- Trending Now:
കയർഫെഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകൾ സംഘടിപ്പിക്കുമെന്ന് വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഓണക്കാലത്ത് കയർഫെഡ് സംഘടിപ്പിക്കുന്ന മിന്നും പൊന്നോണം സ്വർണ സമ്മാന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു.
കയർഫെഡിന്റെ നിലവിലുള്ള ഷോറൂമുകൾക്കും ഏജൻസികൾക്കും പുറമേ സംസ്ഥാനത്തൊട്ടാകെ താത്കാലിക ഓണക്കാല വിപണനശാലകൾ തുടങ്ങുമെന്നു മന്ത്രി പറഞ്ഞു. ഓണം വിപണനശാലകളിൽ നിന്ന് 50 ശതമാനം വരെ ഡിസ്കൗണ്ടിൽ കയർ ഉത്പന്നങ്ങൾ വാങ്ങാം. പുത്തൻ കാലഘട്ടത്തിൽ പുതിയ രൂപത്തിൽ, ഉത്പാദന ക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ടുമാത്രമേ പരമ്പരാഗത വ്യവസായങ്ങൾക്കും മുന്നോട്ടു പോകാൻ കഴിയൂ. ഈ ലക്ഷ്യത്തിലേക്കാണ് കയർ വകുപ്പ് മുന്നേറുന്നത്. പരമ്പരാഗത വ്യവസായ തൊഴിലാളികളെ സംരക്ഷിച്ചും യന്ത്രവൽക്കരണത്തിലൂടെ കമ്പോളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള കയറും കയർ ഉൽപ്പന്നങ്ങളും നിർമ്മിച്ചും ഈ വ്യവസായം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുവാനാണ് സർക്കാരും കയർഫെഡും പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കയർഫെഡിന്റെ നൂതനവും വൈവിധ്യവുമാർന്ന ഉൽപന്നങ്ങളായ റബറൈസ്ഡ് കയർ മെത്തകൾ, കയർ മാറ്റുകൾ, മാറ്റിംഗ്സുകൾ, പി.വി.സി ടഫ്റ്റഡ് മാറ്റുകൾ, റബ്ബർ ബാക്ക്ഡ് ഡോർ മാറ്റുകൾ, കയർ ടൈലുകൾ, വിവിധ ഡിസൈനിലും വർണ്ണത്തിലും അളവിലുമുള്ള കയർ ചവിട്ടികൾ, കയർഫെഡ് കൊക്കോഫെർട്ട് ജൈവവളം, പ്രകൃതിസൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങി നിരവധിയായ ഉത്പന്നങ്ങൾ ഓണക്കാലത്ത് ഓഫറിൽ വാങ്ങാം. കയർഫെഡിന്റെ ബ്രാന്റഡ് ഉത്പന്നമായ കയർഫെഡ് മെത്തകൾക്ക് 50 ശതമാനം വിലക്കുറവും ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത മെത്തകൾ ഒരെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം തികച്ചും സൗജന്യം എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
കയർഫെഡ് ഷോറൂം, പ്രദർശനശാലകൾ, ഏജൻസികൾ എന്നിവിടങ്ങളിൽ നിന്ന് ഓണം വിപണന പദ്ധതി പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് മിന്നും പൊന്നാണം പദ്ധതിപ്രകാരം നറുക്കെടുപ്പിലൂടെ സ്വർണ്ണ സമ്മാന പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കൂപ്പൺ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാശാലിക്ക് സമ്മാനങ്ങൾ ലഭിക്കും. ഒന്നാം സമ്മാനം-3 പവൻ സ്വർണ്ണം, രണ്ടാം സമ്മാനം-2 പവൻ സ്വർണ്ണം, മൂന്നാം സമ്മാനം-1 പവൻ സ്വർണ്ണം എന്നിങ്ങനെയാണ് സമ്മാനങ്ങൾ. കൂടാതെ 50 പേർക്ക് 1 ഗ്രാം വീതം സമാശ്വാസ സമ്മാനങ്ങളും നൽകും.
സർക്കാർ, പൊതുമേഖല, കയർ മേഖല, മറ്റ് പൊതുമേഖലാ മേഖല സ്ഥാപനം, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാർ, അധ്യാപകർ. മാധ്യമപ്രവർത്തകർ എന്നിവർക്ക് 38 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ടിൽ അതത് ഷോറൂമുകളിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ ഉൽപ്പന്നങ്ങൾ സൗജന്യമായി എത്തിച്ച് നൽകും.കയർഫെഡ് പുതുതായി വിപണിയിൽ ഇറക്കുന്ന കയർഫെഡ് ലൈഫ് മാട്രസ് രണ്ട് വ്യത്യസ്ത ഓഫറിൽ ഓണക്കാലത്ത് ലഭിക്കും. 6800 രൂപ വിലയുള്ള ഡബിൾകോട്ട് മെത്ത വാങ്ങുമ്പോൾ അതേ അളവിലുള്ള ഡബിൾ കോട്ട് മെത്ത സൗജന്യമായി ലഭിക്കുന്ന ഓഫറും ഇതേ വിലയുള്ള മെത്ത വാങ്ങുമ്പോൾ എം.ആർ.പി വിലയിൽ നിന്നും 50 ശതമാനം ഡിസ്കൗണ്ട് നൽകി 3400 രൂപ നിരക്കിൽ വാങ്ങാൻ കഴിയും. തിരുവനന്തപുരത്ത് റെഡിഡൻസി ടവറിൽ നടന്ന ചടങ്ങിൽ കയർഫെഡ് പ്രസിഡന്റ് ടി.കെ. ദിവാകരൺ, കയർ വകുപ്പ് ഡയറക്ടർ വി.ആർ. വിനോദ് തുടങ്ങിയവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.