Sections

കൊച്ചി ബിനാലെ സന്ദർശിച്ച് ഷിക്കാഗോ സ്‌കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സംഘം

Friday, Jan 09, 2026
Reported By Admin
SAIC Students Visit Kochi-Muziris Biennale 2025

കൊച്ചി: ലോകപ്രശസ്തമായ ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ (SAIC) നിന്നുള്ള 20 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമടങ്ങുന്ന സംഘം കൊച്ചി-മുസിരിസ് ബിനാലെ കാണാനെത്തി. വിവിധ പ്രദർശന ഇടങ്ങൾ ചുറ്റിക്കണ്ട സംഘം കലാസൃഷ്ടികളുമായും കലാകാരന്മാരുമായും സംവദിച്ചു.

ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റി അംഗമായ ശൗര്യ കുമാറിന്റെ നേതൃത്വത്തിലാണ് അമേരിക്കയിൽ നിന്നുള്ള സംഘം എത്തിയത്. ദക്ഷിണേഷ്യയിലെ അന്താരാഷ്ട്ര കലാപ്രദർശനങ്ങളിൽ കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യുറേറ്റർമാരുടെ തുറന്ന സമീപനത്തെയും ലോകമെമ്പാടുമുള്ള കലാകാരന്മാരുമായി സംവദിക്കാൻ കൊച്ചി ബിനാലെ ഒരുക്കുന്ന അവസരത്തെയും അദ്ദേഹം പ്രശംസിച്ചു. ഒരേ സമയം ഭൂതകാലത്തെക്കുറിച്ചും ഭാവികാലത്തെക്കുറിച്ചും ശാന്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവയാണ് കൊച്ചി ബിനാലെ സൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും യുവ കലാകാരന്മാർക്കും അന്താരാഷ്ട്ര ശബ്ദങ്ങൾക്കും അർഹമായ വേദി നൽകുന്ന കൊമ്പി ബിനാലെ സമകാലീന കലാലോകത്തിന് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ അർത്ഥവത്തായ പ്രമേയമാണ് കൊച്ചി ബിനാലെ 2025 മുന്നോട്ടുവയ്ക്കുന്നതെന്ന് സംഘത്തിലെ വിദ്യാർത്ഥിനിയായ മെർലിൻ പറഞ്ഞു. സൃഷ്ടികളുമായി ഉണ്ടായ ആത്മബന്ധം ഏറെക്കാലം മനസിൽ നിൽക്കുമെന്നും മെർലിൻ പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സി. പ്രേം കുമാറും ബിനാലെ സന്ദർശിച്ചു. ഓരോരുത്തരുടെയും മനസ്സ് തുറക്കുന്ന വലിയൊരു അനുഭവമാണ് ബിനാലെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ഹിറ്റ് ചിത്രം 96 ന്റെ സംവിധായകനാണ് സി. പ്രേംകുമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.