Sections

ചിലക്കൂർ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടർ ടൂറിസത്തിന് ഉണർവേകും

Sunday, Feb 22, 2026
Reported By Admin
Chilakkur Tunnel Revamp Boosts Kerala Water Tourism

  • ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാതയുടെ ഭാഗമായി വർക്കലയിലെ ചിലക്കൂർ തുരങ്കത്തിൻറെ നവീകരണം കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസം പ്രവർത്തനങ്ങൾക്ക് ഉണർവേകും. ചിലക്കൂർ ബീച്ചിനെ ആകർഷണീയമായ ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഇതിലൂടെ സാധിക്കും.

ചിലക്കൂർ ബീച്ച് പാർക്കിൽ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യും. ബീച്ചിൽ നിരവധി ടൂറിസം സംരംഭങ്ങൾക്കും തുടക്കം കുറിക്കും.

സംസ്ഥാന സർക്കാരിൻറെയും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിൻറെ ഉൾനാടൻ ജലഗതാഗതം സാധ്യമാക്കുന്നതിനായി പൂർത്തിയാക്കിയ 350 മീറ്റർ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂർ തുരങ്കം. പിന്നീട് സംസ്ഥാന സർക്കാരിൻറെ ഉൾനാടൻ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഇത് സഞ്ചാരയോഗ്യമാക്കി പുനഃസ്ഥാപിച്ചു.

നവീകരണത്തിൻറെ ഭാഗമായി ശ്രീനാരായണ ഗുരുവിൻറെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാൽ പുറത്തിറക്കും. വർക്കലയുമായുള്ള ശ്രീനാരായണ ഗുരുവിൻറെ അടുത്ത ബന്ധം, പ്രദേശത്തിൻറെ പൈതൃകം, കേരളത്തിൻറെ സാംസ്കാരിക പൈതൃകം എന്നിവയും ഈ ഷോയിൽ ഉണ്ടാകും. ഇതിനു പുറമേ തുരങ്കത്തിൻറെ ഉപരിതലത്തിൽ മാപ്പിംഗ് സാങ്കേതികവിദ്യയുള്ള അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ട്. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കിയത്.

ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരിൽ ബോട്ട് ജെട്ടിയും ബീച്ച് പാർക്കും നിർമ്മിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ യാത്രയ്ക്കും ചരക്ക് നീക്കത്തിനുമായുള്ള ഉൾനാടൻ ജലപാതയിലെ പ്രധാന ഭാഗമായിരുന്ന ചിലക്കൂർ തുരങ്കം ഇപ്പോൾ പൈതൃക കേന്ദ്രമെന്ന നിലയിൽ വീണ്ടും ഉയർന്നുവരികയാണെന്നും ക്വിൽ ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. അതിൻറെ പുരാവസ്തു പ്രാധാന്യം വലുതാണ്. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പായ നവാൾട്ട് ഗ്രീൻ മൊബിലിറ്റി ആണ് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കായി ഇലക്ട്രിക് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 20 പേർക്ക് സഞ്ചരിക്കാനാകും. ഉയർന്ന തീവ്രതയുള്ള നാല് ലേസർ പ്രൊജക്ടറുകൾ, നൂതന സൗണ്ട് സിസ്റ്റം, ബാറ്ററി പവർ എന്നിവ സജ്ജീകരിച്ചിട്ടുള്ള ബോട്ടിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ മികച്ച അനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സർക്കാരിൻറെ വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇത് പൊതു ഗതാഗതം, ചരക്കുനീക്കം, ടൂറിസം തുടങ്ങിയ മേഖലകളിൽ വിപുലമായ അവസരങ്ങൾ തുറന്ന് കേരളത്തിൻറെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്തും.

തെക്കൻ കേരളത്തിലെ ഉൾനാടൻ ജലഗതാഗത്തിൻറെ സുപ്രധാന കണ്ണിയായ ചിലക്കൂർ തുരങ്കത്തിൻറെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.