Sections

പുതിയ ബിസിനസ് തന്ത്രവുമായി ബൈജൂസ് രംഗത്ത്

Tuesday, Jan 17, 2023
Reported By admin
byjus

രക്ഷിതാക്കളും കുട്ടികളും ഇതിനെതിരെ കേസുകൾ നടത്തുകയും ചെയ്യുന്നുണ്ട്


വിൽപ്പന തന്ത്രത്തിൽ പ്രധാന മാറ്റം വരുത്തി എഡ്ടെക് ഭീമൻ ബൈജൂസ്. ഇനിമുതൽ ബൈജൂസിന്റെ സെയിൽസ് ടീം വിദ്യാർത്ഥികളുടെ വീട്ടിലെത്തി വില്പന നടത്തില്ല. ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഭീഷണി ഉയരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ കമ്മീഷൻ കഴിഞ്ഞ മാസം ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു.

ഇനി മുതൽ 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള വീടുകളിൽ കോഴ്സുകൾ വിൽക്കില്ലെന്ന് കമ്പനി ബാലാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പ്രതിമാസം 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള കുടുംബങ്ങൾക്ക് 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന പദ്ധതിയിലൂടെ ബൈജൂസ് സൗജന്യ ക്ലാസുകൾ നൽകും.

മാതാപിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ച് ബൈജൂസ് ടീം സബ്സ്ക്രിപ്ഷൻ നേടുന്നു എന്ന പരാതി ഉയർന്നിരുന്നു. രക്ഷിതാക്കളും കുട്ടികളും ഇതിനെതിരെ കേസുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനുള്ള പരിഹാരമാണ് ബൈജൂസ് കണ്ടിരിക്കുന്നത്. ഇനി മുതൽ നാല് ഘട്ടങ്ങളിലായി ഉപഭോക്താക്കളെ സേവനങ്ങൾ പരിചയപ്പെടുത്തും. വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരിക്കും റീഫണ്ട് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.

ഇതിലൂടെ ഫീസ് റീഫണ്ട് ചെയ്യുമ്പോൾ ഭാവിയിൽ ഉയരാനിടയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കളുമായി നടത്തുന്ന വീഡിയോ കോൺഫറൻസിംഗ് റെക്കോർഡ് ചെയ്ത് കമ്പനി സൂക്ഷിക്കും. മാത്രമല്ല, സാമ്പത്തിക സഹായം ആവശ്യമുള്ള രക്ഷിതാക്കൾക്ക് ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാനുള്ള സൗകര്യവും കമ്പനി നൽകും. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ് ചെലവ് കുറയ്ക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. 2023 മാർച്ചോടെ ലാഭത്തിലെത്താനുള്ള ശ്രമത്തിലാണ് കമ്പനി. നടപ്പ് സാമ്പത്തിക വർഷം രണ്ട് ദശകോടി ഡോളർ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ കച്ചവട തന്ത്രം കമ്പനിയുടെ വരുമാനത്തെ ബാധിച്ചേക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.