Sections

ക്രിസ്മസ്, പുതുവത്സരം; പരിശോധന കാര്യക്ഷമമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Wednesday, Dec 27, 2023
Reported By Admin
Food Safety Department

വയനാട് ജില്ലയിൽ 111 സ്ഥാപനങ്ങളിൽ പരിശോധന നടത്തി


ക്രിസ്മസ്, പുതുവത്സരം കാലത്ത് സുരക്ഷിതായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിൽ വ്യാപക പരിശോധന നടത്തി. വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി രണ്ട് സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡിസംബർ 19 മുതൽ 23 വരെ ജില്ലയിലെ 111 സ്ഥാപനങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തി. അപാകതകൾ പരിഹരിക്കാൻ 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 35 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കേക്ക്, വൈൻ മുതലായ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന, ബേക്കറി യൂണിറ്റുകൾ, ചില്ലറ വില്പന ശാലകൾ തുടങ്ങിയവ സ്ക്വാഡ് പരിശോധിച്ച് സാമ്പിളുകൾ പരിശോധനയ്ക്ക് കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിക്ക് അയച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം, ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ എന്നിവയാണ് പരിശോധിച്ചത്. ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ക്രിസ്മസ്, പുതുവർഷം പ്രമാണിച്ച് ലൈസൻസില്ലാതെ ഹോം മെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കുന്നവർക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും നിർമ്മിച്ച് വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.