Sections

സംരംഭക ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രമുഖ പദ്ധതികള്‍ ഇവയാണ്

Saturday, Nov 27, 2021
Reported By admin
business schemes

എവിടെ നിന്ന് ഏത് പദ്ധതി സ്വീകരിക്കുമെന്ന സംശയങ്ങളും സംരംഭകലോകത്ത് കണ്ടുവരാറുണ്ട്

 

ബിസിനസ് തുടങ്ങാന്‍ എല്ലാ വിധ സൗകര്യങ്ങളും ഉണ്ടെങ്കിലും സ്വന്തം ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നം പണം എവിടെ നിന്ന് സംഘടിപ്പിക്കുമെന്ന ആശയക്കുഴപ്പം തന്നെയാണ്.പല പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുണ്ടെങ്കിലും എവിടെ നിന്ന് ഏത് പദ്ധതി സ്വീകരിക്കുമെന്ന സംശയങ്ങളും സംരംഭകലോകത്ത് കണ്ടുവരാറുണ്ട്.

ഇത്തരം പല പദ്ധതികളിലും ഏറ്റവും സൗകര്യപൂര്‍വ്വം അപേക്ഷിക്കാന്‍ സാധിക്കുന്ന ചില പദ്ധതികളെ കുറിച്ചാണ് ഈ ലേഖനം.മിതമായ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുന്ന പദ്ധതികള്‍ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തിയാല്‍ ബിസിനസിനു പണം കണ്ടെത്താന്‍ ടെന്‍ഷനടിക്കേണ്ടിവരില്ല.

പ്രധാനമായും ഇന്ത്യയില്‍ മൈക്രോ,സ്മാള്‍,മീഡിയം എന്റര്‍പ്രൈസസിനു വേണ്ടി വിവിധ തരം പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണം പിഎംഇജിപി.

പ്രധാന മന്ത്രിയുടെ തൊഴില്‍ദായക പദ്ധതി(പിഎംഇജിപി)വഴി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കും.വെബ് പോര്‍ട്ടല്‍ വഴി www.kviconline.gov.in അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയോ താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ വഴിയോ ഇതിനുള്ള സഹായവും ലഭിക്കും.അപേക്ഷകരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വായ്പ അനുവദിക്കുന്നത്.സബ്‌സിഡി തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷം പിന്നീട് വായ്പയില്‍ നിന്ന് കുറവു ചെയ്യുകയാണ് പിഎംഇജിപിയുടെ രീതി.ആരംഭിച്ച വ്യവസായം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ വ്യവസായ യൂണിറ്റ് വികസനത്തിനായും വായ്പ ലഭിക്കും.

ഇനി സംരംഭകര്‍ക്ക് ആശ്രയിക്കാവുന്ന മറ്റൊരു പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം. 51 ശതമാനം എങ്കിലും ഓഹരി വനിതയുടേതോ അല്ലെങ്കില്‍ ദലിത് അംഗത്തിന്റെയോ പേരിലുള്ള സംരംഭത്തിനാണ് ഈ വായ്പ സഹായം ലഭിക്കുക.ഉത്പാദന വ്യവസായം,കച്ചവടം,വിപണനം,സേവന സംരംഭങ്ങള്‍ എന്നിവ ആരംഭിക്കാന്‍ 10 ലക്ഷം രൂപ മുതല്‍ 1 കോടി വരെ വായ്പ ലഭിക്കും.25 ശതമാനം മാര്‍ജ്ജിന്‍ തുകയാണ്.7 വര്‍ഷം കൊണ്ട് തുക തിരിച്ചടച്ചാല്‍ മതിയാകും.18 മാസം വരെ മൊറട്ടോറിയം ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.standupmitra.in സന്ദര്‍ശിക്കാം.

ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള പലിശയിളവിനായി ഉദ്യം രജിസ്‌ട്രേഷനും ജിഎസ്ടി രജിസ്‌ട്രേഷനുമുള്ള എംഎസ്എംഇ പദ്ധതികളുടെ ഒരു കോടി രൂപവരെയുള്ള വായ്പകള്‍ക്ക് രണ്ട് ശതമാനം പലിശയിളവ് സിഡ്ബി മുഖേന ലഭിക്കുന്നതിനായി www.champions.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഇനി സംരംഭകര്‍ക്ക് ആശ്രയിക്കാവുന്ന പദ്ധതിയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി വ്യവസായ യൂണിറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന സംരംഭകത്വ വികസന പരിപാടി.50 ലക്ഷം രൂപവരെ ഈ പദ്ധതി അനുസരിച്ച് വായ്പ അനുവദിക്കും.10 ശതമാനമാണ് പലിശയെങ്കിലും മൂന്ന് ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ വഹിക്കും.വായ്പ തിരിച്ചടവിന് മൊറട്ടോറിയവും ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfc.org

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി കിരണ്‍ വായ്പ പദ്ധതി.കോവിഡിന്റെ പശ്ചാത്തലത്തില്‍ നോര്‍ക്കയുമായി സഹകരിച്ച് മൂലധന-പലിശ സബ്‌സിഡിയോടെ നടപ്പാക്കിയിട്ടുണ്ട്.വിശദവിവരങ്ങള്‍ക്കായി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡുമായി ബന്ധപ്പെടാവുന്നതാണ് www.keralacobank.com


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.