Sections

കീരിട നേട്ടത്തിൽ സീഹോഴ്‌സ്  സെയ്ലേഴ്സ്  : CCF100X പ്രീമിയർ ലീഗിൽ ആവേശപ്പൂരം!

Tuesday, Feb 17, 2026
Reported By Admin
Seahorse Sailors Win CCF100X Premier League Season 2

കൊച്ചി: ആവേശം വാനോളമുയർന്ന സിസിഎഫ്100X പ്രീമിയർ ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ ചീറ്റ ചേസേഴ്സിനെ തകർത്ത് സീഹോഴ്സ് സെയ്ലേഴ്സ് കിരീടം ചൂടി. ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും പന്ത് അടിച്ചകറ്റിയ ബാറ്റിംഗ് മികവും കൃത്യതയാർന്ന ബൗളിംഗും ഒത്തുചേർന്നപ്പോൾ സീഹോഴ്സ് സെയ്ലേഴ്സ് വിജയപീഠത്തിൽ ആധികാരികമായി ഇരിപ്പുറപ്പിച്ചു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഒരു യഥാർത്ഥ ഫൈനലിന്റെ എല്ലാ ആവേശവും ഗാലറിയിൽ ദൃശ്യമായിരുന്നു.

മത്സരത്തിലെ താരം എന്ന ബഹുമതി സ്വന്തമാക്കിയ സമർത്ഥിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് സെയ്ലേഴ്സ്ന്റെ വിജയം എളുപ്പമാക്കിയത്. ചീറ്റ ചേസേഴ്സ് ഉയർത്തിയ വെല്ലുവിളിയെ നേരിടാൻ ഇറങ്ങിയ സമർത്ഥ് കേവലം 44 പന്തുകളിൽ നിന്നും 72 റൺസാണ് അടിച്ചുകൂട്ടിയത്. സമർത്ഥിന്റെ തകർപ്പൻ ഇന്നിംഗ്സ് സെയ്ലേഴ്സ് നിരയിൽ വലിയ ആത്മവിശ്വാസം നിറയ്ക്കുകയും മത്സരത്തിന്റെ നിയന്ത്രണം പൂർണ്ണമായും അവരുടെ കൈപ്പിടിയിലാക്കാൻ സഹായിക്കുകയും ചെയ്തു.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ സീഹോഴ്സ് സെയ്ലേഴ്സ് ഒന്നാം സ്ഥാനവും അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സ്വന്തമാക്കിയപ്പോൾ, ചീറ്റ ചേസേഴ്സ് രണ്ടാം സ്ഥാനത്തിന് അർഹരായി. മികച്ച പോരാട്ടം കാഴ്ചവെച്ച റൈനോ റേഞ്ചേഴ്സ് ആണ് മൂന്നാം സ്ഥാനം നേടിയത്. യുവതാരം ഷെയ്ൻ നിഗം മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു.

സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാർക്ക് മാൻ ഓഫ് ദി മാച്ച് ഉൾപ്പെടെയുള്ള പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഓരോ ടീമിനും അവരുടെ കളി മികവിനും പോരാട്ടവീര്യത്തിനും അനുസരിച്ചുള്ള സമ്മാനങ്ങൾ ലഭിച്ചു എന്നത് ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രത്യേകതയായിരുന്നു. രണ്ടാം സീസണിലും വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും സമാപിച്ച സിസിഎഫ്100X പ്രീമിയർ ലീഗ് ക്രിക്കറ്റ് പ്രേമികൾക്ക് വലിയൊരു വിരുന്നാണ് സമ്മാനിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.