Sections

മണിമല നാളികേര പാർക്ക് യാഥാർഥ്യത്തിലേക്ക്; ഈ വർഷം വ്യവസായങ്ങളെ ക്ഷണിക്കും

Thursday, Sep 25, 2025
Reported By Admin
Kuttiyadi Coconut Park to Open for Industries by Dec 2025

കുറ്റ്യാടി മണ്ഡലത്തിലെ നാളികേര കർഷകർക്ക് വാണിജ്യ സാധ്യതകൾ തുറന്നിടുന്ന മണിമല നാളികേര പാർക്ക് യാഥാർഥ്യത്തിലേക്ക്. പാർക്കിൽ ഈ വർഷം തന്നെ വ്യവസായികളെ ക്ഷണിക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.

നാളികേര പാർക്കുമായി ബന്ധപ്പെട്ട് നിയമസഭയിൽ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, ഈ വർഷം തന്നെ പാർക്കിൽ വ്യവസായങ്ങളെ ക്ഷണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചിരുന്നു. വികസന പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി അഞ്ചേക്കറിലെ മരങ്ങളുടെ വാല്വേഷൻ പൂർത്തിയാക്കുകയും മരം വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. റബർ ബോർഡിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും മൂല്യനിർണയവും അനുമതിയും അടിസ്ഥാനമാക്കിയുള്ള മരം മുറിക്കൽ അന്തിമ ഘട്ടത്തിലാണ്. അടുത്തഘട്ടമായി തുടർന്നുള്ള പത്തേക്കറിലെ മരങ്ങൾ മുറിക്കാൻ വാല്വേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

2025 ഡിസംബറിൽ നാളികേര പാർക്ക് വ്യവസായങ്ങൾക്ക് തുറന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി  പുരോഗമിക്കുന്നത്. മതിൽ, പ്രവേശന കവാടം ഉൾപ്പെടെ 73.61 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളും 160 കെവിഎ ട്രാൻസ്ഫോമർ സ്ഥാപിക്കലും പൂർത്തിയായി. ഒരു കോടി രൂപ ചെലവിട്ടുള്ള പരിസരസൗകര്യങ്ങൾ, റോഡ് ലാൻഡ് ഡെവലപ്മെന്റ് പ്രവൃത്തികൾ എന്നിവ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ കോഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

നാളികേര പാർക്കിൽ വ്യവസായങ്ങൾ തുടങ്ങാൻ സംരംഭകർ പാർക്ക് സന്ദർശിക്കുകയും ഭൂമി കണ്ട് ബോധ്യപ്പെടുകയും വേണം. തുടർന്ന് ഫോം എ പൂരിപ്പിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സമർപ്പിക്കണം. അപേക്ഷയുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം കെ.എസ്.ഐ.ഡി.സി ലാൻഡ് അലോട്ട്മെന്റ് കമ്മിറ്റിയിലും ഡിസ്ട്രിക്ട് അലോട്ട്മെന്റ് കമ്മിറ്റിയിലും പാസായാൽ ഭൂമിയുടെ തുക അടച്ച് സംരംഭകന് ഭൂമി പാട്ടത്തിനെടുക്കാനാകും.

നാളികേര പാർക്കുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലമണി തായണ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ മാസ്റ്റർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിന് ശേഷം എംഎൽഎയുടെ നേതൃത്വത്തിൽ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരുടെയും യു.എൽ.സി.സി.എസ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ഥലം സന്ദർശിക്കുകയും നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.