. രക്ഷിതാക്കൾ, പ്രാദേശിക നേതാക്കൾ, പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മലബാർ ഗ്രൂപ്പ് ടീം അംഗങ്ങൾ തുടങ്ങിയവർ ശിശുദിനാഘോഷങ്ങളിൽ പങ്കെടുത്തു.
സാമൂഹിക- സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിർബന്ധിത ജോലിയിൽ ഏർപ്പെടുകയോ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരികയോ ചെയ്ത 30,000ത്തോളം നിരാലംബരായ കുട്ടികളെ ഇതിനകം വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മൈക്രോ ലേണിംഗ് സെന്ററുകൾ വഴി സാധിച്ചിട്ടുണ്ട്.
നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കപ്പുറം അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ദിശാബോധം നൽകുകയെന്ന ദൗത്യം കൂടി മൈക്രോ ലേണിംഗ് സെന്ററുകൾക്കുണ്ട്. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് ഒരു വർഷം കൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നൽകി തുടർപഠനത്തിനായി സ്കൂളുകളിലേക്ക് പോകുന്നതിന് പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകുകയുമാണ് മൈക്രോ ലേണിംഗ് സെന്ററുകളിലൂടെ ചെയ്യുന്നത്. 40 കുട്ടികൾക്ക് ഒരു ടീച്ചർ എന്ന അനുപാതത്തിൽ അതത് പ്രദേശങ്ങളിൽ നിന്നുള്ള ബിരുദ പഠനം പൂർത്തിയാക്കിയവരെയാണ് ഇവിടെ അധ്യാപകരായി നിയമിക്കുന്നത്. കുട്ടികൾക്ക് പാൽ, പഴം, മുട്ട തുടങ്ങിയ പോഷക സമൃദ്ധമായ വിഭവങ്ങളും നൽകുന്നുണ്ട്.
മൈക്രോ ലേണിംഗ് സെന്ററുകൾ വഴി കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
മലബാർ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സി.എസ്.ആർ. പദ്ധതിയായ 'ഹംഗർ ഫ്രീ വേൾഡ് 'പദ്ധതിയുടെ ഭാഗമായാണ് മൈക്രോ ലേണിംഗ് സെന്ററുകൾ ആരംഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യൻ ചാപ്റ്ററുമായി ചേർന്ന് നഗര പ്രദേശങ്ങളിലെ പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ള അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാരവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് നർച്ചറിംഗ് ബിഗിനിംഗ്സ് എന്ന പേരിൽ പുതിയ പദ്ധതിയും മലബാർ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. മലബാർ ഗ്രൂപ്പിന്റെ പ്രധാന സി.എസ്.ആർ പ്രവർത്തനങ്ങളെല്ലാം 'തണൽ' സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി മലബാർ ഗ്രൂപ്പ് ഇതിനകം 356 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതുവഴി 17 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.